'ബുൾബുൾ' എന്ന ചിത്രത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ബലാത്സംഗ രംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ രാഹുൽ ബോസ്. ബുൾബുളിൽ ത്രിപ്തിയുടെ കഥാപാത്രത്തെ തന്റെ ഇരട്ട സഹോദരൻ ബലാത്സംഗം ചെയ്ത് കൊല്ലുന്ന രംഗം വളരെ ഭീകരമായിരുന്നു എന്ന് രാഹുൽ ബോസ് പറയുന്നു. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ അവർ ട്രിഗർ ചെയ്യപ്പെട്ടേക്കാം എന്ന് തനിക്ക് തോന്നിയിരുന്നു. അത്തരത്തിൽ ട്രിഗർ ചെയ്യപ്പെട്ടാൽ തന്റെ പേര് വിളിക്കണമെന്ന് ത്രിപ്തിയോട് താൻ പറഞ്ഞിരുന്നതായും രാഹുൽ പറയുന്നു. ഒരിക്കൽ തനിക്കും ഇതുപോലെ ഒരു ബലാത്സംഗം സംഭവിച്ചേക്കാമെന്ന പേടി എല്ലാവരിലും ഉണ്ടെന്നും അതുകൊണ്ട് തന്നെ ആ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പേടി ഉടലെടുക്കുകയോ ട്രിഗർ ചെയ്യുകയോ ചെയ്താൽ അപ്പോൾ തന്നെ തന്റെ പേര് വിളിച്ചാൽ മതി താൻ അഭിനയിക്കുന്നത് നിർത്തുമെന്നാണ് രാഹുൽ ത്രിപ്തിക്ക് നൽകിയ വാക്ക്. എന്നാൽ അവർ വളരെ ശക്തയായ സ്ത്രീയായിരുന്നു എന്നും അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ബോസ് ഇക്കാര്യം പറഞ്ഞത്.
രാഹുൽ ബോസ് പറഞ്ഞത്:
ത്രിപ്തി വളരെ അത്ഭുതകരമായ നടിയായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ബുൾബുളിൽ വളരെ ദുഷ്കരമായ ഒരു രംഗമുണ്ട്. എന്റെ ഇരട്ട സഹോദരൻ അവളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നത്. അവൾ ആ ബെഡ്ഡിൽ കിടന്ന് മരിക്കുകയാണ്. അത് വളരെ ഭയാനകമായ സീൻ ആയിരുന്നു. ഞങ്ങൾ ആ സീൻ അവിടെ ചെയ്യുകയായിരുന്നു. റിഹേഴ്സൽ ചെയ്തു, ഷോട്ട് എടുത്തു, ഞങ്ങൾ ആ ബെഡ്ഡിൽ ഇരുന്ന സംസാരിക്കുമ്പോൾ ഞാൻ അവരോട് പറഞ്ഞു. രാഹുൽ എന്ന എന്റെ പേര് നിങ്ങളുടെ സേഫ് വേർഡ് ആയിരിക്കും എന്ന്. കാരണം നിങ്ങൾക്ക് ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു ലൈംഗീക ആക്രമണം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല പക്ഷേ ഇത് ട്രിഗർ ചെയ്യുന്ന ഒരു കാര്യമാണ്. എല്ലാവർക്കും പേടിയുള്ള കാര്യമാണ് ഇത്. ഒരിക്കൽ എനിക്കും ഇതുപോലെ ഒരു ബലാത്സംഗം സംഭവിച്ചേക്കാം എന്ന് എല്ലാവരും പേടിക്കുന്നുണ്ട്. ക്യാമറ ഓൺ ആകുന്ന പക്ഷം ഞാൻ ആ സിനിമയിലെ മൃഗമായി മാറും. അതുകൊണ്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും ഈ കിടക്കയിൽ ഞാൻ സുരക്ഷിതയല്ല എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ ട്രിഗർ ചെയ്യപ്പെടുകയാണെങ്കിൽ രാഹുൽ എന്നൊന്ന് വിളിച്ചാൽ മാത്രം മതി. അടുത്ത സെക്കൻ്റിൽ ഞാൻ അഭിനയിക്കുന്നത് നിർത്തി സാധാരണ പോലെയാവും എന്ന് പറഞ്ഞു. പക്ഷേ അവർ വളരെ ശക്തയും, ദയാലുവും, കഴിവുള്ളതുമായ ഒരു വ്യക്തിയായിരുന്നു. അവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വളരെ സന്തോഷകരമായ കാര്യമായിരുന്നു, ഞങ്ങൾ തമ്മിൽ മനോഹരമായ ഒരു ബന്ധമാണ് ഉണ്ടായിരുന്നത്.
പാതാള്‍ ലോക് എന്ന സിരീസിന് ശേഷം അനുഷ്‍ക ശര്‍മ്മ നിര്‍മ്മിച്ച ചിത്രമായിരുന്നു ബുൾബുൾ. അന്‍വിത ദത്തിന്‍റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്.