ഷരീഫ് ഈസ സംവിധാനം ചെയ്ത ഇര്‍ഷാദ് അലി കേന്ദ്ര കഥാപാത്രമായ ആണ്ടാള്‍ പുണെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. 20-ാമത് പൂണെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 3നാണ് ആരംഭിക്കുന്നത്. മലയാളത്തില്‍ നിന്ന് ആണ്ടാളിന് പുറമെ നായാട്ടും ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആണ്ടാള്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംവിധായകന്‍ ഷരീഫ് ഈസ ദ ക്യുവിനോട് പ്രതികരിച്ചു. രണ്ട് മാസം മുന്‍പാണ് സിനിമ ഫെസ്റ്റിവല്‍ എന്‍ട്രിക്കായി അയച്ചത്. ചിത്രത്തിന് ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ രണ്ട് ഷോയാണ് ഉള്ളതെന്നും ഷരീഫ് പറഞ്ഞു.
മലയാളത്തില്‍ സമാന്തര സിനിമകള്‍ക്ക് വേണ്ട രീതിയിലുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നും ഷരീവ് അഭിപ്രായപ്പെട്ടു. അത്തരം സിനിമകളെ ചലച്ചിത്ര അക്കാദമി അടക്കമുള്ളവര്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചില്ലെങ്കില്‍ അന്യനിന്നു പോകുമെന്നും ഷരീഫ് പറയുന്നു. അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ സമാന്തര സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു.
ഷരീഫ് ഈസ പറഞ്ഞത്:
സമാന്തര സിനിമ നിര്‍മ്മിക്കുന്നത് കൂടുതലും ക്രൗഡ് ഫണ്ട് ഉപയോഗിച്ചായിരിക്കും. എന്നാല്‍ അത്തരം സിനിമകളെ വേണ്ട രീതിയില്‍ ചലച്ചിത്ര അക്കാദമി അടക്കമുള്ളവര്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചില്ലെങ്കില്‍ ആ സിനിമക്കാരും സിനിമയും മലയാളത്തില്‍ നിന്ന് അന്യവത്കരിക്കപ്പെടും. ഒരുകാലത്ത് അടൂര്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ സിനിമകളാണ് ലോകസിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നത്. അതിനൊപ്പം ബംഗാളി സിനിമകളുമാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മൂലം ലോകമെമ്പാടും സിനിമകള്‍ എത്തുന്നുണ്ടെങ്കിലും ഈ രീതിയില്‍ സമാന്തര സിനിമയുടെ ഒരു മുന്നേറ്റം മലയാള സിനിമയില്‍ നിന്ന് വളരെ കുറവാണ്.
എത്രയും പെട്ടന്ന് തന്നെ ആണ്ടാള്‍ ഒടിടി റിലീസ് ഉണ്ടാകും. രണ്ട് പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ശരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോട് കൂടി ഇത്തരം സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള മാര്‍ഗം കൂടിയാണ്. അത് വലിയൊരു ആശ്വാസമാണ്. ഇനി ജാഫ്‌നാ ഇന്റര്‍നാഷണല്‍ സിനിമ ഫസ്റ്റിവലിലും അവസാന റൗണ്ടില്‍ ഞങ്ങളുടെ സിനിമയുണ്ട്.
ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശനം കഴിഞ്ഞ് അപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം ലഭിക്കുന്നത് നല്ലൊരു അനുഭവമാണ്. ശരിക്കും നമ്മള്‍ നാടകം ചെയ്യുന്നത് പോലെയാണ്. നാടകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണം കിട്ടുമല്ലോ.