ലോകമെമ്പാടും സിനിമകളുടെ ചിത്രീകരണത്തെയും പ്രദര്‍ശനത്തെയും കൊവിഡ് 19 എന്ന കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പുതിയ ജെയിംസ് ബോണ്ട് ചിത്രമുള്‍പ്പെടെ പ്രദര്‍ശനം മാറ്റി. കേരളത്തില്‍ തിയ്യേറ്ററുകള്‍ അടച്ചിടാന് സംഘടനകള്‍ തീരുമാനമെടുത്തുകഴിഞ്ഞു. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ തുടരണോ വേണ്ടയോ എന്ന് സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്ന് തീരുമാനിക്കാനാണ് ഫെഫ്ക നല്‍കിയിരിക്കുന്ന നിര്‍ദേശം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാജ്യത്തിന് പുറത്ത് ചിത്രീകരിക്കുന്ന മലയാളത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ശേഷിക്കുന്ന ഷെഡ്യൂളുകള്‍ ജോര്‍ദാനില്‍ തുടരുമെന്നാണ് സൂചന. ചിത്രീകരണത്തിനായി സംവിധായകന്‍ ബ്ലെസ്സി ജോര്‍ദാനിലേയ്ക്ക് പുറപ്പെട്ടു.
'ആടുജിവിതത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും, വിവിധ രാജ്യങ്ങളില്‍ പല ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഓഗസ്റ്റ് വരെയാണ് നിലവില്‍ ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഷെഡ്യൂളുകളില്‍ ആയിരിക്കില്ല ചിത്രീകരണം.' ബ്ലെസ്സി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അള്‍ജീരിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ചിത്രത്തിലോ നോവലിലോ അത്തരം കഥാപാത്രങ്ങളോ ഇല്ലെന്നും ബ്ലെസി വ്യക്തമാക്കി. 2021 ലാണ് ചിത്രം റിലീസിനെത്തുക.
ഫെബ്രുവരി അവസാനമാണ് പൃഥ്വിരാജ് ചിത്രീകരണ ആവശ്യങ്ങള്‍ക്കായി ജോര്‍ദാനിലേയ്ക്ക് പോയത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായ ആടുജീവിതത്തിന് വേണ്ടി ബ്രേക്ക് എടുക്കുന്നുവെന്നും മൂന്ന് മാസത്തേക്ക് മറ്റൊരു സിനിമയുടെയും ചിത്രീകരണത്തില്‍ ഭാഗമാകില്ലെന്നും നേരത്തെ പൃഥ്വി അറിയിച്ചിരുന്നു.
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ആടുജീവിതത്തില്‍ നജീബായി പൃഥ്വിരാജ് എത്തുന്നു. അമലാ പോള്‍ ആണ് നായിക. 28 വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന്‍ ഛായാഗ്രാഹണം.