സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ 'പവറേഷ്', 'പൂച്ച സെർ' തുടങ്ങിയ പേരുകൾ വർഷങ്ങൾക്ക് മുന്നേ പറയാറുണ്ടെന്ന് രമേഷ് പിഷാരടി ദ ക്യു ഷോടൈമിൽ പറഞ്ഞു. ഇത്തരം പേരുകളുടെ അവകാശമല്ല മറിച്ച് ഒരുപോലെ ചിന്തിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് പറയുകയായിരുന്നു രമേഷ് പിഷാരടി.
രമേഷ് പിഷാരടിയുടെ വാക്കുകൾ
നമ്മൾ ഇപ്പോൾ 'പവറേഷ്' എന്നൊക്കെ പറയാറില്ലേ, ഞാനീ 'ഷ്' കൂട്ടി വാക്കുകൾ പണ്ടേ പറയുമായിരുന്നു. ഈ 'പവറേഷ്' എന്ന് പറയുന്നത് പോലെ തന്നെ ഇന്റർനെറ്റിൽ ചില കാര്യങ്ങളിൽ, ഈ ട്രോളന്മാർ ഉണ്ടാക്കുന്ന 'പൂച്ച സെർ' എന്നൊക്കെയുള്ള പേരുകൾ ഇല്ലേ? ഞാൻ പണ്ടേ സെർ എന്ന് വിളിക്കുമായിരുന്നു. ഇതിന്റെ അവകാശമല്ല ഞാൻ പറഞ്ഞ് വന്നത്. ഒരുപോലെ ചിന്തിക്കുന്ന ആളുകൾ ഒരുപാടുണ്ടെന്നാണ്.
നമ്മൾ എല്ലാ സാധനങ്ങൾക്കും കൊടുക്കുന്ന പേരുകൾ നമ്മൾ ഉപയോഗിച്ച് അങ്ങനെയായതാണ്. ഇപ്പോ ബിരിയാണിയെ, ബിരിയാണിയെന്ന് നമ്മൾ എന്നോ കേട്ട് വിഷ്വലി അതിനെ ഫിക്സ് ചെയ്ത് വെച്ചിരിക്കുന്നതാണ്. അതുപോലെ ചില സന്ദർഭങ്ങളിൽ ചില വാക്കുകളുടെ അടുക്ക് നമ്മുക്ക് കൃത്യമായി തോന്നും. ഈ വാക്ക് അവിടെ കൊള്ളാം എന്ന് തോന്നും. നമ്മുക്ക് ചുറ്റുമുള്ള ആളുകൾക്കും അങ്ങനെയുണ്ട്. അതുകൊണ്ടാണ് സിനിമയിൽ നായകനും നായികയ്ക്കുമെല്ലാം പേരിടുമ്പോൾ ആലോചിക്കേണ്ടി വരുന്നത്.
പിന്നെ പല സന്ദർഭങ്ങളിൽ ചീത്ത വാക്കുകൾ ഉപയോഗിക്കുന്നതിന് പകരം നമ്മൾ ഉണ്ടാക്കിയ ചില വാക്കുകൾ പറയും. അതിൽ ഒരു സ്ട്രെസ് റിലീഫുണ്ട്. സത്യത്തിൽ പരസ്പരം ചീത്ത വിളിക്കുന്നതിലൂടെ 2 വ്യക്തികൾ ശാരീരികമായി ആക്രമിക്കുന്നതിന്റെ അളവ് കുറയും. ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ അയാളെ ചീത്ത വിളിച്ചു എന്നുമില്ല, നമ്മുക്ക് ലോകത്ത് ഇല്ലാത്ത 2 വാക്കുകൾ പറയാനും പറ്റിയെന്ന തോന്നലാണ്. അതുകൊണ്ടൊക്കെ അങ്ങനെ പറയുന്നതാണ്.