ലോക തൊഴിലാളി ദിനത്തില്‍ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍. നിവിന്‍ പോളി അവതരിപ്പിക്കുന്ന മൊയ്തു, അച്ഛനായി ജോജുവിന്റെ മൈമു, പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഉമ്മ, ഇന്ദ്രജിത്ത് സുകുമാരന്റെ സാന്റോ ഗോപാലന്‍, നിമിഷ സജയന്റെ ഉമ്മാണി എന്നിവരെ പോസ്റ്ററില്‍ കാണാം. ദര്‍ശന രാജേന്ദ്രനും അര്‍ജുന്‍ അശോകനുമാണ് പോസ്റ്ററില്‍ ഇവര്‍ക്കൊപ്പമുള്ളത്.
അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. ബിഗ് ബജറ്റ് ചിത്രമായ 'തുറമുഖം' കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ റിലീസ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളിലൊന്നാണ് തുറമുഖം. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.
വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്. പിരീഡ് ഡ്രാമ കൂടിയാണ്. തുറമുഖം പൂര്‍ത്തിയാക്കി കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് രാജീവ് രവി കടന്നിരുന്നു. ഈ സിനിമയും പൂര്‍ത്തിയായിരിക്കുകയാണ്. ജൂണ്‍ റിലീസായാണ് കുറ്റവും ശിക്ഷയും പ്രഖ്യാപിച്ചത്. മേയ് 13നായിരുന്നു തുറമുഖം റിലീസ് ചെയ്യാനിരുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖമെന്ന് നിവിന്‍ പോളി
രാജീവേട്ടനോട് മറ്റൊരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് തുറമുഖത്തെക്കുറിച്ച് പറയുന്നത്. തൊഴിലാളി മുന്നേറ്റമാണ് സിനിമ. കേട്ടപ്പോള്‍ വളരെയേറെ താല്‍പ്പര്യം തോന്നി. ഏറെ സംസാരിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം സിനിമയിലുണ്ട്. മലയാളത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖം എന്നാണ് എന്റെ തോന്നല്‍. ദ ക്യുവിനോട് നിവിന്‍ പോളി പറഞ്ഞു.
ചാപ്പ സമ്പ്രദായവും കൊച്ചി തുറമുഖവും
തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് തുറമുഖത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ന്ന് തന്നെയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. ഓള്‍ഡ് മോങ്ക്‌സ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Rajeev Ravi Nivin Pauly movie Thuramukham may day poster