മണിചിത്രത്താഴിൻറെ തമിഴ്, കന്നട റീമേക്കുകൾ താൻ കണ്ടിട്ടില്ല എന്ന് നടി ശോഭന. പ്രിയദർശന്റെ സംവിധാനത്തിൽ എത്തിയ ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും അഭിയിച്ച എല്ലാ അഭിനേതാക്കളും നീതിപുലർത്തിയിട്ടിണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും ശോഭന പറഞ്ഞു. സിനിമ വീണ്ടും റീ റിലീസ് ചെയ്യുന്ന സമയത്ത് എല്ലാവരും സന്തോഷിക്കുമ്പോൾ ആ ചിത്രത്തിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ പലരും ഇന്ന് ഇല്ലല്ലോ എന്നോർത്ത് വിഷമമുണ്ടെന്നും തമിഴ് മാധ്യമങ്ങളോട് ശോഭന പ്രതികരിച്ചു.
ശോഭന പറഞ്ഞത്:
ഈ സിനിമ 31 വർഷത്തിന് ശേഷം അവർ റീമാസ്റ്റർ ചെയ്തിട്ടുണ്ട്. ഡോൾബി സൗണ്ട് ചെയ്തിട്ടുണ്ട്, കളർ ചെയ്തിട്ടുണ്ട്, എനിക്ക് ഇത് വളരെ വ്യത്യസ്തമായ ഒരു എക്സ്പീരിയൻസാണ്. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് മാം ഞങ്ങൾ ആ സിനിമ 100 തവണ കണ്ടിട്ടുണ്ട് എന്ന്. പക്ഷേ ഞാൻ ഈ സിനിമ ഇപ്പോൾ രണ്ടോ മുന്നോ തവണയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ എനിക്ക് ഇത് വളരെ മികച്ച ഒരു എക്സ്പീരിയൻസാണ്. ഇതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നാൽ ഇതിലെ ടെക്നീഷ്യൻസ് എല്ലാം മാസ്റ്റർ ടെക്നീഷ്യൻസാണ്. ഫാസിൽ സാർ ഇത് ക്രിയേറ്റ് ചെയ്ത ഒരു ജീനിയസ്സ് ആണ്. ഈ കാലഘട്ടത്തിലും ഈ സിനിമ കാണുമ്പോൾ അത് ഔട്ട് ഡേറ്റഡായി തോന്നത്ത തരത്തിലുള്ള ചിത്രമാണ് ഇത്. ഇപ്പോഴും ഇതിന്റെ ഒരുപാട് റീമേക്കുകൾ സംഭവിക്കുന്നുണ്ട്. കേരളത്തിൽ എല്ലാവരും ഇപ്പോഴും ഈ സിനിമയിലെ ഡയലോഗുകൾ പറയാറുണ്ട്. സിനിമയുടെ രണ്ടാം ഭാഗം വരണമെങ്കിൽ ഫാസില്‍ സർ തന്നെ ചിന്തിക്കണം. അതിനെക്കുറിച്ച് എനിക്കറിയില്ല. പാർട്ട് ഒന്ന് തന്നെ വളരെ നല്ലത്.
ഈ സിനിമ പല ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ചന്ദ്രമുഖിയും സൗന്ദര്യ അഭിനയിച്ച കന്നഡ റീമേക്കും കാണാൻ സാധിച്ചിട്ടില്ല. എന്നാൽ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിരുന്നു. പ്രിയദർശൻ സർ വളരെ മനോഹരമായി തന്നെ ആ സിനിമ എടുത്തിട്ടുണ്ട്. കാരണം പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി മണിച്ചിത്രത്താഴിൽ ജോലി ചെയ്തിരുന്നു. പക്ഷേ റീമേക്ക് സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണെല്ലോ?
റീ റിലീസ് സമയത്തും എനിക്കൊരു ദുഃഖമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചു പോയി. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും.
അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം എനിക്കുണ്ട്.’’