Film News

‘ചതികളില്‍ ഹൃദയം പൊട്ടി മരിച്ച മലയാളത്തിന്റെ വലിയ ചില സംവിധായകരെക്കുറിച്ച് ഓര്‍ക്കാം’; ‘മാമാങ്ക’ത്തിനെതിരെ വിമര്‍ശനവുമായി സജീവ് പിള്ള

THE CUE

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന് എതിരെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തിരക്കഥാകൃത്തും സംവിധായകനായിരുന്ന സജീവ് പിള്ള . ചിത്രത്തിന് വേണ്ടി ജീവിതത്തിലെ വിലപ്പെട്ട സമയം തന്നെ കൊടുത്ത താന്‍ ചിലരുടെ പാഴ് വാക്കുകള്‍ വിശ്വസിച്ച് കരാര്‍ ഒപ്പിട്ടുവെന്നും ആ മണ്ടത്തരത്തില്‍ ജീവിതത്തിന്റെ വലിയ പങ്ക് കൈവിട്ട് പോകുകയാണെന്നും സജീവ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌ക്രിപ്റ്റ് വികലമാക്കാന്‍ കഴിയില്ല എന്ന തന്റെ നിലപാടായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഇപ്പോള്‍ അതിനെ സൂത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ മറികടന്നിരിക്കുകയാണെന്നും സജീവ് പിള്ള പറയുന്നു. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററില്‍ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും. ഒരു ഒപ്പിട്ട് പോയി എന്നത് കൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതില്‍ ചില പരിമിതികള്‍ ഉണ്ടാകാമെന്നും എങ്കിലും ചിലതൊക്കെ കോടതി തീരുമാനിക്കേണ്ടതാണെന്നും സംവിധായകന്‍ കുറിച്ചു.

രാജ്യത്തെ പേരു കേട്ട സാങ്കേതിക വിദഗ്ദരെയും പൂര്‍ണ്ണാര്‍പ്പണം നടത്തിയ അഭിനേതാക്കളേയുമെല്ലാം സാമാന്യ മര്യാദകള്‍ പോലും ഇല്ലാതെ ഒന്നടങ്കം പുറത്താക്കുക, ജീവിതം കൊടുത്ത, ഡേറ്റുള്‍പ്പടെ പ്രോജക്ടുണ്ടാക്കിയ, സൃഷ്ടാവുള്‍പ്പടെയുള്ളവരെ പുറത്താക്കി പൂര്‍ണ്ണമായി തമസ്‌കരിക്കുക പരസ്യമായി തേജോവധം ചെയ്യുക ചതിയില്‍ ബൌദ്ധികാവകാശം മുതല്‍ ക്രഡിറ്റുകള്‍ വരെ കയ്യടക്കുന്ന പുതിയ സംസ്‌കാരം ഉണ്ടാക്കുക എന്നതൊക്കെ നല്ല സൂചനയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
സജീവ് പിള്ള

ഇത്തരം ചതികളില്‍ പെട്ട്, ഹൃദയം പൊട്ടിയും സ്‌ട്രോക്ക് വന്നും ഡിപ്രഷനില്‍ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓര്‍ക്കാം. (പലതും സമീപ കാലങ്ങളിലായിരുന്നെങ്കിലും, തെളിവുകളോ തെളിയിക്കാന്‍ രേഖകളോ ഇല്ലാത്തത് കൊണ്ട് പേരുകള്‍ പരാമര്‍ശിക്കുന്നില്ല.) പരസ്യമായും രഹസ്യമായും ബഹിഷ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്തതല്ലാതെ ഒരു സംഘടനയും അവരെ പിന്തുണച്ചില്ലെന്നും വേട്ടക്കാര്‍ക്കും ചതിയന്മാര്‍ക്കും ഒപ്പം ആവേശത്തോടെ നില്‍ക്കുകയും ചെയ്തുവെന്നും സജീവ് പിള്ള കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയമാണ് മാമാങ്കം സിനിമക്കായി കൊടുത്തത്. ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ഒപ്പം അതിന്റെ സമകാലികതയും സവിശേഷമായ ചരിത്ര പശ്ചാത്തലവും ഒക്കെ അത്രയേറെ പ്രചോദിപ്പിക്കുന്നതായിരുന്നു. ആര്‍ക്കും ഒഴിഞ്ഞ്മാറാന്‍ പറ്റാത്ത്, എന്നും മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് പേര്‍ക്ക് സ്‌ക്രിപ്ട് ഇഷ്ടമായി എന്ന് പറയുകയും ചെയ്തു. പ്രകീര്‍ത്തനങ്ങള്‍ പല തലത്തില്‍ നിന്നും ധാരാളമായി വന്നു. സ്‌ക്രിപ്ട് പലപ്രാവശ്യം പൂര്‍ണ്ണമായി വായിച്ച് ബോധ്യം വന്നാണ് ഇപ്പോഴത്തെ നിര്‍മ്മാതാവ് പോലും ഈ പ്രൊജക്ടിലേക്ക് വന്നത്. പക്ഷേ, മാപ്പര്‍ഹിക്കാത്ത ഒരു മണ്ടത്തരം ഞാന്‍ ചെയ്തു: അമിതമായ ആവേശത്തില്‍, പിന്നിലെ കര്‍ക്കശമായ തന്ത്രങ്ങള്‍ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയില്‍ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോള്‍, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.

എന്നെയും ഒപ്പം രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദഗ്ദരേയും അഭിനേതാക്കളേയും ഒക്കെ തൊഴിലടത്തെ കേവല മര്യാദകള്‍ പോലും ഇല്ലാതെ ഒഴിവാക്കി, നിര്‍മ്മാതാവിന്റെ താല്പര്യമനുസരിച്ച് മാത്രം മുന്നോട്ട് പോയപ്പോള്‍ നിര്‍മ്മാതാവിനെ കണ്ണടച്ച് പിന്തുണച്ചവരും പറഞ്ഞു: സംവിധാനം മഹാമോശം. സ്‌ക്രിപ്ട് ഗംഭീരം. സത്യത്തില്‍ പ്രശ്‌നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീര്‍ത്തിക്കപ്പെട്ട സ്‌ക്രിപ്ട് വികലമാക്കാന്‍ കഴിയില്ല എന്ന എന്റെ നിലപാടായിരുന്നു. ഒരു മസാല തട്ടിക്കൂട്ടിന് ഞാന്‍ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. എന്റെ സംശയങ്ങള്‍ ഇപ്പോള്‍ ശരിയായിരിക്കുന്നു. സൂത്രത്തില്‍ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററില്‍ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും.

ഒരു ഒപ്പിട്ട് പോയി എന്നത് കൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതില്‍ ചില പരിമിതികള്‍ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്.

ഇത്തരം ചതികളില്‍ പെട്ട്, ഹൃദയം പൊട്ടിയും സ്‌ട്രോക്ക് വന്നും ഡിപ്രഷനില്‍ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓര്‍ക്കാം. (പലതും സമീപ കാലങ്ങളിലായിരുന്നെങ്കിലും, തെളിവുകളോ തെളിയിക്കാന്‍ രേഖകളോ ഇല്ലാത്തത് കൊണ്ട് പേരുകള്‍ പരാമര്‍ശിക്കുന്നില്ല.) പരസ്യമായും രഹസ്യമായും ബഹിഷ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്തതല്ലാതെ ഒരു സംഘടനയും അവരെ പിന്തുണച്ചില്ലായെന്ന് മാത്രമല്ല വേട്ടക്കാര്‍ക്കും ചതിയന്മാര്‍ക്കും ഒപ്പം ആവേശത്തോടെ നില്‍ക്കുകയും ചെയ്തു. ഇപ്പോഴും നില്‍ക്കുന്നു. അത്തരം കൊലച്ചതികളില്‍ പോലും ഉണ്ടായിരുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ ലാഞ്ജനയും ഇപ്പോള്‍ പോവുകയാണ്. അത്യമിതമായ പണം ഉണ്ടാക്കുന്ന മനോനില സാധാരണ അവസ്ഥകളില്‍ നില്‍ക്കുന്നവരുടെയൊക്കെ കോംപ്രിഹെന്‍ഷന് നിരക്കുന്നതല്ല. എത്ര പണം മുടക്കിയാലും അവനെ (സൃഷ്ടാവിനെ) നശിപ്പിക്കും എന്ന വാശി പരിചയമുള്ളതാകണമെന്നില്ല. അത് മൂര്‍ച്ചിപ്പിച്ച്, സംസ്‌കാരശൂന്യമായ ധാര്‍ഷ്ട്യത്തിന് ദാസ്യം ചെയത്, സംഘടനാ താക്കോലുകള്‍ സമ്പാദിച്ച പണം ആരും അറിയാതെ പോവുമെങ്കിലും പദ്ധതിപടങ്ങളും പലതരം വേഷങ്ങളും ഒക്കെ വഴിയെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.

എല്ലാം അറിഞ്ഞിട്ടും, മിണ്ടിയാല്‍, ഇന്‍ഡസ്ട്രി ബന്ധങ്ങളില്‍ കോട്ടം ഉണ്ടാകുമെന്നും പിന്നെ സിനിമ ചെയ്യാന്‍ പാടായിരിക്കുമെന്നും ഒക്കെ കരുതി നിശബ്ദരായി കാണുന്ന പല മേഖലകളിലായി സിനിമയില്‍ പണിയെടുക്കുന്ന ചിലരെങ്കിലും ഇത് ഇതേവരെ ഇല്ലാത്ത കീഴ് വഴക്കമാണ് കൊണ്ടു വരുന്നതെന്ന് തിരിച്ചറിയുക എങ്കിലും ചെയ്യും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. രാജ്യത്തെ പേരു കേട്ട സാങ്കേതി വിദഗ്ദരെയും പൂര്‍ണ്ണാര്‍പ്പണം നടത്തിയ അഭിനേതാക്കളേയുമെല്ലാം സാമാന്യ മര്യാദകള്‍ പോലും ഇല്ലാതെ ഒന്നടങ്കം പുറത്താക്കുക, ജീവിതം കൊടുത്ത, ഡേറ്റുള്‍പ്പടെ പ്രോജക്ടുണ്ടാക്കിയ, സൃഷ്ടാവുള്‍പ്പടെയുള്ളവരെ പുറത്താക്കി പൂര്‍ണ്ണമായി തമസ്‌കരിക്കുക പരസ്യമായി തേജോവധം ചെയ്യുക ചതിയില്‍ ബൌദ്ധികാവകാശം മുതല്‍ ക്രഡിറ്റുകള്‍ വരെ കയ്യടക്കുന്ന പുതിയ സംസ്‌കാരം ഉണ്ടാക്കുക എന്നതൊക്കെ നല്ല സൂചനയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

മാമാങ്കം തന്നെ, ആത്മാഭിമാനവും അന്തസ്സമുള്ള രാജ്യങ്ങളേയും ജനപഥങ്ങളേയും പണത്തിന്റെയും അതുവഴി ഉണ്ടാക്കിയ സൈനികബലത്തിന്റെയും ശക്തിയില്‍ ചതിയിലൂടെ വളഞ്ഞ് പിടിച്ചതിന്റെയും, സൂക്ഷ്മതയില്‍ ആത്മാഭിമാനത്തിന്റെയും നേരിന്റെയും നെറിയുടേയും വ്യക്തിത്വത്തങ്ങളെ പോലും അഴമതിയിലും പ്രലോഭനത്തിലും മുക്കിക്കൊല്ലുന്നതുമായ, സമഗ്രാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്. ഇത്തരം ഒരു ആശയം പോലും സ്വപ്നം കാണാനുള്ള കെല്‍പ്പു പോലും ഇല്ലാതെ നടന്ന്, വ്യക്തിത്വമോ ആത്മാഭിമാനമോ ഇല്ലാതെ നാണം കെട്ടും ചതിച്ചും, ചതിക്കപ്പെടുന്നവരുടെ ജീവിതത്തെയും അധ്വാനത്തേയും തട്ടിയെടുത്ത് ഉളുപ്പില്ലാതെ വിജയകളാകാന്‍ കാത്ത് നില്‍ക്കുന്ന പരാന്നഭോജികള്‍ ഉള്ളപ്പോഴും, അടിപടലം വിജയിച്ച് വ്യാപിച്ച് നില്‍ക്കുന്ന സമഗ്രാധിപത്യത്തിനെതിരെ ഒറ്റപ്പെട്ട് മനുഷ്യര്‍ നടത്തുന്ന പുറമേ ദുര്‍ബലമെന്ന് തോന്നുന്ന വെല്ലുവിളി ഏറ്റവും പ്രധാനമാണെന്ന് കരുതുന്നു. ഒറ്റപ്പെട്ട വീറുറ്റ പോരാട്ടം. അതില്ലെങ്കില്‍ പിന്നെ ജീവിത്തിനെന്താണ് കാര്യം? അല്ലെങ്കില്‍ എല്ലാം അടഞ്ഞ് പോവില്ലേ? അതിലൂടയല്ലേ ജീവിതം മുന്നോട്ട് പോകുന്നത്. അതാണ് പ്രത്യാശയും. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എല്ലാം പൂര്‍ണ്ണമായും വിഫലമായിട്ടില്ല. മറുവഴികള്‍ ഇനിയും ഇപ്പോഴും ഉണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT