നിർമ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി മലയാളത്തിലെ നിർമ്മാതാക്കളുടെ സംഘടന. അച്ചടക്ക ലംഘനം നടത്തി എന്ന് കാണിച്ചാണ് നിർമാതാവിനെതിരെ നടപടി. സംഘടനയുടെ നേതൃത്വത്തിനെതിരെ നേരത്തെ സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നായിരുന്നു പരാതി. ഇതിനെതുടർന്ന് ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സാന്ദ്ര തോമസിന്റെ പരാതി പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു നിർമ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. സാന്ദ്ര തോമസും നിർമ്മാതാക്കളുടെ സംഘടനയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ വലിയ പിളർപ്പായിരുന്നു നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ രൂപപ്പെട്ടത്. 'അമ്മ' യുടെ ഉപസംഘടനയാണോ നിര്‍മ്മാതാക്കളുടെ സംഘടന എന്ന ചോദ്യവുമായി വനിതാ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിരുന്നു. സാന്ദ്ര തോമസും ഷീല കുര്യനും ഉള്‍പ്പെടുന്ന വനിതാ നിര്‍മ്മാതാക്കളാണ് സംഘടനയ്ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.