ഒക്ടോബര്‍ 1 മുതല്‍ മലയാള സിനിമയില്‍ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യം വിശദമാക്കി താര സംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് സംഭവിച്ച ഒരു കാര്യമല്ലെന്നും സേവന വേതന കരാർ നിർബന്ധമാക്കുന്നതിനെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചർച്ചകൾ തുടങ്ങിയിട്ട് കാലങ്ങളായി എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. പലപ്പോഴും സിനിമയിൽ സാമ്പത്തിക തർക്കങ്ങളുണ്ടാകാറുണ്ട് എന്നും സേവന വേതന കാരാർ നിലവിൽ വരുന്നതോട് കൂടി ഇത്തരത്തിലുള്ള സാമ്പത്തിക തർക്കങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും ബി രാകേഷ് പറഞ്ഞു.
ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുന്ന എല്ലാ സിനിമകളിലും തൊഴിലുകളിൽ ഏർപ്പെടുന്ന അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് സേവന, വേതന കരാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതി നൽകുകയുള്ളൂ എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പെട്ടന്ന് സംഭവിച്ച ഒരു കാര്യമല്ല. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് ഏറെ കാലം കഴിഞ്ഞു. ഛായാഗ്രാഹകന്മാരുടെ കരാർ ഞങ്ങൾ ഇതിന് മുമ്പ് അന്തിമമാക്കിയിരുന്നു. സംവിധായകരുടെ കരാറും അന്തിമ ഘട്ടത്തിലാണെന്നും ഒന്നാം തീയതി മുതൽ ഇത് നടപ്പിലാക്കണം എന്ന തരത്തിൽ സംഘടനകൾക്ക് കത്ത് നൽകുകയാണ് ഇപ്പോൾ തങ്ങൾ ചെയ്തിരിക്കുന്നതെന്നും ബി രാകേഷ് പറഞ്ഞു.
ഇത് തൊഴിലാളികളുടെയും കൂടി ആവശ്യമാണ്, അവരും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കൈക്കൊണ്ടൊരു തീരുമാനം അല്ലിത്. അതിനും എത്രയോ നാളുകൾക്ക് മുമ്പ് തന്നെ കരാറിന്റെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ടായിരുന്നു,ബി രാകേഷ് ( പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി)
കൃത്യമായ സേവന, വേതന കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിൻമേൽ ഒരുകാരണവശാലും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇനിമേൽ ഇടപെടുന്നതല്ല എന്നും കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണയായി സാമ്പത്തിക തർക്കങ്ങളുണ്ടായിൽ പ്രൊഡ്യൂസറിനെ വിളിച്ച് ചോദിക്കുമ്പോൾ അവർ കൊടുക്കാമെന്ന് പറയുന്ന തുകയും മറ്റേയാൾ ആവശ്യപ്പെടുന്ന തുകയും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാൽ സിനിമ കരാറിലേക്ക് മാറുമ്പോൾ ഇത്തരത്തിൽ സാമ്പത്തിക തർക്കങ്ങളുണ്ടാവുന്നത് ഗണ്യമായി കുറയും. അതുകൊണ്ടാണ് ഒന്നാം തീയതിക്ക് ശേഷം ആരംഭിക്കുന്ന സിനിമകളിൽ കാരാർ നിർബന്ധമാക്കണമെന്ന് പറഞ്ഞത്. ചില ചാനലുകളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്ത്യശാസനം നൽകി എന്നാണ് വാർത്തകൾ വരുന്നത്. അത് തെറ്റാണ്. ബി രാകേഷ് പറഞ്ഞു.