മോഹൻലാലിന് വേണ്ടി 'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമ എഴുതി തുടങ്ങിയതിന്റെ തുടർച്ചയായാണ് പിന്നീട് ത്രില്ലർ സിനിമകളിലേക്ക് ചുവടുമാറ്റം സംഭവിച്ചത് എന്ന് തിരക്കഥകൃത്തും സംവിധായകനുമായ എസ്.എൻ സ്വാമി. ഒരു സിനിമ വിജയിക്കാനും പരാജയപ്പെടാനും നിരവധി കാരണങ്ങൾ ഉണ്ടാകും. സിബിഐ സീരീസിലെ ആദ്യത്തേതിനേക്കാൾ വൻ വിജയമായിരുന്നു മൂന്നാം ഭാഗം. എന്നാൽ അതേ സമയം അഞ്ചാം ഭാഗം വിജയിക്കാതെ പോയതിൽ അതിന്റേതായ കാരണങ്ങളുണ്ട് എന്നും എസ്. എൻ സ്വാമി പറയുന്നു. സിബിഐ ആറാം ഭാഗം ഇനി ചെയ്യുക എന്നത് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും എസ്.എൻ സ്വാമി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എസ്.എൻ സ്വാമി പറഞ്ഞത്:
മോഹൻലാലിന് വേണ്ടി ഒരു ത്രില്ലർ എഴുതണമെന്ന് വന്നപ്പോഴാണ് 'ഇരുപതാം നൂറ്റാണ്ട്' എഴുതിയത്. അത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിന്റെ തുടർച്ചയായി അത്തരത്തിലുള്ള നിരവധി സിനിമകൾ വന്നുചേർന്നു. എല്ലാവരും ഹിറ്റ് സിനിമകൾ ചെയ്യാൻ ആണല്ലോ ശ്രമിക്കുന്നത്. എന്നാലും ഒരു സിനിമ വിജയിക്കാനും പരാജയപ്പെടാനും നിരവധി കാരണങ്ങൾ ഉണ്ടാകും. സിബിഐ സീരീസിലെ ആദ്യത്തേതിനേക്കാൾ വൻ വിജയമായിരുന്നു മൂന്നാം ഭാഗം, എന്നാൽ അഞ്ചാം ഭാഗം മുൻപത്തെപ്പോലെ അത്ര വിജയിക്കാത്തതിനും കാരണമുണ്ട്. ഞാനങ്ങനെ ഒരു സിനിമയുടെ വിജയത്തെ കുറിച്ചോ പരാജയത്തെക്കുറിച്ചോ ഒരുപാട് ചിന്തിക്കാറില്ല.. സിബിഐ ആറാം ഭാഗം എന്നത് മുൻകൂട്ടി തീരുമാനിക്കാവുന്ന ഒരു വിഷയമല്ല. അത്തരത്തിൽ ഒരു കഥയ്ക്ക് പറ്റിയ ത്രഡ് ഉണ്ടാവണം. ഇതുവരെ ഇറങ്ങിയ സിബിഐ സിനിമകളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയം ആയിരിക്കണം. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ഒത്തുവന്നാൽ അപ്പോൾ ആലോചിക്കാം.
1988ല്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗമായി എത്തിയ ചിത്രമായിരുന്നു സിബിഐ 5 ദ ബ്രെയിന്‍. ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. മമ്മൂട്ടിയെക്കൂടാതെ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സായ്കുമാര്‍, ആശാ ശരത്, അനൂപ് മേനോന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.