താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കികൊണ്ടുള്ള നടപടി സ്വീകരിച്ചു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. പുറത്താക്കാന്‍ വേണ്ടിയുള്ള വലിയ തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. പക്ഷെ നടപടി വന്നാല്‍ നേരിടും. എന്നാല്‍ പുറത്താക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന പക്ഷക്കാരനാണ് താനെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയിലെ ചുരുക്കം ചില ഭാരവാഹികള്‍ക്ക് മാത്രമെ താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അറിയുകയുള്ളു. അത് അറിയുന്നവര്‍ പുറത്താക്കല്‍ നടപടിക്ക് ഒപ്പം നില്‍ക്കില്ല. പക്ഷെ അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് എനിക്ക് നീതി ലഭിക്കില്ലെന്ന് വിശ്വസിക്കുന്നു. അതിന് കാരണം തന്റെ അച്ഛനോടുള്ള (തിലകന്‍) കലിപ്പാണെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
ഷമ്മി തിലകന്‍ പറഞ്ഞത്
2021ല്‍ നടന്ന ജനറല്‍ ബോഡിയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. എനിക്ക് ആദ്യമെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു വിശദീകരണ കത്ത് തന്നു. ആ കത്തിന് സമയബന്ധിതമായി തന്നെ അതിലെ ഓരോ വാക്കുകളെയും വാക്യങ്ങളെയും വെച്ച് ഞാന്‍ വിശദമായ മറുപടി കൊടുത്തിട്ടുണ്ട്. അതിന് ശേഷം വിശദീകരണം തൃപ്തികരമല്ല എന്ന് പറഞ്ഞ് എനിക്ക് മറുപടി ഒന്നും തന്നിട്ടില്ല.
എനിക്ക് എതിരെ നടപടി വരുകയാണെങ്കില്‍ ഞാന്‍ നേരിടും. എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍, ആ തെറ്റെന്നെ ബോധിപ്പിച്ചിട്ടില്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് വ്യക്തമായിട്ടില്ല ഇതുവരെ. അപ്പോള്‍ എന്റെ ഭാഗം പുര്‍ണ്ണമായും കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അത് ഉണ്ടായിട്ടുള്ളത്. അങ്ങനെ പുറത്താക്കുകയാണെങ്കില്‍ ആ നടപടി ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാന്‍. കാര്യം അതിന് മാത്രമുള്ള തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.
അത് ഓരോരുത്തരുടെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതിന് മുമ്പ് വിജയ് ബാബു വിഷയത്തെ സംബന്ധിച്ച് അമ്മ ഒരു പത്രകുറിപ്പ് ഇറക്കിയതില്‍ എന്റെ പേര് കൂടി വലിച്ചിഴച്ചതിനെതിരെ ഞാന്‍ പ്രസിഡന്റിനും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമെല്ലാം പരാതി കൊടുത്തിരുന്നു. അത് നടപടിയാകാതെയാണ് ഇപ്പോള്‍ പുറത്താക്കി എന്ന കാര്യം വന്നത്. മാധ്യമങ്ങളാണ് എന്നോട് പറഞ്ഞത് അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയെന്ന്. എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പുറത്താക്കിയില്ലെന്നാണ് പറയുന്നത്. അത് നല്ല കാര്യം. പുറത്താക്കാനും മാത്രം വലിയ തെറ്റ് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ കരുതിയത് ശാസനയോ, അല്ലെങ്കില്‍ മാപ്പ് അപേക്ഷ കൊടുക്കേണ്ടി വരുമെന്നാണ്. അതൊക്കെ പിന്നീടുള്ള കാര്യമാണ്. എന്നാലും പുറത്താക്കും എന്നത് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. അത്രയും വലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.
അമ്മയിലെ അംഗങ്ങളെ ഞാന്‍ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചിട്ടില്ല. ഞാന്‍ ഒരിടത്തും അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞിട്ടില്ല. എന്നോട് നികേഷ് കുമാര്‍ എന്തോ ചോദിച്ചിരുന്നു, ഞാന്‍ അച്ഛന്റെ പാത പിന്തുടരുകയാണോ എന്ന്. ഞാന്‍ പറഞ്ഞു, അല്ല. എന്റെ കാഴ്ച്ചപാടിലൂടെയാണ് ഞാന്‍ കാര്യങ്ങളെ വിലയിരുത്തുന്നതും നിലപാടുകള്‍ പറയുന്നതും. അച്ഛന്‍ പണ്ട് പറഞ്ഞത്, അമ്മ എന്നത് മാഫിയ സംഘം എന്നൊക്കെയല്ലേ. അച്ഛന്‍ മാത്രമല്ല സുകുമാര്‍ അഴീക്കോട് സാറെല്ലാം പറഞ്ഞത് അങ്ങനെയാണ്. എന്റെ അഭിപ്രായത്തില്‍ അങ്ങനെയൊന്നുമല്ല. അതിനേക്കാള്‍ അപ്പുറമാണ് എന്നൊരു പ്രസ്താവനയാണ് ഞാന്‍ അന്ന് പറഞ്ഞത്.
