മദ്രാസിൽ മാധ്യമപ്രവർത്തകനായി എത്തിയ ബാലചന്ദ്രമേനോന്റെ അടുത്ത് സഹായം അഭ്യർത്ഥിച്ചെത്തിയ 'ശിവാജി റാവു' ആണ് ഇന്ന് ലോകമറിയുന്ന രജനികാന്ത്. രജനികാന്തിനൊപ്പമുളള അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.
‘ഹോട്ടലിലെ കൂലിപ്പണിക്കാരായ കുറേ ചെറുപ്പക്കാർക്ക് ഇടയിലാണ് ഞാൻ ആ വ്യക്തിയെ ആദ്യം കാണുന്നത്. രജനികാന്ത് എന്ന് നിങ്ങളിപ്പോൾ വിശേഷിപ്പിക്കുന്ന വ്യക്തി ആയിരുന്നില്ല അന്നദ്ദേഹം. അയാൾ സിഗററ്റ് മുകളിലേക്ക് എറിഞ്ഞ് വായിൽ പിടിക്കുന്നു. സിഗററ്റ് കൊണ്ടുള്ള അഭ്യാസം കണ്ട് ആരെടാ ഇവൻ എന്നമട്ടിൽ ഞാൻ ശ്രദ്ധിച്ചു. കൂടെ ഉണ്ടായിരുന്ന പയ്യന്മാരിൽ ഒരാളോട് ഞാൻ അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചു. "ഒരു നടനാണെന്ന് തോന്നുന്നു. എന്തായാലും നല്ല മാജിക്കുകാരനാണ് ", അയാൾ പറഞ്ഞു. നടനാണെങ്കിൽ എന്തിന് ഇങ്ങനെ സിഗററ്റ് വെച്ചുളള അഭ്യാസവുമായി നടക്കണം? എന്നെനിക്ക് സംശയം തോന്നി. പിന്നീട് അതേ സാഹചര്യങ്ങളിൽ പല തവണ ഞാൻ അയാളെ കണ്ടു. ഒരിക്കൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ അയാൾ എനിക്ക് നേരെ വന്നു.'
"സാർ, എന്റെ പേര് ശിവാജി റാവു, ഇവിടെ സിനിമ പഠിക്കുകയാണ്. അഭിനയം ആണ് മോഹം. സാർ ജോലിചെയ്യുന്ന പത്രത്തിൽ എന്നെകുറിച്ച് ഒരു ആർട്ടിക്കിൾ കൊടുക്കാമോ? ഏതു ഭാഷയിലാണെങ്കിലും ഒരവസരം കിട്ടിയാൽ ഞാൻ രക്ഷപ്പെടും. ഇതെന്റെ പലതരത്തിലുള്ള ചിത്രങ്ങളാണ്. ദയവായി സാറൊന്ന് സഹായിക്കണം."
യുവാവിന്റെ ആവേശത്തിൽ താൽപര്യം തോന്നിയ ബാലചന്ദ്രമേനോൻ അയാൾ കൊടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ആർട്ടിക്കിൾ തയ്യാറാക്കി തിരുവനന്തപുരം ഓഫിസിലേക്ക് അയച്ചുകൊടുത്തു. പക്ഷെ വേണ്ടത്ര വാർത്താപ്രാധാന്യം ഇല്ലാത്ത വിഷയമായതുകൊണ്ടാവാം വാർത്ത പ്രസിദ്ധീകരിക്കൻ പത്രം തയ്യാറായില്ല. 1975ൽ പുറത്തിറങ്ങിയ കെ ബാലചന്ദർ ചിത്രമായ ‘അപൂർവ്വരാഗ’ത്തിന് വേണ്ടി ഒന്നിച്ച ചടങ്ങിൽ വെച്ച് ബാലചന്ദ്രമേനോൻ വീണ്ടും ആ പഴയ മാജിക്കുകാരൻ പയ്യനെ കണ്ടു. പഴയ ഓർമ്മ പുതുക്കിക്കൊണ്ട് അന്ന് അദ്ദേഹം ബാലചന്ദ്രമേനോനോട് സംസാരിച്ചു. "ഈ സിനിമയിൽ ബാലചന്ദർ സാർ എനിക്ക് ഒരു വേഷം തന്നു. നല്ല വേഷമാണ് സാർ." കമലഹാസനൊപ്പം താനും ചിത്രത്തിലുണ്ടെന്ന സന്തോഷം പങ്കുവെച്ച് അയാൾ പിരിഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നായകൻ കമലഹാസന് കിട്ടുന്ന പ്രാധാന്യവും യുവാവിനെ ആരും പരിഗണിക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ട ബാലചന്ദ്രമേനോൻ അഭിമുഖത്തിനിടയിൽ നായിക ശ്രീവിദ്യയോടത് പങ്കുവെച്ചു. അതിന് ശ്രീവിദ്യയുടെ മറുപടി ഇതായിരുന്നു, "നിങ്ങൾ നോക്കിക്കോളൂ. കാലം ഒരു കാര്യം തെളിയിക്കും. ഇപ്പോൾ കുറച്ച് സീനുകൾ അയാൾക്കൊപ്പം ചെയ്ത അനുഭവത്തിൽ പറയുകയാണ്. അയാളൊരു സൂപ്പർ സ്റ്റാറാകും." ശ്രീവിദ്യ അന്ന് പറഞ്ഞ വാക്കുകൾ പിന്നീട് സത്യമായി.
ബാലചന്ദ്രമേനോൻ ഫിൽമി ഫ്രൈഡേസിന് നൽകിയ അഭിമുഖത്തിലാണ് രജനികാന്തുമൊത്തുളള ഓർമ്മകൾ പങ്കുവെച്ചത്.
ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം