ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം 'കാന്താര'യെ പ്രശംസിച്ച് നടന്‍ രജനികാന്ത്. സിനിമ കണ്ട് തനിക്ക് രോമാഞ്ചം വന്നുവെന്നാണ് രജനികാന്ത് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. അതിനൊപ്പം ഋഷഭ് ഷെട്ടിയെയും ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും രജനികാന്ത് അഭിനന്ദിച്ചു.
'അറിഞ്ഞതിനേക്കാളും അറിയാത്തതാണ് കൂടുതല്‍', ഇത് ഹോംബാലെ ഫിലിംസിനെ പോലെ മറ്റാരും സിനിമയില്‍ മികച്ച രീതിയില്‍ പറഞ്ഞ് വെച്ചിട്ടില്ല. കാന്താര കണ്ട് എനിക്ക് രോമാഞ്ചം വന്നു. ഒരു തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്ന നിലയില്‍ ഋഷബ് ഷെട്ടിക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു മാസ്റ്റര്‍ പീസ് തന്നതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.രജനികാന്ത്
അഭിനന്ദനത്തിന് പിന്നാലെ ഋഷബ് ഷെട്ടി രജനികാന്തിന് നന്ദി അറിയിച്ച് ട്വീറ്റ് പങ്കുവെച്ചിരുന്നു. 'പ്രിയപ്പെട്ട രജനി സര്‍, താങ്കളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍. ചെറുപ്പം മുതലെ ഞാന്‍ ഒരു ആരാധാകനാണ്. അതുകൊണ്ട് ഈ അഭിനന്ദനം എനിക്കൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. കൂടുതല്‍ ലോക്കല്‍ സ്‌റ്റോറികള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമാകുന്നത് താങ്കളാണ്. നന്ദി.' എന്നാണ് ഋഷബ് ട്വീറ്റ് ചെയ്തത്.
സെപ്റ്റംബര്‍ 30നാണ് കാന്താര തിയേറ്ററില്‍ റിലീസ് ചെയ്തത്. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാമാണ് ചിത്രം പറയുന്നത്. സംവിധായകനായ ഋഷബ് ഷെട്ടിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും കേന്ദ്ര കഥാപാത്രവും. ഹോംബാലെ ഫിലിംസാണ് നിര്‍മ്മാണം.
കന്നടയില്‍ റിലീസ് ചെയ്ത ചിത്രം പമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മലയാളത്തിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്‌തെത്തിയിരുന്നു. ചിത്രത്തില്‍ ഋഷബ് ഷെട്ടിക്ക് പുറമെ സപ്തമി ഗൗഡ, കിഷോര്‍, അച്യൂത് കുമാര്‍, പ്രമോദ് ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.