പക്ഷെ ഞാന്‍ ഇപ്പോഴും അമ്മ അംഗമായതിനാല്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ല. കാരണം അമ്മ സംഘടന 1994ല്‍ സ്ഥാപിതമായത് എന്റെ കൂടെ പൈസ കൊണ്ടാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ അമ്മയില്‍ മൂന്നാമത് അംഗത്വം എടുത്ത വ്യക്തിയാണ് ഞാന്‍. ആ അംഗത്വത്തിന് ഞാന്‍ പൈസ കൊടുക്കുമ്പോള്‍ അന്ന് എന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയത് മണിയന്‍പിള്ള രാജു ചേട്ടനാണ് ഇന്നത്തെ വൈസ് പ്രസിഡന്റ്. അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ചെക്ക് വേണോ കാഷ് വേണോ ചേട്ടാ എന്ന്. നമ്മള്‍ തുടക്കമായതുകൊണ്ട് ലെറ്റര്‍ പാഡ് ഒക്കെ അടിക്കാന്‍ പൈസ വേണം. അതുകൊണ്ട് പൈസ താ എന്നാണ്. അപ്പോള്‍ ഞാന്‍ പതിനായിരം രൂപ എടുത്ത് കൊടുത്തു. അങ്ങനെയാണ് ഞാന്‍ അമ്മയിലെ അംഗമായത്.
അപ്പോള്‍ എനിക്ക് നല്ല വിശ്വാസമുണ്ട്, അമ്മയുടെ ലെറ്റര്‍പാഡിന്റെ പൈസ ഞാന്‍ ആണ് കൊടുത്തതെന്ന്. ആ ലെറ്റര്‍പാഡില്‍ തന്നെ എന്നെ പുറത്താക്കിക്കൊണ്ട് ഒരു ഉത്തരവ് വരട്ടെ. അപ്പോള്‍ ഞാന്‍ അതിന് അനുസരിച്ച് പ്രതികരിക്കും. പിന്നെ അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും ഞാന്‍ പുറത്താവണം എന്ന അഭിപ്രായമാണെങ്കില്‍ അത് അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പിനെ കുറിച്ചുള്ള അറിവില്ലാത്തതു കൊണ്ടാണ്. ഒരുപക്ഷെ ഞാന്‍ എന്ത് കാര്യത്തിനാണ് പ്രതികരണം നടത്തിയിട്ടുള്ളത് അല്ലെങ്കില്‍ എന്തൊക്കെയാണ് എന്റെ പ്രശ്നങ്ങള്‍ എന്ന് അറിയാത്തതുകൊണ്ടാണ്.
ഞാന്‍ സംഘടന മര്യാദകള്‍ പാലിച്ചുകൊണ്ട് തന്നെ 2017 മുതല്‍ അമ്മയുടെ ഔദ്യോഗിക ഭാരവാഹിക്ക് രേഖാമൂലം കത്തുകള്‍ കൊടുത്തു കൊണ്ടിരുന്നു. പക്ഷെ അതിനൊന്നും നാളിതുവരെ ആയിട്ടും എനിക്ക് മറുപടി കിട്ടിയില്ല. അപ്പോള്‍ ജനറല്‍ ബോഡി എന്ന് പറയുന്ന ചുരുക്കം ചില ഭാരവാഹികള്‍ക്ക് മാത്രമെ എന്റെ ആവശ്യങ്ങള്‍ അറിയുകയുള്ളു. അപ്പോള്‍ ഇത് അറിയാതെയാണ് എനിക്ക് എതിരെ പല അംഗങ്ങളും സംസാരിച്ചിരിക്കുന്നത്. അവിടെയും ഇവിടെയും കേട്ടിട്ട് നമ്മള്‍ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അതിന്റെ ഒരു കുഴപ്പമാണ്. ഒരുപക്ഷെ അവര്‍ക്ക് കാര്യം ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ അവര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.
