ഇന്ത്യയിലുള്ള അവാർഡ് നിർണ്ണയങ്ങൾ ഒരു കാലത്തും കൃത്യമായതാണെന്ന് തോന്നുന്നില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദ്. ഇക്കഴിഞ്ഞ ദേശിയ, ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം. ജൂറിയിലുള്ളവരുടെ വ്യക്തിപരമായ ഇഷ്ടാനിഷങ്ങൾ അവാർഡിൽ വരുമെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു. ഇരുപത്തിയെട്ടോ മറ്റോ പുതിയ സംവിധായകരുടെ സിനിമകൾ അവാർഡിന് വന്നിരുന്നു. മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്ന് ജൂറി ഒന്നടങ്കം പറഞ്ഞു. പക്ഷെ അവാർഡുകൾ മൊത്തം കൊടുത്തിട്ടുള്ളത് രണ്ട് സിനിമകൾക്കാണ്. പുതിയ ആളുകൾ കുറെ വന്നിട്ടുണ്ടെങ്കിലും അവരൊന്നും അവാർഡിന് അർഹരല്ല എന്നതാണോ ഉദ്ദേശിക്കുന്നതെന്ന് സിനിമാപ്രാന്തൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു. സംവിധായകന്റെ 'ഓ ബേബി' എന്ന ചിത്രം ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് പരിഗണിച്ചിരുന്നു. മികച്ച സിങ്ക് സൗണ്ടിനും വസ്ത്രാലങ്കാരത്തിനുമുള്ള അവാർഡ് ചിത്രത്തിനു ലഭിച്ചു.
രഞ്ജൻ പ്രമോദ് പറഞ്ഞത്:
പ്രേക്ഷകർക്ക് സിനിമ കണ്ട് ഇഷ്ടപ്പെടുക എന്നുള്ളതാണ് അംഗീകാരമായി ഞാൻ കണക്കാക്കുന്നത്. അവാർഡുകളെ മനസ്സിൽ കണ്ട് ഞാൻ സിനിമ എടുക്കാറില്ല. കാരണം അവാർഡ് കിട്ടുമെന്ന് കരുതിയിട്ട് കിട്ടിയില്ലെങ്കിൽ അത് നിരാശയാകും. മൂന്നോ നാലോ പേർ ഇരിക്കുന്ന ഒരു ജൂറിയുടെ തീരുമാനമാണ് അത്. അതിൽ തന്നെ വ്യക്തിപരമായ ഇഷ്ടാനിഷങ്ങൾ വരും. അവാർഡ് നിശ്ചയിക്കുന്ന ജൂറിയും അക്കാദമിയും എല്ലാം ഇവിടെ നിന്നുള്ളത് തന്നെയാണ്. ഒരു കാലത്തും വളരെ നിഷ്പക്ഷമായിക്കൊണ്ട് സിനിമയെ വിലയിരുത്തി ഒരു അവാർഡ് നിർണ്ണയം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രേത്യേകിച്ച് ഇന്ത്യയിൽ. എല്ലാ കാലത്തുമുള്ള രാഷ്ട്രീയ താൽപ്പര്യങ്ങളും അക്കാദമിയിലുള്ള ആളുകളുടെ താൽപ്പര്യങ്ങളും ഒക്കെ വെച്ച് വളരെ കൃത്യമായ ഒരു അവാർഡായിട്ട് ഒരു കാലത്തും എനിക്ക് അവാർഡ് നിർണയത്തെ തോന്നിയിട്ടില്ല. ഈ അവാർഡിനെയും തോന്നുന്നില്ല.
ഇരുപത്തിയെട്ടോ മറ്റോ പുതിയ സംവിധായകരുടെ സിനിമകൾ അവാർഡിന് വന്നിരുന്നു എന്ന് പറയുന്നു. ജൂറി ചെയർമാനെ സംബന്ധിച്ചിടത്തോളം പുതിയ മലയാള സിനിമകളെയും നവാഗത സംവിധായകരെയും അദ്ദേഹം ഒരുപാട് പുകഴ്ത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് എന്ന് ജൂറി ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ അവാർഡുകൾ മൊത്തം കൊടുത്തിട്ടുള്ളത് രണ്ട് സിനിമകൾക്കാണ്. ആ രണ്ട് സിനിമകളും ഈ 28 പേരുടെ സിനിമകളല്ല. അങ്ങനെ വരുമ്പോൾ എന്താണ് അതിനെ അടിവരയിടുന്ന വസ്തുത. പുതിയ ആളുകൾ ഒക്കെ കുറെ വന്നിട്ടുണ്ടെങ്കിലും അവരൊന്നും അവാർഡിന് അർഹരല്ല എന്നതാണോ ഉദ്ദേശിക്കുന്നത്. അത്തരത്തിൽ എനിക്കതിനെ തമാശയായി തോന്നി.