രാജി വയ്ക്കുന്നു എന്ന് വാട്ട്സ്ആപ്പ് മെസേജിലൂടെ അറിയിക്കുകയല്ലാതെ ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല എന്ന് ഗായകരുടെ സംഘടനയായ സമം (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം). അദ്ദേഹത്തിന്റെ രാജിയുടെ കാര്യം എക്സിക്യൂട്ടീവ് യോഗം കൂടിയിട്ട് മാത്രമേ തീരുമാനിക്കാനാവൂ എന്നും പെട്ടന്നുണ്ടായ ഒരു വികാര വിക്ഷോഭത്തിൽ സംഭവിച്ച കാര്യമായേ ഇത് കരുതാനാവൂ എന്നും സംഘടന പറഞ്ഞു. സമം ഒരു ചാരിറ്റബിൾ ഓർഗണെെസേഷനാണ് എന്നും സംഘടന എന്ന നിലയിൽ സമത്തിന് രാഷ്ട്രീയമില്ല എന്നും 'ഗുരുവന്ദനം' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു.
സംഘടന പറഞ്ഞത്:
അദ്ദേഹം രാജി വയ്ക്കുന്നു എന്ന് പറഞ്ഞ് ഒരു മെസേജ് അയച്ചു. അല്ലാതെ രാജിക്കത്ത് തന്നിട്ടില്ല. എക്സ്ക്യൂട്ടീവ് യോഗം കൂടിയിട്ട് മാത്രമേ അത് തീരുമാനിക്കാനും കഴിയുകയുള്ളൂ. വളരെ പെട്ടന്നുണ്ടായ ഒരു വികാര വിക്ഷോഭത്തിൽ സംഭവിച്ച കാര്യമാണ് ഇത് എന്നാണ് തോന്നുന്നത്. വിഷയത്തിന്റെ ഗൗരവം വ്യക്തിപരമായി ബോധ്യമുണ്ട്. ഞങ്ങളുടേത് ഒരു തൊഴിലാളി സംഘടനയല്ല, ചാരിറ്റബിൾ ഓർഗണെെസേഷനാണ്. പിന്നണി ഗായകരുടെ വെൽഫയറിന് വേണ്ടിയുള്ള സംഘടനയാണ്. ഞങ്ങൾക്ക് വ്യക്തിപരമായി രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയ്ക്ക് യാതൊരു രാഷ്ട്രീയ ചായ്വുമില്ല. സംഘടന എന്ന നിലയിൽ സമത്തിന് വിഷയത്തിൽ ഒരു അഭിപ്രായമില്ല. ഇതൊരു രാഷ്ട്രീയ വിഷയമാണ്. രണ്ടുപേരും സംഘടനയിലെ അംഗങ്ങളാണ്. ഒരാൾ വെെസ് ചെയർമാനാണ് മറ്റേയാൾ അംഗവും. രണ്ടുപേർക്കും പിന്തുണ നൽകിയിട്ടില്ല. രണ്ട് പേരും പറഞ്ഞിരിക്കുന്നത് ഒരു സംഘടന അംഗം എന്ന നിലയിലുള്ള അഭിപ്രായം അല്ലല്ലോ? സമം എന്ന സംഘടന ഈ സംഘടനയെ ബന്ധിപ്പിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾക്ക് മാത്രമേ പ്രതികരിക്കേണ്ട കാര്യമുള്ളൂ എന്നാണ് തീരുമാനം. ഈ വിഷയത്തിൽ ഇത് എന്റെ വ്യക്തിപരമായ കാര്യമാണ് സംഘടന എന്ന നിലയ്ക്ക് നിങ്ങളാരും ഇതിൽ ഇടപെടേണ്ടതില്ല എന്ന് ചിത്ര ചേച്ചി പറഞ്ഞിരുന്നു. പറഞ്ഞാൽ പോലും സംഘടനയ്ക്ക് ഇടപെടാനാകില്ല. പല ചിന്താഗതിയുള്ളവരാണ് സംഘടനയിൽ ഉള്ളത്. സംഘടനയുടെ ലക്ഷ്യത്തിനായാണ് ഞങ്ങൾ ഒന്നിച്ചുനിൽക്കുന്നത്. സംഘടനയുടെ പിന്തുണ കിട്ടേണ്ട വിഷയമാണെങ്കിൽ കൊടുക്കും. മാത്രമല്ല അദ്ദേഹം അത് ആവശ്യപ്പെട്ടിട്ടുമില്ല. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് ആരോടും സംസാരിച്ചിരുന്നില്ല, ഒരു ദിവസം പിന്തുണ തരാത്തതുകൊണ്ട് രാജിവയ്ക്കുന്നു എന്ന് വാട്ട്സാപ്പിൽ ഒരു മെസേജ് അയക്കുക മാത്രമാണ് ചെയ്തത്.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്ന കെ എസ് ചിത്രയുടെ പരാമർശത്തിനെതിരെയാണ് സൂരജ് സന്തോഷ് പ്രതികരിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മനപൂർവ്വം മറക്കുന്നു എന്നും വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ് എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. ഇതിനെ തുടർന്നാണ് സൂരജ് സന്തോഷിന് എതിരെ സോഷ്യൽ മീഡിയയിലൂടെ സെെബർ ആക്രമണം ഉണ്ടായത്.