ഇപ്പോള്‍ വാര്‍ത്തകളില്‍ ഞാന്‍ ചിലരുടെ പേര് കണ്ടു, ചിലര്‍ പുറത്താക്കല്‍ നടപടി എടുക്കരുത് താക്കീത് കൊടുത്താല്‍ മതിയെന്ന് പറഞ്ഞുവെന്ന്. അത് മമ്മൂക്കയടക്കം പറഞ്ഞു എന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അത് അദ്ദേഹം കഴിഞ്ഞ തവണയും പറഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞത്, എന്റെ ആരോപണങ്ങള്‍ എന്താണ്, പ്രശ്നങ്ങള്‍ എന്താണ്, ഞാന്‍ എന്തിന് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തിയത് എന്ന് അറിയാവുന്നവരായതു കൊണ്ടാണ് എതിര്‍ അഭിപ്രായം ഉണ്ടാകാതിരുന്നത്.
2019ല്‍ ഞാന്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തിരുന്നു. സംഘടന കുറച്ച് കൂടി സുതാര്യമായി കൊണ്ട് പോകണം എന്ന് പറഞ്ഞു. അപ്പോള്‍ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറയുകയും, ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് ഒരു സുപ്രഭാതത്തില്‍, എന്നാല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തേക്കാം എന്ന് പറഞ്ഞ് കൊടുത്തതല്ല. ഞാന്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചിട്ടാണ്‌റിപ്പോര്‍ട്ട് കൊടുത്തത്. ആ റിപ്പോര്‍ട്ട്, പണ്ട് അച്ഛന്‍ പറഞ്ഞത് പോലെ , ചില വ്യക്തികള്‍ക്ക് എതിരാണ്. നടി ആക്രമിക്കപ്പെട്ട കേസ് അടക്കമുള്ള സംഭവങ്ങളെല്ലാം അതില്‍ വരുന്നുണ്ട്. അതിപ്പോള്‍ സത്യത്തെ നമുക്ക് മൂടി വെക്കാന്‍ സാധിക്കില്ല. ഹൈക്കോടതിയില്‍ വരെ പുറകില്‍ സത്യമേവ ജയതെ എന്നാണ് എഴുതിയിരിക്കുന്നത്.
പിന്നെ അമ്മയില്‍ നിന്ന് നീതി ലഭിക്കില്ല എന്ന വിശ്വാസം ഒന്നും എനിക്കില്ല. അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് നീതി ലഭിക്കില്ല എന്ന തോന്നല്‍ എനിക്കുണ്ട്. ഇപ്പോഴത്തെ ചില ഭാരവാഹികളെ വിശ്വാസമില്ല. എല്ലാവരെയും അല്ല. അത് ആരൊക്കെയാണെന്ന് എന്നെ പുറത്താക്കട്ടെ അപ്പോള്‍ പറയാം. ആ പ്രശ്നങ്ങള്‍ വ്യക്തിപരവും ഒരു പരിധി വരെ എന്റെ അച്ഛനോടുള്ള കലിപ്പുമാണ്. അത് എന്റെ വിശദീകരണത്തിലും ഞാന്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ അച്ചടക്ക നടപടിക്ക് എതിരെ ബഹുമാനപ്പെട്ട പ്രസിഡന്റിന് അപ്പീല്‍ കൊടുത്തിട്ടുണ്ട്. എന്തായാലും ഞങ്ങളുടെ ബൈലോ പ്രകാരം അമ്മയുടെ സര്‍വാധികാരി എന്ന് പറയുന്നത് പ്രസിഡന്റാണ്.
നമുക്ക് അറിയാമല്ലോ, അതിജീവിതയുടെ ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. ആ ജഡ്ജി മാറുകയും ചെയ്തു. അപ്പോള്‍ അതുപോലെ ഞങ്ങളുടെ പ്രിസൈഡിങ്ങ് ഓഫീസര്‍ക്കെതിരെ ഞാനും ഒരു അപ്പീല്‍ കൊടുത്തിട്ടുണ്ട്. ആ അപ്പീല്‍ പരിഗണിക്കാതെയാണ് അവര്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. അന്വേഷണം ഒന്നും നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുകൊണ്ടാണല്ലോ ഇന്ന് എനിക്കെതിരെ നടപടി ഉണ്ടായെന്ന് പറയപ്പെടുന്നത്. ആ റിപ്പോര്‍ട്ട് എന്താണ് എനിക്ക് അയച്ചു തരാത്തത്. അത് അറിയാനുള്ള അവകാശം എനിക്ക് ഇല്ലേ? എന്തുകൊണ്ട് തരുന്നില്ല. അതുപോലെ ഇന്നത്തെ ജനറല്‍ ബോഡി എന്തുകൊണ്ട് എന്നെ അറിയിച്ചില്ല? എനിക്ക് നോട്ടീസ് തന്നിട്ടില്ല.