മലയാള സിനിമയില്‍ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന് നിര്‍മ്മാതാക്കള്‍. ലൊക്കേഷനുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ കൂടി വരികയാണെന്ന് കേരള് ഫിലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാതാക്കളാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചിലര്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങില്ല. പലരും കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തുന്നില്ല. പരാതി പറഞ്ഞാല്‍ ഗൗനിക്കില്ല. ഇവര്‍ ആരും സുബോധത്തോടെയല്ല പെരുമാറുന്നതെന്ന് കെഎഫ്പിഎ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെലിബ്രിറ്റികളെ മാറ്റി നിര്‍ത്തിക്കൊണ്ട് സാധാരണക്കാരെ മാത്രം അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയില്‍ പൊലീസ് ലഹരി പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ്?കെഎഫ്പിഎ
ഇന്‍ഡസ്ട്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരിശോധന നടത്തുകയാണെങ്കില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പൂര്‍ണ സഹകരണവും പിന്തുണയുമുണ്ടാകും. മയക്കുമരുന്ന് പരിശോധനയുടെ കാര്യത്തില്‍ സഹകരിക്കാമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. അമ്മയുമായി ചേര്‍ന്ന് നിര്‍മ്മാതാക്കള്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
കെഎഫ്പിഎ പറഞ്ഞത്
എല്ലാ സിനിമാ സെറ്റുകളിലും പരിശോധന നടത്തണം. ഇത് വളരെ വ്യാപകമായുണ്ടെന്ന് ഞങ്ങള്‍ പരസ്യമായി പറയുന്നു. ഒരു അച്ചടക്കവും ഇല്ലാത്തതിന്റെ കാരണം അതുതന്നെയാണ്. പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ശക്തമായ നടപടികള്‍ എടുക്കുന്നതിനാല്‍ ഇവര്‍ ആരും തന്നെ അമ്മ സംഘടനയില്‍ ചേരാനും തയ്യാറല്ല. മയക്കുമരുന്ന് പരിശോധനയുടെ കാര്യത്തില്‍ സഹകരിക്കാമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. അമ്മയുമായി ചേര്‍ന്ന് നിര്‍മ്മാതാക്കള്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അമ്മ സംഘടനയുടെ അനുവാദം വാങ്ങിയിട്ടുണ്ട്. ഒരാളും കാരവാനില്‍ നിന്ന് ഇറങ്ങുന്നില്ല. എല്ലാ കാരവാനും പരിശോധിക്കണം. നിര്‍മ്മാതാക്കള്‍ ആരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ല. 84 ശതമാനം നഷ്ടത്തിലോടുന്ന ഒരു ഇന്‍ഡസ്ട്രിയാണിത്. ആകെ 10-15 സിനിമകളും കോടികളുടെ കണക്കും പെരുപ്പിച്ച് കാണിക്കുകയാണ്. 150 സിനിമകള്‍ എടുക്കുന്നുണ്ടെങ്കില്‍ 130 പേരും വീടും പറമ്പും വില്‍ക്കുന്നവരാണ്. അവരുടെ കൂടെ മാത്രമേ നില്‍ക്കാന്‍ പറ്റൂ. ആരും സുബോധത്തോടെയല്ല, ആരും കൃത്യമായ സമയത്ത് ലൊക്കേഷനില്‍ വരില്ല, പരാതി പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യില്ല.
പണ്ടത്തേപ്പോലെ കഞ്ചാവ് മാത്രമല്ല ഇന്ന് ലഹരിമരുന്ന്. കഞ്ചാവ് പുകച്ചുകഴിഞ്ഞാല്‍ മണം കൊണ്ട് തിരിച്ചറിയാം. എല്‍എസ്ഡി പോലുള്ള സാധനങ്ങള്‍ ഒരു നിരീക്ഷണത്തില്‍ കണ്ടെത്താന്‍ പറ്റില്ല. എല്‍എസ്ഡി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ തീര്‍ച്ചയായും സംശയിക്കുന്നു. മുടി മുറിച്ചു കളയുന്നതൊന്നും ബോധത്തോടെ ചെയ്യുന്നതല്ല. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ഒരാള്‍ മാത്രമല്ല. വ്യാപകമായിട്ടുണ്ട്. മയക്കുമരുന്നിനേക്കുറിച്ച് വായിച്ചിട്ടുള്ള അറിവ് വെച്ച് നോക്കുകയാണെങ്കില്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുക. ഷെയ്ന്‍ നിഗം ഇങ്ങനെയായിരിക്കും. മറ്റുള്ളവര്‍ വളരെ നോര്‍മലായി അഭിനയിക്കുകയായിരിക്കാം. എല്ലാ നടന്‍മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല, പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍. ഇത് പരിശോധിക്കണം. ഇന്‍ഡസ്ട്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരിശോധന നടത്തുകയാണെങ്കില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പൂര്‍ണ സഹകരണവും പിന്തുണയുമുണ്ടാകും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്‍ഡസ്ട്രി നന്നായേ പറ്റൂ, അച്ചടക്കം വേണം.
പത്രമെടുത്തു നോക്കിയാല്‍ കാണാം പത്ത് കിലോ കഞ്ചാവ് പിടിച്ചു എന്നെല്ലാം. സിനിമാ മേഖലയില്‍ എന്തുകൊണ്ട് പൊലീസ് പരിശോധനയില്ല. ഇവര്‍ ചെയ്യുന്നത് ന്യായമാണോ? പത്രമാധ്യമങ്ങള്‍ ഇത് ചോദിക്കാത്തതില്‍ അതിശയമുണ്ട്. സെലിബ്രിറ്റികള്‍ക്ക് ഉപയോഗിക്കാം. സെലിബ്രിറ്റികള്‍ ആകുന്നത് എപ്പോഴാണ്? സിനിമയില്‍ മുഖം കാണിച്ചാല്‍ സെലിബ്രിറ്റിയാകുമോ? അവര്‍ ഉപയോഗിക്കുന്നതിനെതിരെ ഇവിടെ നിയമം കൈയിലെടുക്കേണ്ടവര്‍ ഒന്നും ചെയ്യുന്നില്ല. സെലിബ്രിറ്റികളെ മാറ്റി നിര്‍ത്തിക്കൊണ്ട് സാധാരണക്കാരെ മാത്രം അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതാണ് ഞങ്ങളുടെ അമര്‍ഷം. സിനിമാമേഖലയില്‍ പൊലീസ് ലഹരി പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ്? മയക്കുമരുന്ന് ഉപയോഗം വളരെ ഗോപ്യമായി നടക്കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. ലൊക്കേഷനുകളില്‍ ഇത്തരം വിഷയങ്ങളുണ്ടാകുന്നത് കൂടിക്കൂടി നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി. സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിര്‍മ്മാതാക്കളെയാണ്. എല്ലാം കണ്ട് പ്രതികരിക്കാതിരിക്കാന്‍ ഇനി നിര്‍മ്മാതാക്കള്‍ക്ക് ആകില്ല.”