Film News

മീ ടൂ ആരോപണമൊന്നും എനിക്കെതിരെ ഇല്ല, സിദ്ദിഖിന്റെ പോസ്റ്റ് കുറ്റബോധം കാരണം: ഷമ്മി തിലകന്‍

താരസംഘടനയായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരില്‍ നോമിനേഷന്‍ തള്ളിയ വ്യക്തി താന്‍ മാത്രമാണ്. അതിനാല്‍ സിദ്ദിഖ് നടത്തിയ പരമാര്‍ശം തന്നെ കുറിച്ച് ആണെന്ന് എല്ലാവര്‍ക്കും മനസിലാവും. സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണ്. തനിക്കെതിരെ പീഡന പരാതിയോ മീടൂ ആരോപണമോ ഇല്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

ഇന്ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ സിദ്ദിഖിന്റെ വിഷയം ഉന്നയിക്കുമെന്നും ഷമ്മി തിലകന്‍. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും ഷമ്മി തിലകന്‍ പറയുന്നു.

ഷമ്മി തിലകന്‍ പറഞ്ഞത്:

സിദ്ദിഖ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതിലൂടെ സ്വന്തം ധാര്‍മികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഈ വിഷയം ജനറല്‍ബോഡിയില്‍ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമര്‍ശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും പിന്തുണ അറിയിച്ചു.

നടന്‍ മണിയന്‍പിള്ള രാജുവും വിഷയത്തില്‍ പ്രതികരണം അറിയിച്ചു. 'എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ല. ഞാന്‍ മത്സരിക്കുന്നുണ്ട്.' - എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിദ്ദിഖ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന്റെ അവസാന ഭാഗമാണ് വിവാദത്തിന് കാരണമായത്. 'ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല.' - എന്നാണ് സിദ്ദിഖ് കുറിച്ചത്.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT