Film News

'സ്വാഭാവികതയില്‍ ന്യൂജന്‍ പുലികളേയും കവച്ചുവെക്കുന്നു ഇന്ദ്രന്‍സേട്ടന്‍'

സ്വാഭാവികതയില്‍ ന്യൂജന്‍ പുലികളെയും കവച്ചുവെക്കുന്ന നടനാണ് ഇന്ദ്രന്‍സ് എന്ന് മാതൃഭൂമി മ്യൂസിക് റിസര്‍ച്ച് മേധാവി രവി മേനോന്‍. ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയമികവിന്റെ ഏറ്റവും പുതിയ നേര്‍സാക്ഷ്യമാണ് ഒടിടി റിലീസായ റോജിന്‍ തോമസിന്റെ ഹോം എന്ന ചിത്രമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ദ്രന്‍സിനൊപ്പമുള്ള തന്റെ പഴയ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

'ഡിജിറ്റല്‍ വിപ്ലവകാലത്തെ ഒട്ടും ടെക്നോ-സാവി അല്ലാത്ത സാധാരണക്കാരനായ ഒരു മധ്യവര്‍ഗ്ഗ വീട്ടച്ഛന്റെ ആത്മസംഘര്‍ഷങ്ങളും ആശയക്കുഴപ്പങ്ങളും ആകുലതകളും അതീവഹൃദ്യമായി വരച്ചുകാട്ടുന്നു ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്. ഒരുവേള അയാളില്‍ നമ്മുടെ ഒരു അംശവുമില്ലേ എന്ന് തോന്നിക്കുന്നിടത്താണ് ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ വിജയം.

മുന്‍പും കിടിലന്‍ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് ഇന്ദ്രന്‍സേട്ടന്‍. പ്രത്യേക പരാമര്‍ശം നേടിയ അപ്പോത്തിക്കിരിയും സ്റ്റേറ്റ് അവാര്‍ഡ് നേടിയ ആളൊരുക്കവും വെയില്‍മരങ്ങളും ഉള്‍പ്പെടെ നിരവധി പടങ്ങളില്‍. എങ്കിലും ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് ഒന്നുവേറെ. സ്വാഭാവികതയില്‍ ന്യൂജന്‍ പുലികളേയും കവച്ചുവെക്കുന്നു ഇന്ദ്രന്‍സേട്ടന്‍', രവി മോനോന്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇന്ദ്രന്‍സാണ് ഈ ``ഹോ''മിന്റെ ഐശ്വര്യം

തുല്യദുഖിതരായിരുന്നു ഞങ്ങള്‍; ഇന്ദ്രന്‍സേട്ടനും ഞാനും. ഇരിക്കാന്‍ സീറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ് ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കുമ്പോഴും കോട്ടയത്തെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഒഴിഞ്ഞ കസേരകള്‍ തേടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞങ്ങള്‍.

സംഘാടകര്‍ ഇരിപ്പിടം ഒഴിച്ചിടാഞ്ഞിട്ടല്ല. കസേരകളുടെ പുറത്ത് അവാര്‍ഡിതരുടെ പേരുകള്‍ ഭംഗിയായി എഴുതി ഒട്ടിച്ചു വെക്കാഞ്ഞിട്ടുമല്ല. സീറ്റായ സീറ്റെല്ലാം പൊതുജനം കയ്യടക്കിയിരിക്കുന്നു. കയ്യേറ്റക്കാര്‍ പലരും സ്ഥലത്തെ പ്രധാന പയ്യന്‍സാണ്. പ്രാദേശിക ശിങ്കങ്ങള്‍. പൊലീസിന് പോലും തൊടാന്‍ മടിയുള്ള വി വി ഐ പിമാര്‍. ഇടക്ക് ഇന്ദ്രന്‍സേട്ടനെ നോക്കി ``അയ്യോ സീറ്റ് കിട്ടിയില്ലേ'' എന്ന് പരിതപിക്കുന്നുണ്ട് അവരില്‍ ചിലര്‍. പക്ഷേ ഒഴിഞ്ഞുതരാന്‍ മനസ്സില്ല ആര്‍ക്കും.

നിരന്തരമായ പരിശ്രമത്തിനൊടുവില്‍ പിന്‍നിരയില്‍ ഒരു ഇരിപ്പിടം തരപ്പെടുത്തുന്നു ഇന്ദ്രന്‍സേട്ടന്‍. തൊട്ടടുത്ത് എനിക്കായി മറ്റൊന്നും. ``വാ, വന്നിരിക്ക്. ഇല്ലെങ്കില്‍ ഇതും പോകും.''-- ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞു. എന്നിട്ട് ചിരിയോടെ ഒരു ആത്മഗതവും: ``പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ ഇത്രേം ബുദ്ധിമുട്ടില്ല....'' ആള്‍ക്കൂട്ടത്തില്‍ ഒരാളായി, സാധാരണക്കാരില്‍ സാധാരണക്കാരനായി ഒപ്പമിരുന്ന അഭിനയപ്രതിഭയെ അത്ഭുതത്തോടെ നോക്കിയിരുന്നു ഞാന്‍...

പരാതിയില്ല; പരിഭവമില്ല. താരജാഡകളോ നാട്യങ്ങളോ ഇല്ല. തനിക്ക് വേഷമില്ലാത്തിടത്ത് അറിയാതെ വന്നുപെട്ട നാട്ടിന്പുറത്തുകാരന്റെ ഭാവം മുഖത്ത്. ചുറ്റുമിരുന്നവരില്‍ ``താര''ത്തെ തിരിച്ചറിഞ്ഞ ചിലര്‍ പരസ്പരം എന്തൊക്കെയോ മുറുമുറുക്കുന്നു. മറ്റു ചിലര്‍ തിരിഞ്ഞുനോക്കി വിളിച്ചു ചോദിക്കുന്നു: ``ഇന്ദ്രന്‍സേട്ടാ.... നിങ്ങക്ക് കോമഡി അവാര്‍ഡാ?'' അതെയെന്ന് തലയാട്ടിയ ശേഷം ഇന്ദ്രന്‍സേട്ടന്‍ എന്റെ കാതില്‍ മന്ത്രിക്കുന്നു: ``അവാര്‍ഡില്‍ കോമഡിയും ട്രാജഡിയുമുണ്ടോ?'' പിറകില്‍ നിന്ന് ആഞ്ഞു തോണ്ടി മറ്റൊരു വിദ്വാന്റെ ചോദ്യം: ``ഇന്ദ്രന്‍സ്, എന്നെ അറിയില്ലേ? മുന്നാറിലെ മ്മടെ ജോയേട്ടന്റെ ഫാമില്‍ നിങ്ങള് വന്നപ്പോ നമ്മള് പരിചയപ്പെട്ടിട്ടുണ്ട്. അന്നത്തെ തമാശയൊന്നും മറന്നിട്ടില്ല.''

തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് ഇന്ദ്രന്‍സിന്റെ മറുപടി: ``പിന്നെ പിന്നെ.. മറക്കാന്‍ പറ്റുമോ. നല്ല ഓര്‍മ്മയുണ്ട്...കൊറച്ചു വണ്ണം വെച്ചു നിങ്ങള്.'' പിന്നെ എന്റെ നോക്കി കണ്ണിറുക്കി ഇത്ര കൂടി. ``ഒട്ടും ഓര്‍മ്മ വരുന്നില്ല. പാവം മനുഷ്യന്‍. ഒരു സന്തോഷായിക്കോട്ടെ. നമ്മളെ ഓര്‍ത്തുവെക്കുന്ന ആളല്ലേ..?''

അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശമായിരുന്നു ഇന്ദ്രന്‍സേട്ടന്. എനിക്ക് ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരവും. ഒപ്പമിരുന്ന നിമിഷങ്ങളില്‍ ഞാന്‍ പറഞ്ഞു: ``കൊറേക്കാലം കോമഡി മാത്രം കാണിച്ച് വേസ്റ്റാക്കിയില്ലേ? ഇനി പ്രായശ്ചിത്തം ചെയ്യാനുള്ള കാലമാണ്. നിങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ ഇന്ദ്രന്‍സേട്ടാ.'' ചിരിച്ചുകൊണ്ടുതന്നെ ഗൗരവം കൈവിടാതെ മറുപടി: ``ഏയ്, വേസ്റ്റാക്കി എന്നൊന്നും പറയാനാവില്ല. നമ്മള് ആസ്വദിച്ച് തന്നെയാണ് അതും ചെയ്തത്. ആളുകളെ ചിരിപ്പിക്കാനാ പ്രയാസം. കരയിക്കാന്‍ പിന്നേം എളുപ്പാ..''

