കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പമെന്റ് കോർപ്പറേഷൻ ചെയർമാനായ ഷാജി എൻ കരുണിനെതിരെ നടി സജിത മഠത്തിൽ. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി സർക്കാർ ചിലവിൽ നിർമിച്ച നാല് സിനിമകളിലെയും സ്ത്രീകൾക്ക് ചെയർമാനായ ഷാജി എൻ കരുണിൽ നിന്നും കെ.എസ്.എഫ്.ഡി.സിയിൽ നിന്നും നേരിടേണ്ടി വന്നത് അങ്ങേയറ്റം വേദനാജനകമായ കാര്യങ്ങളാണ് എന്ന് സജിത മഠത്തിൽ. ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മാനസിക സംഘർഷം അനുഭവിക്കുകയും പാനിക്ക് അറ്റാക്ക് വരികയും ചെയ്യുന്ന സ്ത്രീകളെ തനിക്ക് നേരിട്ട് അറിയാമെന്നും അത്തരത്തിൽ അവർ സർക്കാരിൽ പരാതി സമർപ്പിച്ചിട്ടുള്ള ഒരാൾ മലയാള സിനിമയുടെ നയരൂപീകരണ സമിതി അദ്ധ്യക്ഷനായി വരുന്നത് അവരെയെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നുവെന്നും സജിത മഠത്തിൽ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സജിത മഠത്തിൽ പറഞ്ഞത്:
കേരളത്തിലെ ഫിലിം പോളിസി ചെയ്യുന്നത് പ്രസിദ്ധനായിട്ടുള്ള ക്യാമറമാനും സംവിധായകനുമായ ഷാജി എൻ കരുൺ ആണ്. ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വഴിയാണ് സ്ത്രീകൾക്ക് സിനിമയെടുക്കാൻ വേണ്ടിയുള്ള പണം കൊടുത്തിട്ടുണ്ടായിരുന്നത്. ഹേമ കമ്മറ്റി രൂപീകരിച്ച അതേ സമയത്ത് തന്നെയാണ് ഈ ഒരു കാര്യവും പ്രഖ്യാപിക്കുന്നത്. WCC ഉണ്ടായതിന് ശേഷം ഈ കാര്യങ്ങളെല്ലാം ഗൗരവകരമായി കാണുകയും സർക്കാർ ഇതിനെ പോളിസിയുടെ ഭാഗമാക്കുകയും ഒക്കെ ചെയ്തു. അങ്ങനെ ഇതിന്റെ ഭാഗമായിട്ട് നാല് സിനിമകളുണ്ടായി. ഈ നാല് പേരുമായും പലഘട്ടങ്ങളിലും ഞാൻ സംസാരിച്ചിട്ടുണ്ട്. കേരള ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ മൊത്തം ഉദ്യോഗസ്ഥരും അവിടുത്തെ മാറി മാറി വരുന്ന എംടിമാരും ഷാജി എൻ കരുണും ഈ കുട്ടികളുടെ ജീവിതത്തെ എത്രത്തോളം വേദനാജനകമാക്കി എന്നുള്ളതിന്റെ ഉദാഹരണങ്ങൾ അവർ പരസ്പരം സർക്കാരിലേക്ക് അദ്ദേഹത്തിനെതിരെയും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷനെതിരെയും അയച്ചിട്ടുള്ള കത്തുകൾ വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും. ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ അടിക്കുകയും പാനിക്ക് അറ്റാക്ക് വരികയും ചെയ്യുന്ന കുട്ടികളാണ് അവർ. മിഡിൽ ക്ലാസ് സ്വാഭാവമുള്ള കുറേ സ്ത്രീകൾ സിനിമയെടുക്കാൻ വന്നു, അവർ ആദ്യമായി സിനിമയെടുക്കുന്ന സ്ത്രീകളാണ്, അപ്പോൾ നമ്മൾ കുറേ കാര്യങ്ങളിലൊക്കെ അവരെ ഉപദേശിക്കും എന്ന രീതിയിലാണ് അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത്. ശരിയാണ് അവർ ആദ്യമായി സിനിമയെടുക്കാൻ വന്ന സ്ത്രീകളാണ്. അതിനാണെല്ലോ സർക്കാർ ഫണ്ട് കൊടുത്തത്. കൃത്യമായി അവരെ മെന്റർ ചെയ്യുക, പിന്തുണയ്ക്കുക എന്നത് മാത്രമേ അവർ ചെയ്യേണ്ടതുള്ളൂ. പക്ഷേ അവരെ പിന്തുണയ്ക്കുക അല്ല അവർ ചെയ്തത്. പറഞ്ഞ് കേട്ടിടത്തോളം വളരെ വേദനാജനകമായ അനുഭവങ്ങളാണ് അവർക്ക് അവിടെ നിന്നും ഉണ്ടായിട്ടുള്ളത്. മിനിമം അവർ പറയുന്നത് കേൾക്കാനുള്ള മര്യാദയെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. നിങ്ങൾക്ക് നന്ദിയില്ല എന്നാണ് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ടാണ് അവർ അതിൽ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം നയരൂപീകരണ കമ്മറ്റിയുടെ ചെയർപേഴ്സണായി അദ്ദേഹത്തിന് വീണ്ടും ഇത്തരത്തിലുള്ള ഉത്തരവാദിത്തം കൊടുത്തു എന്നത് വളരെ ഷോക്കിംഗ് ആയിരുന്നു. അവർക്ക് എന്താണ് അവിടെ നിന്നും സംഭവിച്ചത് എന്ന് കേൾക്കുകയെങ്കിലും വേണ്ടതല്ലേ?
അതേസമയം കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകർക്കുള്ള സിനിമാ പദ്ധതിയിൽ പൂർത്തിയാക്കിയ 'നിള' എന്ന ചിത്രത്തിന്റെ സംവിധായികയായ ഇന്ദു ലക്ഷ്മിയും ഷാജി എൻ കരുണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ അടക്കമുള്ളവരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കുന്ന പരാതിയുടെ പകർപ്പും ഒപ്പം തന്നോടും തന്റെ സിനിമയായ നിള എന്ന ചിത്രത്തിനോട് ഷാജി എൻ കരുൺ കാണിച്ച അവഗണനയും കഴിഞ്ഞ ദിവസങ്ങളിലായി ഇന്ദു ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.