Film News

മുറിക്കുള്ളിലെ ഒന്നര മണിക്കൂര്‍, സജീവന്‍ അന്തിക്കാടിന്റെ 'ഒറ്റയാള്‍ സിനിമ'; ടോള്‍ ഫ്രീ 1600-600-60

കൊവിഡ് മഹാമാരിയും അത് സൃഷ്ടിച്ച സ്തംഭനാവസ്ഥയും സിനിമാമേഖലയില്‍ ഒരുപാട് പരീക്ഷണ ചിത്രങ്ങള്‍ക്ക് കൂടി കാരണമായിട്ടുണ്ട്. അത്തരത്തില്‍ മലയാളത്തിലൊരുങ്ങുന്ന പരീക്ഷണ ചിത്രമാണ് ടോള്‍ ഫ്രീ 1600-600-60. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ടി.അരുണ്‍കുമാര്‍-സുനില്‍ ഗോപാലകൃഷ്ണന്‍ ടീമിന്റേതാണ്.

96 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരു കഥാപാത്രമാണുള്ളത്. പുതുമുഖമായ അരുണാണ് ഈ വേഷത്തിലെത്തുന്നത്. ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം നടപ്പാക്കാനായി ഹോട്ടലില്‍ റൂമെടുത്തിരിക്കുന്ന ഒരാളും, അയാള്‍ ചെയ്യുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ആ മുറിക്കുള്ളിലാണ് സിനിമ മുഴുവന്‍ നടക്കുന്നത്.

ഒരാളിലൂടെ മാത്രം കഥ പറയുന്ന ചിത്രമായതുകൊണ്ടു തന്നെ, സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളെ ഒന്നര മണിക്കൂര്‍ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുക എന്നത് ശ്രമകരമായിരുന്നുവെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു. ഇതുതന്നെയായിരുന്നു ചിത്രം തയ്യാറാക്കുമ്പോഴുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇത്തരമൊരു പ്രമേയം മലയാളസിനിമയില്‍ ഇതുവരെ കാണാത്തതുകൊണ്ടാണ് ഇത് പരീക്ഷണചിത്രമാണെന്ന് പറയുന്നതെന്നും സംവിധായകന്‍ ദ ക്യുവിനോട് പറഞ്ഞു.

ചിത്രീകരണം സ്‌കൂളില്‍

ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട ജോലിയിലാണ് ഇപ്പോഴെന്നും സംവിധായകന്‍ പറയുന്നു. '10 ദിവസം മാത്രമെടുത്തായിരുന്നു ചിത്രീകരണം. ഒരു സ്‌കൂളിനുള്ളിലാണ് ഹോട്ടല്‍ റൂമിന്റെ സെറ്റിട്ടത്. 16 പേര്‍ മാത്രമാണ് ചിത്രീകരണ സംഘത്തിലുണ്ടായിരുന്നത്, അങ്ങനെ പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്.

കച്ചവട താല്‍പര്യമില്ലാതെ നിര്‍മ്മിച്ച സിനിമയാണ് ടോള്‍ ഫ്രീ. സാഹചര്യങ്ങള്‍ക്കനുസരിച്ചാകും റിലീസ് സംബന്ധിച്ച തീരുമാനം. വിപുലമായ ഒരു റിലീസ് ചിത്രത്തിനുണ്ടാകില്ല, ചില കേന്ദ്രങ്ങളില്‍ മാത്രമാകും പ്രദര്‍ശനം. മാത്രമല്ല ഒടിടി പ്ലാറ്റ്‌ഫോമുകളിലുള്‍പ്പടെ ഒരു സിനിമ പ്രദര്‍ശനത്തിനെത്തിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. താരമൂല്യമുള്ള അഭിനേതാക്കളോ, പ്രസിദ്ധരായ സംവിധായകരോ, വമ്പന്‍ നിര്‍മ്മാതാക്കളോ ഒക്കെയാണ് ഒടിടികളുള്‍പ്പടെ സിനിമകള്‍ വില കൊടുത്ത് വാങ്ങാനുള്ള മാനദണ്ഡം', സജീവന്‍ അന്തിക്കാട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷ

ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹതിരക്കഥാകൃത്ത് ടി.അരുണ്‍കുമാര്‍ പറഞ്ഞു. 'ലോക്ക്ഡൗണില്‍ ഉണ്ടാകുന്ന ഒരു സംഭവമാണ് ചിത്രം പറയുന്നത്.

മോശം കാലത്ത് മോശം കാലത്തെപ്പറ്റിയുള്ള കല ഉണ്ടാകും എന്ന ഒരു വാചകം ഉണ്ടല്ലോ. വ്യക്തിപരമായി അത് ശരിയെന്ന് ബോധ്യപ്പെട്ട അനുഭവമാണ് ഈ സിനിമ. ലോകം മുഴുവൻ നിശ്ചലമാവുമ്പോഴും കല അതിന്റെ പുതിയ വഴികൾ കണ്ടെത്തുമെന്നതിന് തെളിവാണ് ഈ ചെറിയ സിനിമ . ഇത് മാത്രമല്ല ഇതിനോടകം ഈ കാലത്ത് വന്ന പല പരീക്ഷണ ചിത്രങ്ങളും.

ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുമ്പോഴും യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇത്. ഇപ്പോഴത്തെ സമയത്ത് കണ്ടന്റ് ഉള്ള സിനിമകളെ അംഗീകരിക്കാനും അത് ഗ്ലോബലി തന്നെ എത്തിക്കാനുമൊക്കെയുള്ള വലിയ സാധ്യതകളുണ്ട്. ചിത്രം ശ്രദ്ധിക്കപ്പെടുമെന്നും, ആളുകള്‍ ഏറ്റെടുക്കുമെന്നുമാണ് പ്രതീക്ഷ', അരുണ്‍കുമാര്‍ പറഞ്ഞു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT