Film News

'ചത്ത ആളുടെ പടം വയ്ക്കാനല്ലേ? സൗകര്യമില്ലെന്ന് പറഞ്ഞതാണ്' ; പക്ഷേ പിന്നെ ഭ​ഗവാൻ ദാസനായി മാറിയെന്ന് ടിജി രവി

ഭ​ഗവാൻ ദാസന്റെ ​രാമ​രാജ്യം എന്ന ചിത്രത്തിലേക്ക് മരിച്ച ഒരാളുടെ കഥാപാത്രത്തെ കാണിക്കാനായി ഫോട്ടോയ്ക്ക് വേണ്ടി വന്ന അണിയറപ്രവർത്തകർ പിന്നീട് തന്നെ ചിത്രത്തിലേക്ക് വിളിക്കുകയായിരുന്നുവെന്ന് നടൻ ടിജി രവി. ഭ​ഗവാൻ ​ദാസന്റെ രാമരാജ്യം എന്ന സിനിമയിൽ പൊളിറ്റിക്ക്സ് ഉണ്ടെന്നും കക്ഷി രാഷ്ട്രീയമല്ലാതെ ഇന്ത്യൻ പൊളിറ്റിക്ക്സ് സംസാരിക്കുന്ന സിനിമയാണ് അതെന്നും ടി.ജി രവി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഭഗവാന്‍ ദാസന്റെ രാമരാജ്യം'.

ടി.ജി രവി പറഞ്ഞത്.

ഞാന്‍ ആ സിനിമയില്‍ അഭിനയിക്കേണ്ട ആളെ ആയിരുന്നില്ല. ഒരു ദിവസം എന്റെ മകന്‍ വിളിച്ച് പറയുകയാണ് എന്റെ സുഹൃത്തുക്കള്‍ കുറച്ചു പേര് ഒരു സിനിമ ചെയ്യുന്നുണ്ട് അവര്‍ക്ക് അച്ഛന്റെ ഒരു പടം വേണം എന്ന്. ചത്ത ആളുടെ പടം വയ്ക്കാനല്ലേ? എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞു. എന്നാൽ മകന് ആ സിനിമയില്‍ താല്‍പര്യം തോന്നി അവന്‍ ആ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എന്റെ കൂട്ടുകാരാണെന്ന് പറഞ്ഞു. അങ്ങനെയാണ് അവരോട് വരാന്‍ പറഞ്ഞത്. പക്ഷേ അവർ വന്നിട്ട് എന്നോട് കഥ പറയാന്‍ തുടങ്ങി. നിങ്ങളെന്തിനാ എന്നോട് കഥ പറയുന്നത് ചത്ത ആളുടെ പടം വയ്ക്കാന്‍ വന്നതല്ലേ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങളുടെ ക്യാമറമാന്‍ എപ്പോഴാണ് റെഡിയാകുന്നതെന്ന് വച്ചാല്‍ വന്ന് പടം എടുത്തിട്ട് പോക്കോളൂ എന്ന് പറഞ്ഞു. എന്നാലും ചേട്ടാ ഈ കഥ ഒന്നു കേള്‍ക്കു എന്ന് പറഞ്ഞ് അവർ കഥ മുഴുവന്‍ എന്നോട് പറഞ്ഞു. ഞാനത് ഈ ചെവിയില്‍ക്കൂടി കേട്ടു, ഈ ചെവിയില്‍ക്കൂടി കളഞ്ഞു, കാരണം എനിക്ക് ആവശ്യമുള്ളതല്ലല്ലോ അത്. അവര്‍ പോയ ഉടനെ ശ്രീജിത്തിനെ വിളിച്ചു. എടാ നിന്റെ അച്ഛന് ഒരു കുഴപ്പവുമില്ലല്ലോ എന്ന് ചോദിച്ചു. മൂപ്പര് വയ്യാണ്ട് ഇരിക്കയാണെന്നാ ഞങ്ങള്‍ അറിഞ്ഞത്. ഞങ്ങളുടെ ഭഗവാന്‍ ദാസന്‍ മൂപ്പരാണ് കേട്ടോ എന്ന് പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ് പറയാം എന്നാണ്. കാരണം അതേ ഡേറ്റ് എന്നോട് മറ്റൊരാള്‍ ചോദിച്ചിരുന്നു. പിന്നെയാണ് ഞാന്‍ അവരെ വിളിച്ച് പറഞ്ഞത് ഇത് ‍ഞാൻ ചെയ്യാട്ടോ എന്ന്.

ചിത്രത്തിന്റെ പേരിലെ രാമരാജ്യം എന്ന് കേൾക്കുമ്പോൾ പ്രശ്നം തോന്നുന്നവരെക്കോൾ കൂടുതൽ പ്രശ്നം അതിന്റെ സംവിധായകന്റെ പേര് റഷീദ് എന്ന് കേൾക്കുമ്പോളായിരിക്കും എന്നും ടി.ജി രവി പറയുന്നു. ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് 'ഭഗവാൻ ദാസൻെറ രാമരാജ്യം'. 'ചില സാങ്കേതിക കാരണങ്ങളാൽ' എന്ന ഷോർട്ട് ഫിലിമിൽ സംസാരിച്ച ഒരു പൊളിറ്റിക്സ് ഈ സിനിമയിലും ഉണ്ടാകുമെന്ന് സംവിധായകൻ റഷീദ് പറമ്പിൽ മുമ്പ് ക്യുസ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ബാലെ അവതരിപ്പിക്കുന്ന ടീമും അവർ നേരിടുന്ന പ്രശ്നങ്ങളും ഒക്കെയാണ് സിനിമ സംസാരിക്കുന്നത്.

റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയിലാണ് ചിത്രം നിർമിക്കുന്നത്. നന്ദന രാജൻ, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ജൂലൈ 21ന് തിയറ്ററുകളില്‍ എത്തും.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT