നടൻ ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ സുതപ സിക്ദർ. ഇർഫാൻ ഖാൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കും 2024 ലെ തങ്ങളുടെ സംഭാഷണം എന്ന് പറയുകയാണ് ഭാര്യ സുതപ.
സുതപ സിക്ദറിന്റെ പോസ്റ്റ്:
ഇർഫാൻ എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 4 വർഷം മൂന്ന് ദിവസം. നാലു വർഷങ്ങൾ? ഒരു കുറ്റബോധം എൻ്റെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ട്. 4 വർഷം ഞങ്ങൾ അവനില്ലാതെ ജീവിച്ചു, സങ്കടവും ഭയവും നിരാശയും കടുത്ത നിസ്സഹായതയുമായി. പിന്നീട് ഞാൻ ചിന്തിച്ചു ഞാൻ അദ്ദേഹത്തോടൊപ്പം കൂടുതൽ കാലം ജീവിച്ചല്ലോയെന്ന്. 1984 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഞാൻ കൂടുതലായി അറിയാൻ തുടങ്ങിയിട്ട് 36 വർഷമായിരിക്കുന്നു. അവനില്ലെങ്കിലും അവനോടൊപ്പം എന്റെ മരണം വരെ ഞാനുണ്ടായിരിക്കും.
2024 ൽ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സംഭാഷണം എങ്ങനെയായിരിക്കുമെന്ന് ഞാൻ ആലോചിച്ചു. കാരണം ഞാനിന്ന് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന കാര്യം അതാണ്.
2024-ൽ ഷൂട്ട് കഴിഞ്ഞ് ഇർഫാൻ നേരെ വീട്ടിലെത്തും, ഞങ്ങളുടെ പൂച്ചയെ ലാളിച്ചുകൊണ്ട് പുസ്തകം വായിക്കും.
ഞാൻ: നിങ്ങൾ ചംക്കില കാണണം. ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ ഇർഫാൻ എന്നെ നോക്കില്ല. ( ഇർഫാൻ പുസ്തകം വായിക്കുന്ന സമയത്ത് ഒരിക്കലും അങ്ങനെ ചെയ്യാറില്ല)
ഞാൻ: അയാൾ എന്ത് രസമാണ്, എനിക്ക് അദ്ദേഹത്തിന്റെ പെർഫോമൻസ് ഒത്തിരി ഇഷ്ടപ്പെട്ടു.
ഇർഫാൻ: ആണോ ? ആരുടെ?
ഞാൻ: അരേ യാർ ദിൽജിത് ദോസാഞ്ച്..
ഇർഫാൻ: (എന്നെ നോക്കിയിട്ട്) ആഹാ?, അദ്ദേഹം അത്രയും മികച്ചതായിട്ട് നിനക്ക് തോന്നിയോ?
ഞാൻ: പിന്നെ തീർച്ചയായിട്ടും, ക്വിസ്സയ്ക്കും ടു ബ്രദേഴ്സിനും ശേഷം നിങ്ങളൊരു സർദാറായി വീണ്ടും അഭിനയിക്കണം, അതിൽ നിങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യണം. അതൊരു മാജിക്കായിരിക്കും
ഇർഫാൻ: ഹം.. (അദ്ദേഹത്തിന്റെ ഫോൺ അടിക്കുന്നു.) ഹേ ദിനു (ദിനേശ് വിജയൻ) എടാ.. സുതാപ പറയുന്നു ദിൽജിത് ദോസഞ്ച് അടിപൊളിയാണെന്ന്.
ഞാൻ: അടിപൊളിയല്ല, കിടിലനാണ്.
ഇർഫാൻ: അതെടാ.. നമുക്ക് എന്തെങ്കിലും ചെയ്യാം. ഈ പഞ്ചാബി സൂഫി കവികളെക്കുറിച്ച് എന്തെങ്കിലും. ഞാൻ ഇന്ന് തന്നെ ചംകീല കാണാം. ശേഷം അദ്ദേഹം ഇയർ ഫോണിൽ ശ്രദ്ധിച്ചു കൊണ്ട് പറയും. അരേ യാർ സുതുപ് ഇർഷാദ് എന്താണീ എഴുതി വച്ചിരിക്കുന്നത്. (അദ്ദേഹത്തിന് ഇർഷാദ് കാമിലിനെ ഇഷ്ടമായിരുന്നു) വിദാ കരോ എന്ന പാട്ട് നീ കേട്ടോ? എന്തൊരു പാട്ടാണ് അത്. എന്നിട്ട് അദ്ദേഹവും അദ്ദേഹത്തിന്റെ മാനേജർ മൻപ്രീതും ഒരുമിച്ചിരിക്കുമ്പോൾ അദ്ദേഹം മൻപ്രീതിനോട് എനിക്കൊരു മലയാള സിനിമ ചെയ്യണമെന്ന് പറയും. ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം എന്ന്. ശേഷം ബോളിവുഡ് അതിൻ്റെ വഴിക്ക് മാറ്റം വരുത്തിയില്ലെങ്കിൽ എന്ന് തുടങ്ങി കുറേ കാര്യങ്ങൾ സംസാരിക്കും, അവസാനം ഞാൻ ഒരു മലയാളം സിനിമ ചെയ്യും എന്ന് അദ്ദേഹം പറയും. 2024 ൽ ഞങ്ങൾ സംസാരിക്കുക ഇതായിരിക്കും.