വരയനിലെ പുരേഹിതന്‍റെ കഥാപാത്രം ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്തുന്ന ഒരാളാണെന്ന് സിജു വില്‍സണ്‍. വ്യത്യസ്തമായൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന സമയത്താണ് വരയന്‍ തന്നിലേക്ക് എത്തുന്നതെന്നും സമീപിച്ച തിരക്കഥകളില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച തിരക്കഥയാണ് വരയന്‍റെയെന്നും സിജു വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
"ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം." സിജു വില്‍സണ്‍ പറഞ്ഞു.
നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്‍റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിനാണ്. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി പ്രേമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് പ്രേക്ഷകരിലേക്കെത്തും.