Film News

'ഒരു ഇടതുപക്ഷ പ്രതിനിധി ചവറ് സിനിമ എന്ന് വിളിച്ചത് ഗുരുതര വീഴ്ച'; രഞ്ജിത്തിനെതിരെ നടപടി വേണമെന്ന് എ.ഐ.വൈ.എഫ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ സംവിധായകൻ വിനയന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ്. രാഷ്ട്രീയമല്ല നീതിയുടെ പക്ഷത്താണ് ഞങ്ങൾ നിൽക്കുക എന്നും സാംസ്‌കാരികമായ അല്ലെങ്കിൽ നവോത്ഥാന പരമായ പശ്ചാത്തലമുള്ളൊരു ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിൽ ചവറ് സിനിമയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വീഴ്ചയാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ പറഞ്ഞു. ഞങ്ങൾ മനസ്സിലാക്കിയതിൽ നിന്നും വിനയൻ എന്ന സംവിധായകൻ മലയാള സിനിമയിലെ കുത്തക വത്കരണത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ഒരു വ്യക്തിയാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹം അവാർഡിന് പുറകേ പോകുന്ന ഒരാളാണ് എന്നുള്ള അഭിപ്രായമൊന്നും തങ്ങൾക്കില്ലെന്നും ജിസ്‌മോൻ പറഞ്ഞു. അക്കാദമി ചെയർമാൻ എന്ന നിലയിൽ ഈ മേഖലയിൽ കുറേകൂടി സർഗാത്മകമായി കൊണ്ടുപോകുന്നതിന് പകരം ഇത്തരത്തിലുള്ള പ്രവർത്തികൾ അദ്ദേഹത്തിന്റെ ഭാഗത്തിന് നിന്നും ഉണ്ടാകുന്നത് ശരിയല്ലെന്നും ജിസ്മോൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ടി. ടി. ജിസ്‌മോൻ പറഞ്ഞത്.

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ ചിത്രം കേരളത്തിന്റെ സാംസ്‌കാരിക അല്ലെങ്കിൽ നവോത്ഥാന മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു സിനിമയാണ് എന്നുള്ള കാര്യത്തിൽ യാതൊരു തരത്തിലുമുള്ള തർക്കവുമില്ല. പക്ഷേ ഇവിടെ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സിനിമ മോശമാണെന്നോ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കൾ മോശമാണെന്നോ തരത്തിലുള്ള വിമർശനങ്ങളൊന്നും ഞങ്ങൾ ഉന്നയിക്കുന്നുമില്ല. മറിച്ച് ഈ സിനിമയുടെ ഒരു സാംസ്‌കാരിക പശ്ചാത്തലം അല്ലെങ്കിൽ നാവോത്ഥാന പശ്ചാത്തലം, നങ്ങേലിയുമായി ബന്ധപ്പെട്ടുള്ള ചരിത്ര സംഭവങ്ങൾ, അതുപോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സംഭവങ്ങളെല്ലാം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ വലിയ പങ്കു വഹിച്ചതാണ്. അത്തരത്തിൽ കേരളത്തിന്റെ നവോത്ഥാന മുല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സിനിമ എടുത്ത സംവിധായകന്റെ സിനിമ ചവറ് സിനിമയാണെന്ന് ഇടതു പക്ഷത്തിന്റെ ഒരു പ്രതിനിധി എന്ന രീതിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് അത്തരത്തിലൊരാക്ഷേപം അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വീഴ്ചയാണ്. കൃത്യമായ നടപടി ഉണ്ടാകണം എന്നുള്ള അഭിപ്രായമാണ് എഐവൈഎഫിന് ഉള്ളത്. ഞങ്ങൾ മനസ്സിലാക്കിയത് വച്ച് വിനയൻ മലയാള സിനിമ മേഖലകളിലെ കുത്തക വത്കരണത്തിനെതിരായി വലിയ ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് പോയ ഒരു സംവിധായകനാണ്. അദ്ദേഹം അവാർഡിന് പുറകേ പോകുന്ന ഒരാളാണ് എന്നുള്ള അഭിപ്രായമൊന്നും ഞങ്ങൾക്കില്ല. അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചുള്ള അംഗീകാരം കേരളത്തിലെ ജനങ്ങൾ നൽകിയിട്ടുള്ളതാണ്. പക്ഷേ രഞ്ജിത്തിന്റെ ഈ നിലപാടിന് എതിരായിട്ട് കർശനമായ അന്വേഷണം വേണം.

അതേ സമയം രഞ്ജിത്തിനെ പുറത്താക്കി അവാർഡ് നിർണയത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) എന്ന സംഘടനയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയതും ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തത്.

പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. രഞ്ജിത്തിന് എതിരെ സ്റ്റേറ്റ് ഫിലിം അവാർഡിന്റെ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ഫോൺ കാൾ റെക്കോർഡിങ്ങും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

SCROLL FOR NEXT