വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുക എന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി കങ്കണ റണാവത്ത്. പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി ആയാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം സെക്‌സ് ചെയ്യുന്നതിനും, കുട്ടികളെ നോക്കുന്നതിനും വിലയിടരുതെന്നും എല്ലാത്തിനേയും കച്ചവട മനോഭാവത്തില്‍ കാണരുതെന്നും ആയിരുന്നു കങ്കണയുടെ ട്വീറ്റ്.
കങ്കണയുടെ ട്വീറ്റിനോട് തരൂരിന്റെ പ്രതികരണം ഇങ്ങനെ;
'കങ്കണയുടെ അഭിപ്രായത്തെ ഞാൻ അംഗീകരിക്കുന്നു. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ വിലമതിക്കാനാവാത്ത നിരവധി കാര്യങ്ങളുണ്ട്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. മറിച്ച് ശമ്പളമില്ലാത്ത ജോലിയുടെ മൂല്യം തിരിച്ചറിയുന്നതിനെക്കുറിച്ചും ഓരോ സ്ത്രീക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ആണ്. എല്ലാ ഇന്ത്യൻ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു!'
'ഞങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം സെക്‌സ് ചെയ്യുന്നതിനും, സ്വന്തം കുഞ്ഞിനെ നോക്കുന്നതിനും വിലയിടരുത്. വീടെന്ന ഞങ്ങളുടെ സാമ്രാജ്യത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ശമ്പളത്തിന്റെ ആവശ്യമില്ല. എല്ലാം ഇങ്ങനെ കച്ചവട മനോഭാവത്തില്‍ കാണരുത്. നിങ്ങള്‍ ഭാര്യമാരോട് ചോദിച്ചുനോക്കൂ, അവര്‍ക്ക് വേണ്ടത് നിങ്ങളെയാണ്. അല്ലാതെ നിങ്ങളുടെ സ്‌നേഹവും, ബഹുമാനവും, ശമ്പളവും മാത്രമല്ല'. എന്നായിരുന്നു കങ്കണ അഭിപ്രായപ്പെട്ടത്.
വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുന്നതിലൂടെ വീട്ടമ്മമാര്‍ ചെയ്യുന്ന ജോലി സമൂഹത്തിന് മുന്നിൽ അംഗീകരിക്കപ്പെടും എന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ അവർക്ക് ശമ്പളം നൽകുന്നത് വഴി വീടിന്റെ ഉടമസ്ഥര്‍ എന്നതില്‍ നിന്ന് മാറി വീട്ടുജോലിക്കാരി എന്ന് അറിയപ്പെടും എന്നായിരുന്നു കങ്കണയുടെ പ്രതികരണം. 'ഇത് ദൈവത്തിന് അവരെ ഉണ്ടാക്കിയതിന് പണം നല്‍കുന്നത് പോലെയുണ്ട്. തമാശ ആയി തോന്നുന്നു. ഒപ്പം തന്നെ വേദനാജനകവും.’ ജീവിതം മുഴുവന്‍ കുടുംബത്തിന് വേണ്ടി സമർപ്പിക്കുന്ന അമ്മമാരുടെ ത്യാഗത്തിന് ഇത്തരത്തില്‍ വിലയിടുന്നത് ശരിയല്ലെന്നും കങ്കണ മുമ്പ് പറഞ്ഞിരുന്നു.