'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ഇമേജിലേക്ക് താരം തിരിച്ചെത്തുന്ന നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രം 'കാവല്‍' അനൗണ്‍സ് ചെയ്തത് മുതല്‍ ആ കാത്തിരിപ്പുണ്ടാക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ന് പുറത്തുവിട്ട ഫോട്ടാ മറ്റൊരു കൗതുകം കൊണ്ടും ശ്രദ്ധ നേടുന്നു.
പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് ഇന്ന് സുരേഷ് ഗോപി ഷെയര്‍ ചെയ്തിരിക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പിള്ളി പൊലീസുകാരനെ ചവിട്ടിനിര്‍ത്തുന്ന മാസ് രംഗമുണ്ടായിരുന്നു. മോഹന്‍ലാല്‍ കാല് മുഴുവനായി ഉയര്‍ത്തിയാണ് പൊലീസുകാരനെ ഭയപ്പെടുത്തുന്നതെങ്കില്‍ സുരേഷ് ഗോപിയാകട്ടെ മുട്ടുകാല്‍ നെഞ്ചില്‍ ചവിട്ടിയാണ് പൊലീസിനെ ഭയപ്പെടുത്തുന്നത്.
ചിത്രത്തിന് ലൂസിഫറിലെ ആക്ഷന്‍ രംഗവുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല മറിച്ച് താന്‍ തന്നെ അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് കാവലിലെ രംഗമെന്ന് സുരേഷ് ഗോപി അതിന് കമന്റിലൂടെ തന്നെ മറുപടി നല്‍കി.
ഹൈറേഞ്ചിലെ ശക്തനായ കഥാപാത്രമായാണ് കാവലില്‍ സുരേഷ് ഗോപി എത്തുക. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.' എന്നാണ് നല്‍കിയിരിക്കുന്ന തലവാചകം. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.
നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 സംവിധാനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും തിരക്കഥ വൈകുന്നതിനാല്‍ മറ്റൊരു സിനിമയിലേക്ക് നിഥിന്‍ രണ്‍ജി പണിക്കര്‍ കടക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ലാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന റോളിലുണ്ട്.
സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം