സോഷ്യൽ മീഡിയയിൽ പലപ്പോഴും നടക്കുന്നത് തിരുത്തലല്ല ആക്രമണമാണ് എന്ന് രമേഷ് പിഷാരടി. ആസിഫ് അലി - രമേശ് നാരായൺ പ്രശ്നമുണ്ടായ സമയത്ത് പലരും ആസിഫ് അലി പക്വമായി പെരുമാറി എന്ന് പറഞ്ഞിരുന്നു എന്നാൽ ആ വിഷയത്തിൽ പക്വമായി പെരുമാറിയ മറ്റ് എത്രപേർ ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് രമേശ് പിഷാരടി ചോദിക്കുന്നു. ശരി തെറ്റുകളുടെ പരിശോധനയാണ് നടത്തുന്നത് എങ്കിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നതും അസഭ്യം പറയുന്നതും ശരിയാണോ എന്നും ഒരു തെറ്റിനെ തിരുത്താൻ മറ്റൊരു തെറ്റിനെ ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയ ചെയ്യുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടി പറഞ്ഞത്:
ആസിഫ് അലി രമേശ് നാരായൺ വിഷയം ഉണ്ടായില്ലേ? ആസിഫ് അലി വലിയ പക്വത കാണിച്ചു ആ വിഷയത്തിൽ എന്ന് എല്ലാവരും പറഞ്ഞു. ആസിഫ് അലി കാണിച്ച ആ പക്വത മറ്റ് എത്രപേർ ഇവിടെ കാണിച്ചിട്ടുണ്ട്. അത് പറ്റിയ ആൾ കാണിച്ച പക്വത, ഒന്നും പറ്റാതെ ഒരു മിനിറ്റിന്റെ വീഡിയോ കണ്ട ആ ആൾക്കാൊരന്നും കാണിച്ചിട്ടില്ല. എത്ര നേരം എന്തെല്ലാം അവർ പറഞ്ഞു. ശരി തെറ്റുകളെ നമുക്ക് മാറ്റി വയ്ക്കാം. ശരി തെറ്റുകളുടെ കണക്കെടുക്കുകയാണെങ്കിൽ ഈ ചെയ്യുന്നതിലും തെറ്റുണ്ടല്ലോ? ആർ എൽ വി രാമകൃഷ്ണൻ സത്യഭാമ ടീച്ചർ വിഷയം ഇവിടെ ഉണ്ടായി. അതിന്റെ ശരി തെറ്റുകൾ പരിശോധിച്ചാൽ, പുരോഗമന സമൂഹത്തിന് ചേരാത്ത ഒരു പ്രസ്താവനയാണ് ടീച്ചർ അവിടെ പറഞ്ഞത്. ആ ടീച്ചറെ മാന്യമായി ചീത്ത പറഞ്ഞവരുണ്ട്. എന്നാൽ അസഭ്യം ഉപയോഗിച്ച് ചീത്ത പറഞ്ഞവരെല്ലാം പരിഷ്കൃത സമൂഹത്തിന് ചേരുന്ന പ്രവൃത്തിയാണോ ചെയ്തത്. അവർ അതല്ലല്ലോ ചെയ്യുന്നത്. നിയമം കയ്യിലെടുത്ത ഒരാളെ ചീത്ത വിളിക്കുന്നത് പൊളിറ്റിക്കലി കറക്ടാണോ? ഒരാളെ ചീത്ത പറയാൻ അവസരം കിട്ടിയാൽ ചീത്ത വിളിച്ച് കളയും ആൾക്കാർ. അതിലെ ശരിയും തെറ്റും മറ്റൊന്നാണ്. ഒരു തെറ്റിനെ തിരുത്താൻ വലിയൊരു തെറ്റ് ഉപയോഗിക്കുകയാണ്. തിരുത്തലുകൾ പലപ്പോഴും ശരിയല്ല ഇവിടെ എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. തിരുത്തലല്ല ആക്രമണമാണ് നടക്കുന്നത്. '