Film News

'ഹേമ കമ്മിറ്റി പോലെ മറ്റ് മേഖലയിലും നടപടി വേണം, ദുരനുഭവം പറഞ്ഞതിന് 6 വർഷമായി വിലക്ക് നേരിടുന്നു': ചിന്മയി

ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന്റെ അനുബന്ധ നടപടികളും മറ്റ് ഇൻഡസ്ട്രികളും പിന്തുടരണമെന്ന് ഗായിക ചിന്മയി. എഴുത്തുകാരൻ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ താൻ സിനിമയിൽ നിന്ന് വിലക്ക് നേരിട്ടു എന്നും ഗായിക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ സന്തോഷമുണ്ട്. 2017 ൽ ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണ് ഈ വിഷയത്തിന്റെ അടിത്തറ. തൊഴിൽ വിലക്കിനോട് ഭയമില്ലാതെ പോരാട്ടം നടത്തിയ WCC യിലെ വനിതാ പ്രവർത്തകർക്കാണ് ഇതിന്റെ ക്രെഡിറ്റ്. നേരിട്ട മോശം അനുഭവം തുറന്നു പറയാനുള്ള ധൈര്യമാണ് ഇപ്പോൾ എല്ലാ സ്ത്രീകൾക്കും ലഭിച്ചിരിക്കുന്നതെന്ന് എൻ ഡി ടി വിയ്ക്കു നൽകിയ അഭിമുഖത്തിൽ ചിന്മയി പറഞ്ഞു.

തമിഴ് നാട്ടിൽ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ കേസുമായി മുന്നോട്ട് വന്ന ഗായികയാണ് ചിന്മയി. തുടർന്ന് തമിഴ്നാട് ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഘടന ഗായികയെ വിലക്കാൻ തീരുമാനിച്ചിരുന്നു.

ചിന്മയി ശ്രീപ്രദ പറഞ്ഞത്:

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്ക് നേരെ ആദ്യത്തെ ചുവടെടുത്തു വെക്കുന്ന സംസ്ഥാനമായി കേരളം മാറുന്നതിൽ സന്തോഷമുണ്ട്. എല്ലാ പ്രതിബന്ധങ്ങൾക്ക് മറികടന്ന് ഇങ്ങനെ ഒരു റിപ്പോർട്ട് കൊണ്ടുവന്നതിൽ WCC യിലെ അംഗങ്ങൾ മുന്നോട്ടു വന്നതും ശ്രദ്ധേയമാണ്. ദുരൂപയോഗം ചെയ്യപ്പെട്ടിട്ടും, നിമാനുസൃതമല്ലാത്ത വിലക്ക് നേരിട്ടിട്ടും, പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് ജോലി നഷ്ടപ്പെട്ടിട്ടും ഇതിനുവേണ്ടി പോരാട്ടം നടത്തിയ മലയാള സിനിമയിലെ സ്ത്രീകൾക്കാണ് എല്ലാ ക്രെഡിറ്റും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, 2017 ൽ ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യവും ശക്തിയുമാണ്. കുറച്ചു വർഷങ്ങൾ വൈകിയാണ് റിപ്പോർട്ട് വന്നത്. കുറെ പേജുകൾ ഒഴിവാക്കിയിട്ടുണ്ട്. എത്രത്തോളം വിവരങ്ങൾ മറച്ചു വെച്ചിട്ടുണ്ടെന്ന് നമുക്കറിയില്ല. ഇതിന്റെയെല്ലാം തുടർച്ചയെന്നോണം സംവിധായകൻ രഞ്ജിത്തും നടൻ സിദ്ദിഖും അവരുടെ പദവിയിൽ നിന്ന് രാജി വെച്ചിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ അതിന്റെ നേതാക്കളോ യഥാർത്ഥത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെ കണക്കിലെടുക്കുന്നില്ല. പക്ഷെ ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. മറ്റ് സിനിമ വ്യവസായങ്ങളും ഇത് പിന്തുടരണമെന്നാണ് പറയാനുള്ളത്. നേരിട്ടിട്ടുള്ള മോശം അനുഭവങ്ങൾ തുറന്നു പറയാനുള്ള ഒരു ധൈര്യമാണ് ഇപ്പോഴുള്ള അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

പൊലീസിൽ കേസ് നൽകുന്നതിന് പലർക്കും മടിയാണ്. നമ്മുടെ വ്യവസ്ഥ അതിന് സഹായകരമല്ല. ഇപ്പോഴും ഒരു മധ്യവർഗ്ഗ കുടുംബത്തിന് പോലീസ് സ്റ്റേഷനിൽ പരാതിക്ക് പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. എല്ലാ ദിവസവും ജോലിക്ക് പോകേണ്ട ഒരാൾക്ക് കേസിന് പോകുക എന്നത് വലിയ ബുദ്ധിമുട്ടായിരിക്കും.

ദുരനുഭവം വെളിപ്പെടുത്തിയതിന്റെ പേരിൽ സിനിമാ വ്യവസായത്തിൽ നിന്ന് തൊഴിൽ വിലക്ക് നേരിട്ട ഒരു വ്യക്തിയാണ് ഞാൻ. കേസിന് പോയപ്പോൾ കുറച്ചധികം തുക ചെലവഴിക്കേണ്ടി വന്നു. ആറ് വർഷമായി അത് തുടരുകയാണ്. നിയമനടപടികൾ അത്രയധികം ഇഴയുകയാണ്. ഐ സി സികൾ രൂപീകരിക്കണം എന്ന് പറയുന്നത് ഇതുവേണ്ടിയാണ്. പലപ്പോഴും അതിക്രമങ്ങളുടെ തെളിവുകൾ നമുക്ക് കൊടുക്കാൻ കഴിയാതെ വരും. ശരീരത്തിലുള്ള പാടുകൾ പോലും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. അതുകൊണ്ടാണ് സഹായം ആവശ്യമുള്ളപ്പോൾ എത്രയും പെട്ടെന്ന് നിയമ സംവിധാനങ്ങൾ ഇടപെടണം എന്ന് പറയുന്നത്. തെളിവുകളില്ല എന്ന് പറഞ്ഞ് പതിനായിരക്കണക്കിന് കേസുകളാണ് ദിനം പ്രതി തള്ളിക്കളയുന്നത്. ശരീരത്തിൽ ക്യാമറ വെച്ച് നടക്കാനാകില്ലല്ലോ- ചിന്മയി ചോദിച്ചു.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT