അന്തരിച്ച കലാ സംവിധായകന്‍ സുനില്‍ ബാബുവിനെക്കുറിച്ചുള്ള ഓര്‍മകലുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ഹൃദയം നോവുന്നു. തന്റെ പകരം വെക്കാനില്ലാത്ത കഴിവുകളെക്കുറിച്ച് ഒച്ചപ്പെടാതെ, നിശബ്ദനായി ആവേശത്തോടെ ജോലിയില്‍ ഏര്‍പ്പെട്ട ദയാലുവായ ആത്മാവ്. ഓര്‍മ്മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. ഇതുമായി പൊരുത്തപ്പെടാനാവുന്നില്ല. നിങ്ങളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും നിങ്ങളെ സ്‌നേഹിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു' വെന്ന് ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അനന്തഭദ്രം എന്ന ചിത്രത്തിലൂടെ കലാ സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയ സുനില്‍ ബാബു ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്സ്, സീത രാമം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദാനപ്പെട്ട ഒട്ടേറെ സിനിമകളുടെ ഭാഗമായിരുന്നു. വിജയ് നായകനാവുന്ന വാരിസിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. ചിത്രം ഈ മാസം റിലീസിനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായി ഹൃദായഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെട്ടത്. ദുല്‍ഖറിനെ കൂടാതെ സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ സുനില്‍ ബാബുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
സുനില്‍ ബാബുവിന്റെ മരണം തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. കൂടെ ചേര്‍ത്ത് പിടിക്കാവുന്ന പ്രിയപ്പെട്ട ഓര്‍മ്മകള്‍ എനിക്ക് കൂടെയുണ്ട്. റെസ്റ്റ് ഇന്‍ പീസ് ഡിയര്‍ സുനില്‍ എന്നാണ് അഞ്ജലി മേനോന്‍ ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവച്ചത്.
പകരം വെക്കാനില്ലാത്ത ടെക്നിഷ്യനെ, പ്രൊഡക്ഷന്‍ ഡിസൈനറെ, സഹപ്രവര്‍ത്തകനെ, സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്. വര്ഷങ്ങള്‍കൊണ്ടുള്ള ധാരാളം ഓര്‍മ്മകളുണ്ടെങ്കിലും ഇപ്പോള്‍ വാക്കുകള്‍ തോറ്റുപോകുന്നു. നിങ്ങളുടെ ചിരി എപ്പോഴും, എക്കാലവും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും' എന്ന് നീരജ് പാണ്ഡേയും ട്വീറ്റ് ചെയ്തു.
ഹൃദയഭേദകവും ഗ്രഹിക്കാനാവാത്തതുമാണ്. അവര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. ജീവിതം ന്യായരഹിതവും പ്രവചനാതീതവുമാകുമെന്ന് ഇത് വീണ്ടും കാണിച്ചു തരികയാണ്. സുനില്‍ബാബു സാര്‍ സമാധാപൂര്‍വ്വം വിശ്രമിക്കൂ. ലോകം നിങ്ങളെ മിസ് ചെയ്യു' മെന്ന് സംവിധായകന്‍ ഹനു രാഘവപുടിയും ട്വീറ്റ് ചെയ്തു.
കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് സുനില്‍ ബാബു സിനിമാ രംഗത്തെത്തുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് എന്നീ ബോളിവുഡ് സിനിമകളിലും സുനില്‍ ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം അമൃത ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്.