താരസംഘടനയായ അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പങ്കുവെച്ച് നടി ശ്വേതാ മേനോന്‍. മൂന്നുവര്‍ഷമായി എക്‌സിക്യൂട്ടീവ് മെംബര്‍ ആയിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനും മത്സരിച്ചിട്ടില്ല. തന്നെ വിളിച്ച് വൈസ് പ്രസിഡന്റായി മത്സരിക്കണം എന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി എന്ന് ശ്വേത തെരഞ്ഞെടുപ്പിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ സ്ത്രീ സാന്നിധ്യം കൂടുതലായി കണ്ടതില്‍ സന്തോഷമുണ്ട്. മത്സരത്തിന് ഇത്ര ഓളം ഉണ്ടാകുമെന്ന് താന്‍ കരുതിയില്ലെന്നും ശ്വേത വ്യക്തമാക്കി. മണിയന്‍പിള്ള രാജു, ശ്വേത മേനോന്‍, ആശാ ശരത്ത് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. അതില്‍ ആശാ ശരത്ത് പരാജയപ്പെട്ടു.
ശ്വേത മേനോന്‍ പറഞ്ഞത്:
'ഞാന്‍ 'അമ്മ'യുടെ ആദ്യ വനിത വൈസ് പ്രസിഡന്റാണ്. അതിന്റെ ഒരു സന്തോഷമുണ്ട്. മൂന്നുവര്‍ഷമായി എക്‌സിക്യൂട്ടീവ് മെംബര്‍ ആയിരുന്നു. ലാലേട്ടന്റെ നേതൃത്വത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. കോവിഡ് കാരണം കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. പെട്ടന്നൊരു ഇലക്ഷന്‍ വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനും മത്സരിച്ചിട്ടില്ല. എന്നെ വിളിച്ച് വൈസ് പ്രസിഡന്റായി മത്സരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി.
മത്സരത്തില്‍ ഇത്രയുമൊരു ഓളം ഞാന്‍ തീരെ പ്രതീക്ഷിച്ചിട്ടില്ല. ആദ്യമായാണ് 317 അംഗങ്ങളോളം വന്ന് വോട്ട് ചെയ്തത്. സ്ത്രീകളുടെ സാന്നിധ്യം കൂടുതലായി ഉണ്ടായിരുന്നു. അത് കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി. ഒരുപാട് സര്‍പ്രൈസും പ്ലാനുകളുമുണ്ട്, അതെല്ലാം ലാലേട്ടന്റെ വിഷന്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയുള്ള മീറ്റിങ്ങുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം.'