'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലൂടെ മികച്ച തിരക്കഥക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സജീവ് പാഴൂര്‍ സംവിധായകനാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം. ഒടിടി റിലീസിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ വലിയ ചര്‍ച്ചയായ 'മണ്ടേല' എന്ന സിനിമക്ക് ശേഷം യോഗി ബാബു നായകനാകുന്ന ചിത്രമാണ് സജീവ് പാഴൂര്‍ ഒരുക്കുന്നത്. യോഗി ബാബുവിനൊപ്പം ഉര്‍വശിയും പ്രധാന റോളില്‍ ചിത്രത്തിലുണ്ട്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയാണ് സജീവ് പാഴൂരിന്റെ രചനയില്‍ പുറത്തിറങ്ങിയത്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ തിരക്കഥയും സജീവ് പാഴൂരിന്റേതാണ്.
ഇന്ദ്രന്‍സിനെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'പൊന്‍മുട്ട' എന്ന പേരില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പേരില്‍ ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പ്രേക്ഷകരിലെത്തിയത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'സ്വപാനം' എന്ന സിനിമയുടെ സഹരചയിതാവായാണ് മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂര്‍ തിരക്കഥാകൃത്തായി സജീവമാകുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് പുറമേ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.
വിജയ് സേതുപതി നായകനായ ആണ്ടവന്‍ കട്ടളൈ, നയന്‍താരയുടെ കോലമാവ് കോകില, മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്നീ സിനിമകളില്‍ കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച യോഗി ബാബുവിന് കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു മണ്ടേല.
ജാതി രാഷ്ട്രീയവും വോട്ട് ബാങ്ക് പൊളിറ്റിക്‌സ് ദളിതരെ എങ്ങനെ പരിഗണിക്കുന്നുവെന്നതുമായിരുന്നു സറ്റയര്‍ സ്വഭാവമുള്ള സിനിമയുടെ പ്രമേയം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നടനെന്നാണ് യോഗി ബാബുവിനെക്കുറിച്ച് മണ്ടേല കണ്ട ശേഷം ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തത്. വിജയുടെ പുതിയ ചിത്രം ബീസ്റ്റിലും യോഗി ബാബു പ്രധാന റോളിലുണ്ട്.
സജീവ് പാഴൂര്‍ മുമ്പ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞത്
സിനിമയ്ക്ക് ശേഷം ഓരോ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയില്‍ ബിജു മേനോന്റെ സുനിയും, തൊണ്ടിമുതലില്‍ ശ്രീജയും പ്രസാദും സിനിമയ്ക്ക് ശേഷം എവിടെയാണെന്ന് ആലോചിക്കാറുണ്ട്. തൊണ്ടിമുതലിന്റെ സീക്വല്‍ അങ്ങനെ ആലോചിച്ചിട്ടുണ്ട്.
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസ് ഓര്‍ഗാനിക് ആയി സംഭവിക്കേണ്ടതാണെന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍. കഥാപാത്രങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ മുടക്കുന്ന രീതിയില്‍ പൊളിറ്റിക്കല്‍ കറക്ട്നെസ് ഉണ്ടാക്കിയിട്ട് കാര്യമില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലൊന്നായി വരേണ്ടതല്ല പൊളിറ്റിക്കല്‍ കറക്ട്നെസ്.
സിനിമയില്‍ പരിമിതമായ റിയലിസം മാത്രമേ സാധ്യമാകൂ. ഒരേ തരം റിയലിസ്റ്റിക് സ്വഭാവം ആവര്‍ത്തിച്ചതാണ് ഇറാന്‍ സിനിമകള്‍ക്ക് ഇടക്കാലത്ത് തളര്‍ച്ചയുണ്ടായത്. കേരളത്തില്‍ ഉള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം മറച്ചുവച്ച് സിനിമയുണ്ടാക്കാനാകില്ല. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലെ ഷാനവാസിനെ പോലെ ഒരു പാട് പേര്‍ കേരളത്തില്‍ ഉണ്ട്. ഷാനവാസ് സിനിമയില്‍ മുഴുനീള കഥാപാത്രമായി വന്നത് അങ്ങനെയാണ്.