സ്വന്തം ചിത്രങ്ങളില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ എസ്.എസ് രാജമൗലി. ആര്‍ആര്‍ആര്‍ പ്രമോഷനുമായി ബന്ധപ്പെട്ട് പേളി മാണിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.
തന്റെ ആദ്യസിനിമയായി 'സ്റ്റുഡന്റ് നമ്പര്‍ 1' ആണ് മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രം. കാരണം അതൊരു ക്രിഞ്ച് സിനിമയാണ്. പ്രേക്ഷകരുടെ മനസില്‍ നിന്നും ആ സിനിമയെ മായ്ച്ചുകളയാന്‍ ആഗ്രഹിക്കുന്നു എന്നും രാജമൗലി പറഞ്ഞു.
അതേസമയം രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ആഗോള തലത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 25നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം റിലീസ് ചെയ്തത്.
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി നേടിയിരുന്നു. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത പീരീഡ് ഡ്രാമയാണ് ആര്‍.ആര്‍.ആര്‍.
450 കോടിയാണ് സിനിമയുടെ ബജറ്റ്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, ആലിസണ്‍ ഡൂഡി, ഒലീവിയ മോറിസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കെകെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും എ ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.