സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിൽ നടൻ കൈലാഷിനെ പിന്തുണച്ച് സംവിധായകൻ സലാം ബാപ്പു. അച്ചടക്കത്തോടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കൈലാഷിനെതിരെ ആസൂത്രിതമായ അപവാദ പ്രചാരണങ്ങൾ ഒരു കോണിൽ ഉയർന്നു വരികയാണെന്ന് ഫേസ്ബുക് കുറിപ്പിലൂടെ സലാം ബാപ്പു ആരോപിച്ചു. കഴിഞ്ഞ പത്തു വർഷമായി കൈലാഷിന്റെ സിനിമ ഇറങ്ങുമ്പോഴും അതിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും ഇറങ്ങുമ്പോഴും അദ്ദേഹത്തിനെതിരെ വ്യക്തിപരമായി വേദന ഉളവാക്കുന്ന രീതിയിൽ കമന്റുകളും പോസ്റ്ററുകളും സൃഷ്ടിച്ച് അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ചിലർ പതിവാക്കിയിട്ടുണ്ട്. അവസാനമായി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സി' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ ഇത്തരത്തിലുള്ള മനോരോഗികൾ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്. കൈലാഷും ജീവിക്കാൻ വേണ്ടി തന്നെയാണ് അഭിനയിക്കുന്നത്. ആ സിനിമകൾ നിങ്ങൾക്ക് കാണാതിരിക്കാം അല്ലെങ്കിൽ കണ്ടതിനു ശേഷം അഭിനയത്തെ വിമർശിക്കാം, അല്ലാതെ ഇറങ്ങുന്നതിന് മുൻപ് ഇത്തരത്തിൽ കളിയാക്കൽ പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്ന് സലാം ബാപ്പു കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ സംവിധായകൻ അരുൺ ഗോപിയും നടൻ അപ്പാനി ശരത്തും സോഷ്യൽ മീഡിയയിലൂടെ കൈലാഷിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സലാം ബാപ്പുവിന്റെ ഫേസ്ബുക് കുറിപ്പ്
2009-ൽ എം. ടി. വാസുദേവൻ നായർ- ലാൽജോസ് കൂട്ടുകെട്ടായ നീലത്താമരയിൽ ഹരിദാസായി അരങ്ങേറ്റം കുറിച്ച നടനാണ് കൈലാഷ്, കഴിഞ്ഞ 12 വർഷമായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ കൈലാഷ് മലയാള സിനിമയിൽ സജീവവുമാണ്, നല്ല പെരുമാറ്റത്തിലൂടെ ഈ കാലയളവിൽ നല്ലൊരു സൗഹൃദവലയം സിനിമാക്കകത്തും പുറത്തും സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, ഇന്നേ വരെ സെറ്റിലുള്ള മോശം പെരുമാറ്റം കൊണ്ടോ പ്രതിഫല തർക്കം കൊണ്ടോ ഡേറ്റ് ക്ലാഷ് കൊണ്ടോ ഒരു പരാതിയും കൈലാഷിനെതിരെ ലഭിച്ചിട്ടുമില്ല, അത് കൊണ്ട് തന്നെയാണ് ഒരു വട്ടം അഭിനയിക്കാൻ വിളിക്കുന്ന സംവിധായകരും നിർമ്മാതാക്കളും അവരുടെ അടുത്ത ചിത്രത്തിലേക്കും കൈലേഷിന് ഒരു റോൾ പറഞ്ഞു വെക്കുന്നത്.
ഞാൻ ഇത്രയും ആമുഖമായി പറഞ്ഞു വെച്ചത് ഇത്രയും അച്ചടക്കത്തോടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരനെതിരെ ആസൂത്രിതമായ അപവാദ പ്രചാരണങ്ങൾ ഒരു കോണിൽ നിന്നും ഉയർന്നു വരുന്നതായി ശ്രദ്ധയിൽപെട്ടതിനാലാണ്, കഴിഞ്ഞ പത്തു വർഷമായി കൈലാഷിന്റെ സിനിമ ഇറങ്ങുമ്പോഴും അതിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും ഇറങ്ങുമ്പോഴും അദ്ദേഹത്തിനെതിരെ വ്യക്തിപരമായി വേദന ഉളവാക്കുന്ന രീതിയിൽ കമന്റുകളും പോസ്റ്ററുകളും സൃഷ്ടിച്ച് അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ചിലർ പതിവാക്കിയിട്ടുണ്ട്. അവസാനമായി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സി' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ ഇത്തരത്തിലുള്ള മനോരോഗികൾ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്, ഇരുട്ടിന്റെ മറവിലിരുന്ന് മറ്റുള്ളവർക്കെതിരെ സൈബറിടങ്ങളിൽ പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്. ഇതവസാനിപ്പിച്ചേ മതിയാകൂ, കൈലാഷും ജീവിക്കാൻ വേണ്ടി തന്നെയാണ് അഭിനയിക്കുന്നത്, ആ സിനിമകൾ നിങ്ങൾക്ക് കാണാതിരിക്കാം അല്ലെങ്കിൽ കണ്ടതിനു ശേഷം അഭിനയത്തെ വിമർശിക്കാം, അല്ലാതെ ഇറങ്ങുന്നതിന് മുൻപ് ഇത്തരത്തിൽ കളിയാക്കൽ പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
നീലത്താമരയിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഞാനും കൈലാഷും ആ സിനിമക്കിപ്പുറവും കുടുംബാങ്ങങ്ങളെ പോലെയാണ് ജീവിക്കുന്നത്, എന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ റെഡ് വൈനിൽ ലാലേട്ടനോടൊപ്പം ഇന്റർവൽ പഞ്ചിലെ നടന്റെ അന്വേഷണം കൈലാഷിലാണ് എത്തിച്ചേർന്നത്, അറിയിച്ചപ്പോൾ ഒരു മടിയും കൂടാതെ ആ ഒരു സീൻ വന്ന് അഭിനയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സിയിലും ബഷീർ പുലരിയുടെ ക്യാബിനിലും ഒരുമിച്ചു അഭിനയിച്ചു.
കൈലാഷ് എല്ലാ പിന്തുണയുമുണ്ട്, മലയാള സിനിമക്ക് നിങ്ങളെപോലെയുള്ള നടന്മാരെ ആവശ്യമാണ് അതുകൊണ്ടാണല്ലോ എം ടി സാറിന്റെ നീലത്താമര, ടി വി ചന്ദ്രൻ സാറിന്റെ ഭൂമിയുടെ അവകാശികൾ, ലാൽ ജോസ് സാറിന്റെ ഡയമണ്ട് നെക്ലേസ്, പപ്പേട്ടന്റെ ശിക്കാർ, മാർത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഷാജി കൈലാസ് സാറിന്റെ മദിരാശി, ജിൻജർ, വൈശാഖിന്റെ മധുരരാജാ, കസിൻസ്, അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ശ്രീകുമാർ മേനോന്റെ ഒടിയൻ, കെ മധു സാറിന്റെ ബാങ്കിങ് ഹാവേഴ്സ്, എം എ നിഷാദിക്കാടെ ബെസ്റ്റ് ഓഫ് ലക്ക്, അനൂപിന്റെ ഹോംലി മീൽസ്, വി എം വിനു സാറിന്റെ പെൺ പട്ടണം, സുരേഷ് ദിവാകരന്റെ മര്യാദരാമൻ, ആനക്കള്ളൻ, വി കെ പിയുടെ താങ്ക് യൂ, ഗിരീഷിന്റെ അങ്കിൾ, ജിബി ജോജുവിന്റെ ഇട്ടിമാണി, ഒമർ ലുലുവിന്റെ ചങ്ക്‌സ്, കമൽ സാറിന്റെ പ്രണയമീനുകളുടെ കടൽ, സുന്ദർദാസ് ചേട്ടന്റെ വെൽക്കം ട്ടോ സെൻട്രൽ ജയിൽ, സൈജുവിന്റെ ഇര, ബെന്നി തോമസ്സിന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട്, ഷിബു ഗംഗാധരന്റെ പ്രൈസ് ഡി ലോഡ് എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിക്കില്ലല്ലോ...