'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കി സുപ്രീംകോടതി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഒത്തുതീർപ്പ് കരാർ അംഗീകരിച്ചത്. സംവിധായകൻ ശ്രീകുമാർ ചിത്രത്തിൽ നിന്ന് പിൻമാറി. ഇതുപ്രകാരം തിരക്കഥ എംടി വാസുദേവൻ നായർക്ക് തിരിച്ചുനൽകും. അഡ്വാൻസ് തുക 1.25 കോടി എംടിയും മടക്കി നൽകും. പല സംവിധായകരും തിരക്കഥയ്ക്കായി സമീപിക്കുന്നുണ്ടെന്നും സിനിമ വൈകിയതിൽ ദുഃഖമുണ്ടെന്നും എം ടി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. 'സ്വന്തമായി സംവിധാനം ചെയ്യുക ഇപ്പോൾ പ്രയാസമാണ്. എന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താൽ കുറച്ചുകൂടി മുമ്പ് ഈ സിനിമ നടന്നിരുന്നെങ്കിൽ യാത്ര ചെയ്യാനും ആളുകളെ കാണാനും ഒക്കെ സാധ്യമായിരുന്നു. ഇനി എങ്ങനെ ചെയ്യണമെന്ന് ആലോചിക്കണം. ഇംഗ്ലീഷ്, മലയാളം സ്ക്രിപ്റ്റുകൾ എന്റെ പക്കലുണ്ട്. ആരെ വെച്ച് ചെയ്യണം, ഏതു ഭാഷയിലൊക്കെ ചെയ്യണം എല്ലാം തീരുമാനിക്കണം.' എം ടി പറഞ്ഞു.
വിഷയത്തില്‍ ഇരുകൂട്ടരും നല്‍കിയിരുന്ന കേസുകള്‍ പിന്‍വലിച്ചു. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്ക് തന്നെയാണെന്ന് സമ്മതിച്ചാണ് തിരക്കഥ തിരികെ നല്‍കുന്നത്. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെ ആസ്പദമാക്കി സിനിമയൊരുക്കാം. പക്ഷേ ഭീമന്‍ കേന്ദ്ര കഥാപാത്രമാകാന്‍ പാടില്ലെന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
എംടിയോട് എന്നും ബഹുമാനമാണെന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു വിഎ ശ്രീകുമാറര്‍ നേരത്തേ പ്രതികരിച്ചത്. തിരക്കഥ കൈമാറി മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എംടിയും വിഎ ശ്രീകുമാറുമായുള്ള ധാരണ. 2014 ലായിരുന്നു കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് എംടി, സംവിധായകനും നിര്‍മ്മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും എംടി അനുനയത്തിന് തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിഎ ശ്രീകുമാര്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു.