തീയറ്ററുകൾ അടഞ്ഞുകിടക്കുമ്പോഴും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും വീട്ടിലെ ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. കൊവിഡ് ലോക്ഡൗൺ പ്രതിസന്ധിയിൽ എല്ലാ വർഷവും എത്തുന്ന ഓണം തീയറ്റർ റിലീസുകൾ മുടങ്ങുമ്പോൾ ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളിലേയ്ക്കും മിനി സ്ക്രീനിലേയ്ക്കും ഇത്തവണത്തെ ഓണക്കാഴ്ച്ചകൾ ഒതുങ്ങും. ഓണം റിലീസിനായി ഒരുക്കിയ പല ചിത്രങ്ങളും റിലീസ് നീട്ടി തീയറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. എങ്കിലും ബദൽ മാർഗമായി വന്ന ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും അവയിൽ ചിലത് പ്രേക്ഷകരിലേയ്ക്ക് എത്തും.
ഓണം പ്രീമിയർ ചിത്രങ്ങളും പ്രത്യേക പരിപാടികളും 2020: ഏഷ്യാനെറ്റ്
ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ആണ് മിനി സ്ക്രീനിലൂടെ ആദ്യമായി പ്രീമിയറിനൊരുങ്ങുന്ന ഓണച്ചിത്രം. തിരുവോണദിനത്തിൽ ഏഷ്യാനെറ്റിലൂടെയാണ് ചിത്രമെത്തുക. ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്ന ‘സൂഫിയും സുജാതയും’, ദുൽഖർ സൽമാൻ നായകനാകുന്ന 'കണ്ണും കണ്ണും കൊള്ളയടിതാൾ', 'പെട്രോമാസ്', 'കപ്പേള', 'പൊന്മകൾ വന്താൽ', 'പെൻഗിൻ' എന്നീ ചിത്രങ്ങളുടെ പ്രീമിയർ ഷോ കൂടാതെ 'ഫോറൻസിക്', 'ഗീതാഗോവിന്ദം', 'ട്രാൻസ്' എന്നിവയും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
ഏഷ്യനെറ്റിൽ മോഹൻലാലിന്റെ ലങ്കാലക്ഷ്‌മി
മോഹൻലാൽ നയിക്കുന്ന ‘ലാലോണം നല്ലോണം’ ആണ് ഇത്തവണ ഏഷ്യാനെറ്റ് ഓണം സ്പെഷ്യൽ പ്രോഗ്രാം. മോഹൻലാൽ രാവണനും വിഭീഷണനും കുംഭകർണനുമായി വേഷമിടുന്ന ‘ലങ്കാലക്ഷ്മി എന്ന നാടകം, പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ചാറ്റ് ഷോ, പ്രശസ്തഗായകരായ സിതാര, സച്ചിൻ വാരിയർ, നജിം അർഷാദ്, നേഹ വേണുഗോപാൽ, നിഷാദ്, രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും, ആര്യ ദയാലും പ്രയാഗ മാർട്ടിനും ഒന്നിക്കുന്ന ‘അന്താക്ഷരി’, മോഹൻലാൽ, ഹണി റോസ്, പ്രയാഗ മാർട്ടിൻ, അനുശ്രീ, ദുർഗ, നിഖില വിമൽ, രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന നൃത്തപരിപാടി, വള്ളപ്പാട്ട്, വള്ളസദ്യ, എന്നിവ ചേർന്നതാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ‘ലാലോണം നല്ലോണം’.
