Film News

ഓര്‍ക്കുന്നോ ‘മെട്രോയിലെ പാമ്പ്’ ? ഫേക്ക് ന്യൂസ് ഇരയായ എല്‍ദോയായി സുരാജ്

THE CUE

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. 'മെട്രോയിലെ പാമ്പെ'ന്നായിരുന്നു വൈറലായ ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നാല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോവുകയായിരുന്ന അങ്കമാലി സ്വദേശി എല്‍ദോ അവശത കൊണ്ട് കിടന്നു പോയി എന്നതായിരുന്നു ചിത്രത്തിന്റെ യാഥാര്‍ഥ്യം.

തനിക്കെതിരെ ഉയര്‍ന്ന അപവാദ പ്രചരണങ്ങളോട് സ്വന്തം വാക്കുകള്‍ കൊണ്ട് പ്രതികരിക്കാന്‍ പോലും എല്‍ദോക്ക് കഴിയില്ലായിരുന്നു. കാരണം സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്തയാളയിരുന്നു എല്‍ദോ. സത്യം തിരിച്ചറിഞ്ഞതോടെ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ ഒന്നടങ്കം മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലാവുകയും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് വികൃതി.

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസാണ്. സൗബിനും സുരാജ് വെഞ്ഞാറമ്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും.

സംഭവത്തിന് ഇരയാക്കപ്പെട്ട വ്യക്തിയായെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്. ഇന്നലെ നടന്ന ഓഡിയോ ലോഞ്ചില്‍ സൗബിനും സുരാജും തന്നെയാണ് സിനിമ ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് അറിയിച്ചത്.

സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഭഗത് മാനുവല്‍, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, വിന്‍സി, മറീന മൈക്കിള്‍, ഗ്രേസി, റിയ, പൗളി വത്സന്‍, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് വികൃതി നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT