നെറ്റ്ഫ്‌ലിക്‌സ് ചിത്രം ദ ഗ്രേ മാനിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ജൂലൈ 20ന് മുംബൈയില്‍ വെച്ച് നടക്കും. പ്രീമിയറില്‍ ധനുഷിന് ഒപ്പം ചിത്രത്തിന്റെ സംവിധായകരായ റൂസോ ബ്രദേഴ്‌സും പങ്കെടുക്കും. ചിത്രത്തിന്റെ പ്രമോഷനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റൂസോ ബ്രദേഴ്‌സ് അറിയിച്ചു.
അതേസമയം ഇന്ത്യന്‍ പ്രീമിയറില്‍ പങ്കെടുക്കുന്നതിനായി പ്രേക്ഷകര്‍ക്കും നെറ്റ്ഫ്‌ലിക്‌സ് അവസരം ഒരുക്കുന്നുണ്ട്. ജൂലൈ 12 മുതല്‍ ആരംഭിക്കുന്ന ഒരു കോണ്ടസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ദ ഗ്രേ മാന്‍ പ്രീമിയറിലേക്കുള്ള ടിക്കറ്റുകള്‍ സമ്മാനമായി ലഭിക്കും.
ദ ഗ്രേ മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ച് നടന്‍ ധനുഷും പ്രതികരണം അറിയിച്ചു. 'ആക്ഷന്‍ ഡ്രാമയായ ഒരുപാട് ആകാംഷഭരിതമായ രംഗങ്ങള്‍ നിറഞ്ഞ ചിത്രമാണ് ദ ഗ്രേ മാന്‍. ചിത്രം എനിക്ക് തീര്‍ച്ചയായും അസാധാരണമായൊരു അനുഭവമായിരുന്നു. റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ് തുടങ്ങിയ അതുല്യപ്രതിഭകള്‍ക്കൊപ്പം ചെറിയൊരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെ'ന്നാണ് ധനുഷ് പറഞ്ഞത്.
അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ്, തുടങ്ങിയവര്‍ക്കൊപ്പം ധനുഷും പ്രധാന വേഷം ചെയ്യുന്നു.
മാര്‍ക്ക് ഗ്രേനെയുടെ 'ദി ഗ്രേ മാന്‍' എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സി.ഐ.എ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്‌സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.