ഷെയിന്‍ നിഗത്തെ വിലക്കിയതിനോട് യോജിപ്പില്ലെന്ന് സാംസ്‌കാരിക സിനിമാ മന്ത്രി എ കെ ബാലന്‍. മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്നും എകെ ബാലന്‍ പറയുന്നു.
നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും എ കെ ബാലന്‍.
അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും എ കെ ബാലന്‍.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നുംപറഞ്ഞിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഒരു തര്‍ക്കം വന്നപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഇത് പറഞ്ഞത് എന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്ന പ്രശ്‌നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ കര്‍ശനമായി അതിനെ നേരിടും. സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത് എന്നിനാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൂടി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. നിര്‍മ്മാതാക്കള്‍ പറഞ്ഞത് അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ് ഷൂട്ടിംഗ് സെറ്റുകളില്‍ നടക്കുതെന്നാണ് മനസിലാക്കുന്നത്. ഇത് തുടര്‍ന്നുപോകുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരമൊരു പ്രവണത ഇല്ലാതാക്കാന്‍ സിനിമാ മേഖലയിലെ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയില്‍ സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതിനുള്ള ഒരു ശുപാര്‍ശ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര നിര്‍മ്മാണ, പ്രദര്‍ശന രംഗത്ത് സമഗ്രമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കും വിധമാകും ഇത് നടപ്പിലാക്കുക. നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ സിനിമയുടെ രജിസ്‌ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം തുടങ്ങിയവ വരും. മേഖലയിലെ പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കുന്നതിന് ഒരു റഗുലേറ്ററി കമ്മിറ്റിയും അതുപോലെ തന്നെ ഗുരുതരമായ വീഴ്ചകളും ലംഘനങ്ങളും ക്രിമിനല്‍ കുറ്റമായി കണ്ട് ശിക്ഷ നല്‍കുന്നതിനും നിര്‍ദ്ദിഷ്ട ആക്ടില്‍ വ്യവസ്ഥയുണ്ടായിരിക്കും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരികയെന്നും എ കെ ബാലന്‍.