``അങ്ങനെ പറഞ്ഞാല്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ പറ്റില്ല'' -- ഞാന്‍ പറഞ്ഞു. ``ആ കരച്ചില്‍ സിനിമ കണ്ടു പുറത്തിറങ്ങിയിട്ടും നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, നടന്‍ വിജയിച്ചു എന്നര്‍ത്ഥം. അങ്ങനെ കരയിക്കാന്‍ കഴിയുന്ന ആളാ ഇന്ദ്രന്‍സേട്ടാ നിങ്ങള്.''-- ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു നടന്‍.

ഇരിപ്പിടം തേടി പരേഡ് മൈതാനത്ത് കറങ്ങിയ നടന്‍ ഇന്ന് മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത ഇരിപ്പിടത്തിന്റെ ഉടമ. റോജിന്‍ തോമസ് സംവിധാനം ചെയ്ത "ഹോം'' എന്ന സിനിമ ആ അഭിനയമികവിന്റെ ഏറ്റവും പുതിയ നേര്‍സാക്ഷ്യം. ഡിജിറ്റല്‍ വിപ്ലവകാലത്തെ ഒട്ടും ടെക്നോ-സാവി അല്ലാത്ത സാധാരണക്കാരനായ ഒരു മധ്യവര്‍ഗ്ഗ വീട്ടച്ഛന്റെ ആത്മസംഘര്‍ഷങ്ങളും ആശയക്കുഴപ്പങ്ങളും ആകുലതകളും അതീവഹൃദ്യമായി വരച്ചുകാട്ടുന്നു ഇന്ദ്രന്‍സിന്റെ ഒളിവര്‍ ട്വിസ്റ്റ്. ഒരുവേള അയാളില്‍ നമ്മുടെ ഒരു അംശവുമില്ലേ എന്ന് തോന്നിക്കുന്നിടത്താണ് ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ വിജയം.

മുന്‍പും കിടിലന്‍ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് ഇന്ദ്രന്‍സേട്ടന്‍. പ്രത്യേക പരാമര്‍ശം നേടിയ അപ്പോത്തിക്കിരിയും സ്റ്റേറ്റ് അവാര്‍ഡ് നേടിയ ആളൊരുക്കവും വെയില്‍മരങ്ങളും ഉള്‍പ്പെടെ നിരവധി പടങ്ങളില്‍. എങ്കിലും "ഹോ''മിലെ ഒളിവര്‍ ട്വിസ്റ്റ് ഒന്നുവേറെ. മുഖത്തെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചകള്‍, സംഭാഷണങ്ങള്‍ക്കിടയിലെ അര്‍ത്ഥഗര്‍ഭമായ മൗനങ്ങള്‍, മൂളലുകള്‍, അമളികള്‍ മറച്ചുവെക്കാനുള്ള പങ്കപ്പാടുകള്‍, ഒരുപാട് അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന ചിരികള്‍..... സ്വാഭാവികതയില്‍ ന്യൂജന്‍ പുലികളേയും കവച്ചുവെക്കുന്നു ഇന്ദ്രന്‍സേട്ടന്‍.

"ഹോം'' സിനിമയുടെ രാഷ്ട്രീയവും വരേണ്യതയും സ്ത്രീപക്ഷ, സ്ത്രീവിരുദ്ധ നിലപാടുകളും ഒക്കെ കുറേക്കാലത്തേക്ക് ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. അതാണല്ലോ നടപ്പുരീതി. എങ്കിലും എന്നിലെ സാധാരണ പ്രേക്ഷകന് ഹൃദയസ്പര്‍ശിയായ അനുഭവമായി ആ പടം. ഒരിക്കല്‍ കൂടി കണ്ടാലും മുഷിയില്ല എന്ന് തോന്നിയ അത്യപൂര്‍വം സമീപകാല പടങ്ങളിലൊന്ന്. കയ്യില്‍ സദാ ജാഗരൂകമായ റിമോട്ടും ചുണ്ടിലൊരു ബീപ്പ് ശബ്ദവുമായി മാത്രം സിനിമ കാണാന്‍ ഇറങ്ങിപ്പുറപ്പെടേണ്ട കാലത്ത്, കുടുംബസമേതം ധൈര്യമായി ചെന്നിരുന്നു കാണാവുന്ന പടം. (എന്റെ വ്യക്തിപരമായ അഭിപ്രായം. ഭിന്നാഭിപ്രയക്കാര്‍ക്കും സ്വാഗതം)

ഇന്ദ്രന്‍സാണ് ഈ "ഹോ''മിന്റെ ഐശ്വര്യം. സബാഷ് ഇന്ദ്രന്‍സേട്ടാ... ഇനിയും വരട്ടെ ഇത്തരം കഥാപാത്രങ്ങള്‍..

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT