തനിക്കെതിരെ ആരോപണം ഉന്നയിച്ച തമിഴ് ഗായിക സുചിത്രയുടെ വീഡിയോയിൽ വസ്തുതയില്ലെന്ന് നടി റിമ കല്ലിങ്കൽ. പിണറായി വിജയനും മമ്മൂട്ടിയും മോഹൻലാലും കൂടി ഫഹദ് ഫാസിലിനെ തകർക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് സുചിത്രയുടെ വീഡിയോ തുടങ്ങുന്നത്. ഇത് വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടായിരുന്നില്ല എന്ന് നടി കൂട്ടിച്ചേർത്തു. റിമ കല്ലിങ്കൽ വീട്ടിൽ ലഹരിപ്പാർട്ടി നടത്തിയെന്നും അറസ്റ്റിലായി എന്നുമായിരുന്നു സുചിത്രയുടെ ആരോപണം. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സുചിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ച ശേഷം ഇപ്പോൾ പരസ്യപ്രതികരണം നടത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. സുചിത്രയോട് സഹതാപം മാത്രമാണുള്ളതെന്ന് റിമ പ്രതികരിച്ചു. സുചി ലീക്സ് എന്ന പേരിൽ നേരത്തെ തന്നെ തമിഴ് നാട്ടിൽ വിവാദമായിട്ടുള്ളതാണ് സുചിത്രയുടെ വീഡിയോകൾ. വസ്തുതയില്ലാത്ത വീഡിയോ പരിശോധിക്കാതെ ഒരു ഭാഗം മാത്രം വെച്ചാണ് മാധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്തതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് റിമ കല്ലിങ്കൽ പറഞ്ഞു.
റിമ കല്ലിങ്കൽ പറഞ്ഞത്:
ഏഴര വർഷത്തോളം ഞങ്ങൾ WCC യുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. 4 വർഷം മുൻപ് മൊഴികൊടുത്തതിന്റെ ഫലമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയമാണിത്. സുചി ലീക്സ് എന്ന പേരിൽ നേരത്തെ തന്നെ തമിഴ് നാട്ടിൽ വിവാദമായിട്ടുള്ളതാണ് സുചിത്ര എന്ന സ്ത്രീയുടെ വീഡിയോകൾ. കുറെയധികം ആളുകളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ അവരുടേതായിട്ടുണ്ട്. തമിഴിലെയും ബോളിവുഡിലെയും ധാരാളം ആളുകളെക്കുറിച്ച് ഇവർ വീഡിയോ ചെയ്തിട്ടുണ്ട്. ഇനി ഇപ്പോൾ നടക്കുന്ന ആരോപണത്തെക്കുറിച്ച് പറയാം. അവരുടെ 30 മിനിറ്റ് വീഡിയോയുടെ ഒരു മിനിറ്റ് ഭാഗം മാത്രമാണ് മുഘ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ ചർച്ചയ്ക്ക് വയ്ക്കുന്നത്. മാധ്യമങ്ങൾ ഇത് ചർച്ചയ്ക്ക് വെച്ചത് പ്രത്യേകിച്ച് ഒരു പരിശോധനയും നടത്താതെയാണ്. പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശമുള്ള ഒരു വ്യക്തിയുടെ യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. ആ വീഡിയോയിൽ തന്നെ തന്റെ അറിവില്ലായ്മ അവർ പറയുന്നുണ്ട്. ഇങ്ങനെയുള്ള ഒരു വാർത്തയ്ക്ക് ഇപ്പോൾ ഇത്രയും പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിൽ ബാക്കി കേരളം വായിച്ചെടുക്കട്ടെ.
വലിയൊരു മുന്നേറ്റത്തിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ടാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. പൊതു ജനങ്ങൾ അറിയുന്ന ഒരാൾ എന്ന നിലയിൽ എനിക്കെതിരെ പലതരം ഗോസിപ്പുകളും കഥകളും ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇതിന് മുൻപ് ഞാൻ ഇങ്ങനെ പ്രതികരിച്ചിട്ടില്ല. ഇത് അങ്ങനെ ഒരു സമയമല്ല. കേരളത്തിനും മലയാള സിനിമയ്ക്കും ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇതെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്. പിണറായി വിജയനും മമ്മൂട്ടിയും മോഹൻലാലും കൂടി ഫഹദ് ഫാസിലിനെ തകർക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് സുചിത്രയുടെ വീഡിയോ ആരംഭിക്കുന്നത്. എനിക്ക് ആ സ്ത്രീയോട് സഹതാപം മാത്രമുള്ളു. എന്റെ ഒപ്പമുള്ള എല്ലാ സ്ത്രീകളും ഭാവിയിൽ വരാനിരിക്കുന്നവരും ഈ സമയത്ത് ശ്രദ്ധിക്കുന്നുണ്ടാവും എന്നതുകൊണ്ടാണ് ഇപ്പോൾ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. WCC യിലെ പല അംഗങ്ങളെയും ഇപ്പോൾ ആളുകൾ ലക്ഷ്യം വെക്കുന്നുണ്ട്. സംഘടനയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.