സുരേഷ് ഗോപി നായകനാകുന്ന 'കാവൽ' രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ 7ന് തുടങ്ങും. മമ്മൂട്ടി ചിത്രം 'കസബ'യ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന 'കാവൽ' കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെയ്ക്കുകയായിരുന്നു. പാലക്കാടും വണ്ടിപ്പെരിയാറിലുമായാണ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണങ്ങൾ നടക്കുക. രണ്ടാഴ്ചത്തെ ഷൂട്ടിങ് കൂടി കഴിഞ്ഞാൽ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
'കാവലി'ൽ സുരേഷ് ഗോപിയോടൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂർ - പ്രൊഡക്ഷൻ കൺട്രോളർ, പ്രദീപ് രംഗൻ - മേയ്ക്കപ്പ്, മോഹൻ സുരഭി - സ്റ്റിൽസ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന് എന്നാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.