Film News

ഷെയിന്‍ നിഗത്തിനൊപ്പം നിലയുറപ്പിച്ച് അമ്മ, പ്രശ്‌നപരിഹാരം ഇനി സംഘടനകള്‍ തമ്മില്‍

THE CUE

ഷെയിന്‍ നിഗത്തെ വിലക്കിയതും മൂന്ന് സിനിമകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഷെയിന്‍ നിഗത്തിനൊപ്പം നിലയുറപ്പിച്ച് താരസംഘടന അമ്മ. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയിന്‍ നിഗവുമായും ഫെഫ്ക പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. താരസംഘടനയിലെ അംഗം എന്ന നിലയില്‍ ഷെയിന്‍ നിഗം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമ്മയുടെ ഇടപെടല്‍.

ഷെയിന്‍ നിഗം അമ്മയക്ക് മുന്നില്‍ ഉന്നയിച്ചത്

1. വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് 15 ദിവസമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മധ്യസ്ഥതയില്‍ നല്‍കിയത്. സിനിമ തീര്‍ക്കാന്‍ 24 ദിവസം വേണമെന്നാണ് സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞത്. സിനിമയുടെ ലൊക്കേഷനില്‍ മാനസിക പീഡനം തുടര്‍ന്നതിനാലാണ് ലൊക്കേഷന്‍ വിട്ടത്. മറ്റൊരു സിനിമയ്ക്ക് നേരത്തെ ഡേറ്റ് നല്‍കിയതിനാല്‍ വെയിലിന് കൂടുതല്‍ ദിവസം നല്‍കാനാകില്ല

2. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെന്നും 45 ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്നും ആരോപിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് ഷെയിന്‍ നിഗം പറയുന്നു. ഉല്ലാസം സിനിമയുടെ കരാറില്‍ നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയെന്നാണ് ഷെയിന്‍ നിഗത്തിന്റെ ആരോപണം.

ഇനിയുള്ള ചര്‍ച്ചയില്‍ ഷെയിന്‍ നിഗം പങ്കെടുക്കേണ്ടെന്നും അമ്മയുടെ പ്രതിനിധികള്‍ ഷെയിന്‍ നിഗത്തിന് വേണ്ടി പങ്കെടുക്കാമെന്നുമാണ് സംഘടനയുടെ നിലപാട്. സിനിമകള്‍ ഉപേക്ഷിക്കരുതെന്ന് ഫെഫ്ക നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയിന്‍ നിഗത്തിന്റെ മുടിയും താടിയും വെട്ടിയ ലുക്കില്‍ ഏത് സിനിമയാണ് ആദ്യം പൂര്‍ത്തിയാക്കാനാവുക എന്ന് നോക്കും. വെയില്‍ ചെയ്യുന്ന അതേ കാലയളവില്‍ ഖുര്‍ബാനി എന്ന ചിത്രത്തിലും ഷെയിന്‍ അഭിനയിച്ചിരുന്നു. ഖുര്‍ബാനിയും വെയിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ് ആണ് ഷെയിന്‍ നിഗത്തിന്റെ അടുത്ത സിനിമ.

ദ ക്യുവിന് നല്‍കിയ എക്‌സ്‌ക്ലുസിവ് അഭിമുഖത്തിലാണ് ഷെയിന്‍ നിഗം വിലക്കിനെതിരെയും നിര്‍മ്മാതാക്കളുടെ സംഘടന അനൗദ്യോഗികമായി നടത്തിയ ഒത്തുതീര്‍പ്പ് ശ്രമത്തെക്കുറിച്ചും വെയില്‍ ലൊക്കേഷനിലെ മാനസിക പീഡനത്തെക്കുറിച്ചും തുറന്നടിച്ചത്.

ദ ക്യു അഭിമുഖത്തില്‍ ഷെയിന്‍ നിഗം വെളിപ്പെടുത്തിയത്

വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്.

വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. പക്ഷേ ഇതിനെല്ലാം പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് വൈകാതെ പറയാം.

താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ല തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യും. ഇതിന്റെ പിന്നാമ്പുറങ്ങള്‍ ഒരുപാടുണ്ട്, എന്റെ വാപ്പ ഈ മേഖലയില്‍ത്തന്നെ ഉണ്ടായിരുന്ന ആളാണ്. എനിക്കറിയാമല്ലോ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്. ഞാനിതുവരെ ഏതെങ്കിലും സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിച്ച് നോക്കണം. ഒരു സിനിമയും പെന്‍ഡിങ് വക്കാതെയാണ് മുന്നോട്ട് പോകുന്നത്. 2012 ല്‍ സിനിമയിലെത്തിയ ആളാണ് ഞാന്‍. രാജീവേട്ടനാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. ഷാജി എന്‍ കരുണ്‍, ബി അജിത്കുമാര്‍, സൗബിന്‍ ഷാഹിര്‍, മധു സി നാരായണന്‍ എന്നീ സംവിധായകരോടൊക്കെ ചോദിച്ചുനോക്കൂ. ഞാന്‍ കാരണം ഷൂട്ടിങ്ങിന് എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടോ എന്ന്. വെയില്‍ സിനിമയിലും എല്ലാ പ്രശ്നങ്ങള്‍ക്കും ശേഷം അഭിനയിച്ചതാണ്. മറ്റ് താരങ്ങള്‍ 8-10 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ 18 മണിക്കൂര്‍വരെ ദിവസം അഭിനയിക്കാന്‍ നിന്നിട്ടുണ്ട്. തീരെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അവിടെനിന്നും ഇറങ്ങിപ്പോന്നത്.

ഈ 3 സിനിമകളും പുറത്തുവരണമെന്ന് ആഗ്രഹമുണ്ട്. വെട്ടിക്കഴിഞ്ഞ മുടി വളരില്ല എന്നാരെങ്കിലും കരുതുന്നുണ്ടോ..? ഈ ലുക്കില്‍ കുര്‍ബാനി എടുക്കാം എന്ന് പറഞ്ഞല്ലോ. പ്ലസ് ടു കാലം ഈ ലുക്കില്‍ എടുക്കാം എന്ന് വെയില്‍ സംവിധായകനും പറഞ്ഞു. സംവിധായകരല്ലല്ലോ പ്രശ്‌നം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT