മലയാളത്തിലെ മുന്‍നിര അഭിനേതാക്കളുടെ സംഗമം കൂടിയായിരുന്നു ആഷിക് അബു ചിത്രം വൈറസ്. മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്നതിനേക്കാള്‍ മള്‍ട്ടി ആക്ടേഴ്‌സ് സിനിമയായി അവതരിപ്പിക്കപ്പെട്ട വൈറസിന് പിന്നാലെ താരകൂട്ടായ്മയില്‍ മറ്റൊരു ചിത്രം കൂടി പുരോഗമിക്കുകയാണ്. കണ്ണൂരിലും കൊച്ചിയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന തുറമുഖം. റിയലിസ്റ്റിക് കഥനരീതിയിലൂടെ മലയാളത്തില്‍ പുതുവഴി വെട്ടിയ രാജീവ് രവിയുടെ സംവിധാനത്തിലുള്ള സിനിമയില്‍ നിവിന്‍ പോളിയാണ് കേന്ദ്രകഥാപാത്രം.
പിരിച്ച മീശയും താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടാണ് പുറത്തുവിട്ടത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളിലാണ് നിവിന്‍ പോളിയുടെ ലുക്ക് ഉള്ളത്. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു തുറമുഖം ഫസ്റ്റ് ലുക്ക്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തായ ഗോപന്‍ ചിദംബരം ആണ് തുറമുഖത്തിന്റെ രചയിതാവ്. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം അടിസ്ഥാനമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ചാണ് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരം തുറമുഖത്തിന് കഥയൊരുക്കിയിരിക്കുന്നത് എന്നറിയുന്നു.
നിവിന്‍ പോളിയെ കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷാ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ആദ്യകാല കൊച്ചിയുടെ ഭാഗങ്ങളാണ് ഇതുവരെ ചിത്രീകരിച്ചതെന്നറിയുന്നു. തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാം ചിത്രത്തിന്റെ ഉള്ളടക്കമാകുമെന്നറിയുന്നു.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് തുറമുഖം നിര്‍മ്മിക്കുന്നത.് മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നറിയുന്നു.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ പൂര്‍ത്തിയാക്കിയാണ് നിവിന്‍ പോളി രാജീവ് രവി ചിത്രത്തിന്റെ ഭാഗമാകുന്നത്. വൈറസിന് പിന്നാലെ ഇന്ദ്രജിത്തിന് ലഭിച്ച മികച്ച റോള്‍ ആയിരിക്കും തുറമുഖത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍.