സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ‘ തിയറ്ററിലെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്നും ചിത്രം വിമർശനം നേരിടുന്നുണ്ട്. സിനിമയിൽ ആകെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിലാകെ ഉയരുന്ന ട്രോൾ. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇതേ പ്രശ്നം സിനിമ നിരൂപണത്തിലും വ്യക്തമായി ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ഓസ്‍കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികണവുമായി എത്തി. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ റസൂൽ പൂക്കുട്ടി പറഞ്ഞു.
റസൂൽ പൂക്കുട്ടിയുടെ പോസ്റ്റ്:
റീ-റെക്കോർഡിംഗ് മിക്സർ ആയ എന്റെ ഒരു സുഹൃത്താണ് എനിക്ക് ഈ ക്ലിപ്പ് അയച്ചു തന്നത്. നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ച് ഇത്തരത്തിൽ ഒരു റിവ്യൂ കാണുമ്പോൾ നിരാശയുണ്ട്. നമ്മുടെ കലാമികവ് ഈ 'ലൗഡ്‌നെസ്സ് വാറിൽ' അകപ്പെട്ടുപോയിരിക്കുകയാണ്. ഇതിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ഉറക്കെ വിളിച്ചു പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തിയ കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡ് താരം ദിഷ പാട്ണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതിയത്. അതേസമയം സിനിമയ്ക്ക് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് താനുള്ളതെന്നും ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററിലെത്തിയപ്പോൾ സംവിധായകൻ ശിവ പറഞ്ഞു.