ഓണം പ്രീമിയർ ചിത്രങ്ങളും പ്രത്യേക പരിപാടികളും 2020: സീ കേരളം
സീരിയൽ താരങ്ങൾ ഒന്നിക്കുന്ന പ്രത്യേക പരിപാടി ‘ഓണം ബംപർ’ ആദ്യ എപിസോഡ് ശനിയാഴ്ച വൈകീട്ട് ആറിന് സീ കേരളത്തിൽ സംപ്രേഷണം ചെയ്യും. ‘ഫണ്ണി നൈറ്റ്‌സി’ന്റെ ഓണപ്പതിപ്പ് ‘ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം’ ശനിയാഴ്ച ഏഴു മണിക്ക് പ്രേക്ഷകരിലെത്തും. ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ ചിത്രം ‘കുട്ടിമാമ’, ആസിഫലിയും ഉണ്ണി മുകുന്ദനും ഒന്നിച്ച ‘അവരുടെ രാവുകൾ’, ‘ടു സ്റ്റേറ്റ്സ്’ എന്നിവയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഓണച്ചിത്രങ്ങൾ.
ഓണം പ്രീമിയർ ചിത്രങ്ങളും പ്രത്യേക പരിപാടികളും 2020: മഴവിൽ മനോരമ
'ഒടിയൻ', 'ഫൈനൽസ്', 'വിജയ് സൂപ്പറും പൗർണമിയും', 'ആദി', 'വാനം കൊട്ടട്ടും', 'ഞാൻ പ്രകാശൻ', 'ഓ മൈ കടവുളേ', 'വെളിപാടിന്റെ പുസ്തകം', 'തമാശ', എന്നിവയാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങൾ. 'സൂപ്പർ 4 മ്യൂസിക് റിയാലിറ്റി ഷോ'യാണ് ഓണാഘോഷങ്ങൾക്ക് തുടക്കമായി മഴവിൽ ലോഞ്ച് ചെയ്ത പരിപാടി. നടി അഹാനയും കുടുംബവും അതിഥികളായി എത്തുന്ന ഓണം സ്പെഷ്യൽ 'ഉടൻ പണം' തിരുവോണദിനത്തിൽ സംപ്രേക്ഷണം ചെയ്യും. അനുശ്രീ നയിക്കുന്ന 'അത്തം പത്തു രുചി' പാചക പരിപാടി, പ്രത്യേക കോമഡി പരിപാടി 'മഹാബലി ലൈവ്' എന്നിവയാണ് മഴവിൽ ഓണം സ്പെഷ്യൽ പരിപാടികൾ.
ഓണം പ്രത്യേക പരിപാടികൾ 2020: ഫ്ലവേഴ്സ്
ഫ്‌ളവേഴ്‌സ് 'ടോപ് സിംഗർ' ഗ്രാൻഡ് ഫിനാലെ 31 തിങ്കളാഴ്ച കാണാം. സീരിയൽ മിമിക്രി താരങ്ങൾ പങ്കെടുക്കുന്ന ഫ്ലവേഴ്സ് 'സ്റ്റാർ മാജിക്കി'ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ കുഞ്ചാക്കോ ബോബൻ അതിഥിയായെത്തും.
ഓണം പ്രീമിയർ ചിത്രങ്ങളും പ്രത്യേക പരിപാടികളും 2020: സൂര്യ
ഓണം സ്പെഷ്യൽ പാചക പരിപാടി 'സിഗിംഗ് ഷെഫ്', 'രുചിയാത്ര', കോമഡി പ്രോഗ്രാം 'ജോൺ ജാഫർ ജനാർദ്ദനൻ', പൃഥ്വിരാജ് സ്പെഷ്യൽ പ്രോഗ്രാം 'മധുരപ്പതിനെട്ടിൽ പൃഥ്വി', 'ഓണമാമാങ്കം' എന്നിവയാണ് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഓണപ്പരിപാടികൾ.
ദുൽഖർ ചിത്രം 'വരനെ ആവശ്യമുണ്ട്', പൃഥ്വിരാജ്, ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' എന്നിവയാണ് സൂര്യ ടിവിയുടെ ഓണച്ചിത്രങ്ങൾ.
ഓണച്ചിത്രങ്ങൾ 2020: കൈരളി
'ഗൗതമന്റെ രഥം', 'കൊടി', '24', 'പായുംപുലി' എന്നിവയാണ് ഈ ഓണദിവസങ്ങളിൽ കൈരളിയിൽ സംപ്രേഷണം ചെയ്യുന്ന പ്രധാന ചിത്രങ്ങൾ.