Film News

ഇന്ന് മതം ബന്ധങ്ങളെയും നിയമങ്ങളെയും ഭരിക്കുന്നു, അതെന്നെ അസ്വസ്ഥമാക്കി: 'രണ്ടി'നെ കുറിച്ച് തിരക്കഥാകൃത്ത് ബിനുലാല്‍ ഉണ്ണി

കേരളത്തിന്റെ സമകാലിക ജാതിമത രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിലൂടെ സമീപിക്കുന്ന സിനിമയാണ് റിലീസ് ചെയ്യാനിരിക്കുന്ന 'രണ്ട്'. സുജിത് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബിനുലാല്‍ ഉണ്ണിയാണ്. വര്‍ത്തമാന സമൂഹത്തില്‍ ബന്ധങ്ങളെയും വ്യവസ്ഥിതിയെയുമെല്ലാം മതം ഭരിക്കുകയാണെന്നും, ആ അസ്വസ്ഥതയില്‍ നിന്നാണ് രണ്ട് എന്ന സിനിമയുടെ പിറവിയെന്നും തിരക്കഥാകൃത്ത് ബിനു ലാല്‍ ഉണ്ണി ദ ക്യുവിനോട്. ഫിലിം ഫെസ്റ്റിവല്‍ കാലത്ത് നടന്‍ ഇര്‍ഷാദാണ് കഥ കേട്ട് സിനിമക്കുള്ള സാധ്യതയുണ്ടെന്ന് പറയുന്നതെന്നും ബിനു ലാല്‍.

മതവിമര്‍ശനത്തില്‍ വര്‍ത്തമാന കാലത്തിന്റെ ആവശ്യം

'മതം നമ്മുടെ എല്ലാവരുടെയും ബന്ധങ്ങളെയും നിയമങ്ങളെയെല്ലാം ഭരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കിയ കാര്യമായിരുന്നു. സ്വാഭാവികമായും മതസംബന്ധിയായ പ്രശ്‌നങ്ങളെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് നവീകരണം ഉണ്ടാവുന്നത്. മതത്തെയും അത്തരത്തില്‍ വിമര്‍ശനാത്മകമായി സമീപിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ മതത്തിനോട് പൊതുവെയുള്ള തീക്ഷ്ണമായ പ്രതിബദ്ധതയും സ്‌നേഹവും കുറയുമെന്നാണ് എന്റെ വിശ്വാസം.

ഒരു പത്രവാര്‍ത്തയില്‍ നിന്ന് കിട്ടിയ ത്രെഡ്

ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് രണ്ട് എന്ന സിനിമയുടെ കഥ ഞാന്‍ എഴുതുന്നത്. 2018 ലാണ് ഞാനും സുജിത്ത് ലാലും ഇതേ കുറിച്ച് സംസാരിക്കുന്നത്. 2018ലെ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഈ കഥ ഞാനും സുജിത്തും നടന്‍ ഇര്‍ഷാദിനോട് പറഞ്ഞു. ഇര്‍ഷാദാണ് ഇതൊരു സിനിമയ്ക്ക് സാധ്യതയുള്ള കഥയാണെന്ന് പറയുന്നത്. പിന്നീട് 2019 പകുതിയോടെ തിരക്കഥ പൂര്‍ത്തിയാക്കി വിഷ്ണുവിനോട് കഥ പറഞ്ഞു. 2020ന്റെ തുടക്കത്തിലാണ് സിനിമയുടെ ജോലികളിലേക്ക് കിടക്കുന്നത്.

വിവാദം ഭയക്കുന്നില്ല

സിനിമയുടെ റിലീസിന് ശേഷം മതത്തെ ആക്ഷേപിക്കുന്നതിന്റെ പേരില്‍ വിമര്‍ശനവും പ്രശ്‌നങ്ങളും ഉണ്ടാകുമോ എന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. അതില്‍ പേടിയുമില്ല. എന്നെ സംബന്ധിച്ചെടുത്തോളം അത്തരത്തിലുള്ള ചര്‍ച്ചകള്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് കാരണമാകട്ടെ എന്ന് മാത്രമെയുള്ളു. അല്ലാതെ മതങ്ങളെ പരാമര്‍ശിച്ചതിന്റെ പേരില്‍ രണ്ട് എന്ന ചിത്രം മോശമാണെന്ന് പറയുന്നവരെ ഞാന്‍ ബുദ്ധി കുറഞ്ഞ ആളുകളായാണ് കണക്കാക്കുന്നത്. പിന്നെ സിനിമയില്‍ മതത്തെ കുറിച്ച് വളരെ ആഴത്തില്‍ ഒന്നും പറഞ്ഞ് പോകുന്നില്ല. സാധാരണ ജീവിതത്തില്‍ മതം കയറി വരുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും പറയുന്ന ലഘുവായൊരു ചിത്രമാണ് രണ്ട്.

2022 ജനുവരി 14നാണ് വിഷ്ണു ഉണ്ണി കൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായ രണ്ട് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, സുധി കോപ്പ, ടിനി ടോം, കലാഭവന്‍ റഹ്മാന്‍, ഇര്‍ഷാദ്, മുസ്തഫ, സുബീഷ് സുധി, ബാബു അന്നൂര്‍, ഗോകുലന്‍, രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, വിഷ്ണു ഗോവിന്ദ്, ഗോപാലന്‍, ശ്രീലക്ഷ്മി, മറീന മൈക്കിള്‍, മാലാ പാര്‍വതി, മമിതാബൈജു, ലാലി പി എം, കോബ്ര രാജേഷ്, സ്വരാജ് ഗ്രാമിക, രാജേഷ് അഴീക്കോടന്‍, പ്രതീഷ് പ്രവീണ്‍, ഹരിദാസ്, അനീഷ്, പ്രീതി, ശരത് വടി, അലന്‍, സഫ്വാന്‍ ഷാ, ചിങ്കി, ദീപക് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT