രണ്ട് വര്‍ഷത്തിന് ശേഷം തല അജിത് കുമാര്‍ പ്രേക്ഷകരിലെത്തുന്ന ചിത്രമാണ് 'വലിമൈ'. പിങ്ക് റീമേക്കായ നീര്‍ക്കൊണ്ട പറവൈക്ക് ശേഷം എച്ച് വിനോദ് സംവിധാനവും ബോണി കപൂര്‍ നിര്‍മ്മാണവും നിര്‍വഹിച്ച അജിത് കുമാര്‍ ചിത്രം. മേയ് ഒന്നിന് 'തല'യുടെ ജന്മദിനത്തില്‍ 'വലിമൈ' ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് നേരത്ത വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഉണ്ടായില്ല. ജൂലൈ പതിനഞ്ചിന് 'വലിമൈ' ഫസ്റ്റ് ലുക്കും റിലീസ് ഡേറ്റും പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ അപ്‌ഡേറ്റ്.
'തീരന്‍ അധികാരം ഒന്‍ട്ര്' എന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ഒരുക്കിയ എച്ച് വിനോദ് ഇക്കുറി തലക്കൊപ്പം കൈകോര്‍ത്തിരിക്കുന്നത് ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറിനായാണ്. പൊലീസ് ഫോഴ്‌സില്‍ നിന്ന് നിരന്തരം അവഹേളനം നേരിടുന്ന കരുത്തനായ ഉദ്യോഗസ്ഥന്റെ റോളിലാണ് അജിത് കുമാര്‍. മങ്കാത്തയ്ക്കും എന്നൈ അറിന്താലിനും ശേഷം അജിത് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നു. എന്നെ അറിന്താല്‍ എന്ന സിനിമയില്‍ അജിത് അവതരിപ്പിച്ച സത്യദേവ് എന്ന പൊലീസ് ഓഫീസറെ കേന്ദ്രകഥാപാത്രമാക്കി കോപ് ത്രില്ലര്‍ ഒരുക്കുമെന്ന സൂചന മുമ്പ് ഗൗതം മേനോന്‍ പങ്കുവച്ചിരുന്നു.
ബോണി കപൂറിനൊപ്പം സീ സ്റ്റുഡിയോസും സിനിമയുടെ നിര്‍മാണപങ്കാളികളാണ്. വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ 200 കോടി പിന്നിട്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ചിത്രം ബിജില്‍ 220 കോടി പ്രി റിലീസ് ബിസിനസിലൂടെ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തമിഴില്‍ ഒരു സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ഹുമാ ഖുറേഷിയാണ് വലിമൈയിലെ നായിക. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൗണ്ടയും പ്രധാന റോളിലുണ്ട്. മലയാളത്തില്‍ നിന്ന് പേളി മാണി, ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും താരങ്ങളായുണ്ട്.
നിരവ് ഷാ ക്യാമറയും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 2019ലാണ് വലിമൈ ഷൂട്ടിംഗ് ആരംഭിച്ചത്. രാമോജി റാവു ഫിലിം സിറ്റി, ചെന്നൈ രേഖാ ഗാര്‍ഡന്‍ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത് അപകടത്തില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
കൊവിഡില്‍ ഇന്ത്യയിലെ ഷൂട്ടിംഗ് മുടങ്ങിയതിന് പിന്നാലെ സ്വിറ്റ്‌സര്‍ലണ്ടിലാണ് സുപ്രധാന ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്തത്. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഉള്‍പ്പെടെ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിന്റെ ഭാഗമായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2020 നവംബര്‍ 12ന് ദീപാവലി റിലീസായി ആലോച്ചിരുന്ന ചിത്രമായിരുന്നു വലിമൈ.