2018ല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലറുകളിലൊന്നായ 'രാക്ഷസന്‍' രണ്ടാം ഭാഗം ഒരുങ്ങുന്നു. ട്വിറ്ററില്‍ നായകന്‍ വിഷ്ണു വിശാല്‍ സംവിധായകന്‍ രാംകുമാറിന് ട്വീറ്റ് ചെയ്ത ചോദ്യമാണ് രാക്ഷസന്‍ രണ്ടാം ഭാഗം പണിപ്പുരയിലെന്ന വാര്‍ത്ത സജീവമാക്കിയത്. രാംകുമാര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങായി എത്തിയ ചിത്രത്തിന് മലയാളത്തില്‍ ഉള്‍പ്പടെ വലിയ സ്വീകരണമായിരുന്നു. രാക്ഷസന്‍ രണ്ടാം ഭാഗം കഥാതുടര്‍ച്ചയായിരിക്കില്ലെന്നാണ് തമിഴ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഐഎംഡിബിയില്‍ തമിഴ് ചിത്രങ്ങളുടെ റേറ്റിംഗില്‍ 'രാക്ഷസന്‍' ഒന്നാമത് എത്തിയിരുന്നു. ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും ചിത്രം നേടി. സന്തോഷം പങ്കുവെച്ചുകൊണ്ടുളള അണിയറ പ്രവര്‍ത്തകരുടെ ട്വീറ്റും ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് 'രാക്ഷസന്‍' വീണ്ടും വരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുളള തിരക്കഥ തയ്യാറായോ എന്ന സംവിധായകനോടുളള വിഷ്ണുവിന്റെ ചോദ്യത്തിന് നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ തന്നെ രാംകുമാര്‍ മറുപടിയും നല്‍കി. ആരാധകരുടെ കാത്തിരിപ്പിനുള്ള ഉത്തരമെന്ന നിലക്കായിരുന്നു വിഷ്ണുവിന്റെ ചോദ്യം.
2018 ഒക്ടോബറിലായിരുന്നു രാക്ഷസന്‍ റിലീസ് ചെയ്തത്. വിഷ്ണുവിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 'രാക്ഷസന്‍'. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാക്ഷസന്‍ എന്ന ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ക്രിസ്റ്റഫര്‍ എന്ന വില്ലന്‍ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണന്‍ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി ലഭിച്ചിരുന്നു. മുണ്ടാസുപട്ടി എന്ന ചിത്രമൊരുക്കിയ സംവിധായകനായ രാംകുമാര്‍ പതിവ് ശൈലിയില്‍ നിന്ന് മാറിയൊരുക്കിയ ചിത്രവുമായിരുന്നു രാക്ഷസന്‍.