Film News

'സന്ദേശം സിനിമയില്‍ അരാഷ്ട്രീയതയില്ല'; ഐ.എഫ്.എഫ്.കെ വേദിയിൽ സത്യൻ അന്തിക്കാടിന്റെ മറുപടി

സന്ദേശം സിനിമ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനത്തിന് ഐ.എഫ്.എഫ്.കെ വേദിയിൽ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സന്ദേശം സിനിമയിൽ അരാഷ്ട്രീയതയില്ലായെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സന്ദേശം എടുത്തപ്പോൾ ഉണ്ടായിരുന്ന കാലത്ത് നിന്നും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലന്നും സത്യൻ അന്തിക്കാട് കൂട്ടി ചേർത്തു. നല്ല കുടുംബത്തിൽ പിറന്ന ബുദ്ധിയുള്ളവർ വന്നാൽ മാത്രമേ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ കഴിയുകയുള്ളു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

സംവിധായകൻ എന്ന മേഖല മാറ്റി നിർത്തിയാൽ ഞാൻ സാധാരണക്കാരനാണ്. ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുണ്ട്, ഞാൻ കാണുന്ന കാഴ്ചകളുണ്ട്. അതെല്ലാമാണ് എന്റെ സിനിമകളിലേക്ക് കൊണ്ട് വരാറുള്ളത്. കാലത്തിനനുസരിച്ചുള്ള രീതിയിൽ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ അറിയാതെ മാറിക്കൊണ്ടിരിക്കും. മാറ്റമില്ലാത്തത് എന്നെനിക്ക് തോന്നിയ ഒരേയൊരു സിനിമ സന്ദേശമാണ്. 30 വർഷം മുൻപ് സന്ദേശം എടുത്തപ്പോൾ ഉണ്ടായിരുന്നതിൽ നിന്ന് വലിയ മാറ്റങ്ങൾ ഇന്നും നമ്മുടെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായിട്ടില്ല. ഇന്നും ഒരു പാർട്ടി തോറ്റാൽ നമ്മൾ താത്വികമായ അവലോകനം നടത്തും, എന്തുകൊണ്ട് തോറ്റു? അത് തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. ബാക്കി സിനിമകളിലെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

രാഷ്ട്രീയം ചർച്ച ചെയ്യുന്നതുകൊണ്ടും പിന്തുടരുന്നതുകൊണ്ടുമാണ് സന്ദേശം പോലെയുള്ള സിനിമകൾ ചെയ്യാൻ സാധിച്ചത്. അരാഷ്ട്രീയ വാദമെന്ന വിമർശനം സന്ദേശം റിലീസ് ചെയ്ത സമയം മുതലുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആ സിനിമ അതല്ലാതെ കാണുമ്പോൾ മനസിലാകും, അതായത് തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, 'രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ ചെയ്യുമ്പോൾ'. സന്ദേശത്തിൽ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങൾ നല്ല രാഷ്ട്രീയക്കാരല്ല.

പ്രധാനമായും ആ സിനിമ ചർച്ച ചെയ്യുന്നത് അണികളുടെ മാത്രം കഥയിലാണ്. ഒരു എം.എൽ.എയോ, പഞ്ചായത്ത് പ്രസിഡന്റോ പോലുമില്ല ആ സിനിമയിൽ. ഒരു പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായ മാമ്മുക്കോയയാണ് ഒരു പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവ്. അതിലും താഴെയുള്ളവരുടെ കഥയാണ് സന്ദേശം പറയുന്നത്. അവർക്ക് രാഷ്ട്രീയം ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ്. അതിൽ കാണുന്ന 2 വ്യത്യസ്ത പാർട്ടിയിൽപ്പെട്ട ആളുകളും ഇതിന്റെ പുറംപോച്ചുകളിൽ ഒരുമിച്ച് നിൽക്കുന്നവരാണ്. അതല്ലലോ യഥാർത്ഥ രാഷ്ട്രീയം? യഥാർത്ഥ രാഷ്ട്രീയം സേവനമാണ്. അത് ഇന്നത്തെ ഭരണകർത്താക്കളും, മുൻപുള്ള ഭരണകർത്താക്കളും നല്ല മാർഗങ്ങളിലൂടെ കാണിച്ചു തന്നതാണ്. ആ വഴിയിലൂടെ സഞ്ചരിക്കാനാണ് സന്ദേശത്തിലൂടെ പറയുന്നത്.

സിനിമയിൽ പറയുന്നത് ആദ്യം സ്വയം നന്നാകുവാനും, അതിനു ശേഷം സ്വന്തം വീട് നന്നാക്കാനുമാണ്. ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിൽ എങ്ങനെ നിലനിൽക്കാനാണ്? സ്വയം നന്നാവാത്ത ഒരുത്തൻ, കള്ളുകുടിയും കഞ്ചാവുമായി നടക്കുന്ന ഒരുത്തൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ട് കാര്യമില്ല, അവൻ സ്വയം നന്നാവണം, അവന്റെ വീട് നന്നാക്കണം, നാട് നോക്കണം. അവൻ പരിശുദ്ധനായിരിക്കണം എന്നതാണ് അതിന്റെ സൂചന. അല്ലാതെ രാഷ്ട്രീയത്തിൽ പോകരുതെന്നതല്ല. ചില ആളുകളൊക്കെ പറയും, അയ്യോ രാഷ്ട്രീയം മോശമാണെന്ന്. പണ്ട് നമ്മൾ കേട്ടിട്ടുണ്ട് രാഷ്ട്രീയം ഒരു നാടിന്റെ വികസനത്തിന് അത്യാവശ്യമാണ്. ഒരു കൂട്ടായ്മ അല്ലെങ്കിൽ രാഷ്ട്രീയമുണ്ടായാൽ മാത്രമേ ഒരു നാട് വികസിക്കുകയുള്ളു. നല്ല രീതിയിൽ അതിനെ സമീപിക്കണം എന്ന് മാത്രമേയുള്ളു.

നമ്മൾ കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്കൂളുകളിൽ കുട്ടികളെ ചേർക്കുള്ളു, ആ കുട്ടികൾ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേകത്തരം ഉല്പന്നമായി വളർന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐ.എ.എസ്ക്കാരാവുന്നു, അല്ലെങ്കിൽ ഡോക്ടർമാരാവുന്നു. രാഷ്ട്രീയമുള്ളൊരു സാധാരണ സ്കൂളിൽ കുട്ടികളെ ചേർത്താൽ അവർ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തിൽ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര് രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാൻ കഴിയുള്ളു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT