Film News

ആസിഫ് അലി ഇഷ്ടനടൻ, അപമാനിച്ചുവെന്നത് തെറ്റിദ്ധാരണ,അണിയറ പ്രവർത്തകർക്കൊപ്പം വേദിയിലേക്ക് ക്ഷണിച്ചില്ലെന്നത് വേദനിപ്പിച്ചു; രമേഷ് നാരായൺ

നടൻ ആസിഫ് അലിയെ താൻ അപമാനിച്ചുവെന്നത് തെറ്റിദ്ധാരണയാണെന്ന് സംഗീത സംവിധായകൻ രമേഷ് നാരായൺ. ആസിഫ് അലി തനിക്ക് അവാർഡ് തരാനാണ് വരുന്നത് എന്നു പോലും മനസ്സിലായിരുന്നില്ലെന്നും അവാർഡ് വാങ്ങാനായി ജയരാജിനെക്കൂടി വിളിക്കുന്ന സമയത്ത് ആസിഫ് അലി വേദി വിടുകയായിരുന്നുവെന്നും രമേഷ് നാരായൺ ക്യൂ സ്റ്റുഡിയോയോട് പ്രതികരിച്ചു. പരിപാടി നടക്കുന്ന സമയത്ത് ആന്തോളജിയിലെ എല്ലാ സിനിമകളുടെയും അണിയറ പ്രവർത്തകരെ ഒരുമിച്ച് വിളിച്ചാണ് അവാർഡ് നൽകിയത്. അതിനൊപ്പം തന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് താൻ അവിടെ ഇരിക്കുന്നുണ്ട്. അതിൽ തനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു. അതിന് ശേഷമാണ് എംടിയുടെ മകൾ അശ്വതിയോട് ഇതേക്കുറിച്ച് പറഞ്ഞത്. 'അയ്യോ. സാർ അവാർഡ് വാങ്ങിയില്ലേ സാറിനെ വിളിച്ചില്ലേ' എന്ന് അശ്വതി ചോദിച്ചു. വിളിച്ചില്ല എന്ന് താൻ പറഞ്ഞു. അശ്വതിയാണ് ഇപ്പോൾ വിളിക്കാം സാർ എന്ന് പറഞ്ഞത്. അങ്ങനെയാണ് ആസിഫ് അലി തനിക്ക് അവാർഡ് തരുന്നതെന്നും രമേഷ് നാരായൺ പറഞ്ഞു.

രമേഷ് നാരായണൻ പറഞ്ഞത്:

ഇതൊരു തെറ്റിദ്ധാരണയാണ്. ആസിഫ് അലിയുടെ കയ്യിൽ നിന്ന് ഞാൻ പുരസ്കാരം വാങ്ങിച്ചു. അതേസമയം പുരസ്കാരം ഏറ്റുവാങ്ങാൻ ജയരാജിനെ കെെകൊണ്ട് വിളിക്കുക കൂടിയാണ് ഞാൻ ചെയ്തത്. ജയരാജിനെ വിളിക്കുന്ന സമയത്ത് ആസിഫ് അലി അത് തന്നിട്ട് അങ്ങനെയങ്ങ് പോയി. ആസിഫ് അലിയോട് എനിക്ക് യാതൊരു വിധത്തിലുമുള്ള വെെരാ​ഗ്യത്തിന്റെയും ആവശ്യമില്ലല്ലോ? പക്ഷേ എല്ലാ സിനിമയുടെയും ക്രൂവിനെ ഒരുമിച്ച് വിളിച്ച് പുരസ്കാരം കൊടുത്ത സമയത്ത് എന്നെ വിളിച്ചിരുന്നില്ല. അത് എങ്ങനെ ഒഴിവായി എന്ന് എനിക്ക് അറിയില്ല. പക്ഷേ ആ സമയത്ത് ഞാൻ അവിടെ ഇരിക്കുന്നുണ്ട്. അതിൽ എനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു. അതിന് ശേഷമാണ് എംടിയുടെ മകൾ അശ്വതിയുടെ അടുത്ത് ഞാൻ പറഞ്ഞത്, ഞാനും ഇതിന്റെ കൂടെ വർക്ക് ചെയ്തിരുന്നല്ലോ എന്ന്. അയ്യോ. സാർ അവാർഡ് വാങ്ങിയില്ലേ സാറിനെ വിളിച്ചില്ലേ എന്ന് അശ്വതി ചോദിച്ചു. ഞാൻ പറഞ്ഞു വിളിച്ചില്ല എന്ന്. അശ്വതിയാണ് ഇപ്പോൾ വിളിക്കാം സാർ എന്ന് പറഞ്ഞത്. അങ്ങനെയാണ് ആസിഫ് അലി എനിക്ക് അവാർഡ് തരുന്നത്. ആസിഫ് അലി എനിക്ക് പുരസ്കാരം തരാനാണ് വരുന്നത് എന്ന് പോലും അപ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല. ആസിഫ് അലിയിൽ നിന്ന് ഞാൻ പുരസ്കാരം വാങ്ങിച്ചു, വാങ്ങിയ സമയത്ത് ജയരാജിനെയും കൂടി വിളിച്ചു ഞാൻ. അപ്പോഴേക്കും ആസിഫ് അലി വേദി വിട്ടിരുന്നു. അതാണ് സംഭവിച്ചത്. കാണുന്നവർ വിചാരിച്ചു ഞാൻ ആസിഫ് അലിയെ അവ​ഗണിച്ചതാണെന്ന്. അതാണ് ഉണ്ടായത്. അത് മുഴുവൻ തെറ്റി​ദ്ധാരണയാണ്. എനിക്ക് അല്ലെങ്കിൽ തന്നെ ആരോടാണ് വെെരാ​ഗ്യമുള്ളത്. ആസിഫ് അലി എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ്. അദ്ദേഹം എല്ലാവർക്കും ഇഷ്ടപ്പെട്ട നടൻ അല്ലേ? തെറ്റിദ്ധാരണ മാത്രമാണ് ഇത്.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയ്‌ലർ ലോഞ്ചിലായിരുന്നു സംഭവം നടന്നത്. പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണ് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങിയ രമേഷ് നാരായൺ ജയരാജിനെ അടുത്തേക്ക് വിളിക്കുകയും അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്കാരം നൽകി അദ്ദേഹത്തിൽ നിന്നും വീണ്ടും വാങ്ങുകയുമായിരുന്നു. ഇതോടെ മോശം പെരുമാറ്റമാണ് രമേശ് നാരായണിൽ നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയർന്നിരുന്നു.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT