അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രചന നാരായണൻ കുട്ടി. വിമർശന ബുദ്ധിയൊക്കെ നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം വ്യക്തമാക്കി. നിങ്ങൾ അധിക്ഷേപിക്കുന്നത് എഫ് ബി പോസ്റ്റിലൂടെ ഇരുത്താൻ ശ്രമിച്ചവരെയാണെന്നും രചന നാരായണൻകുട്ടി കുറിച്ചു. എക്സിക്യൂറ്റീവ് കമ്മിറ്റിയിലെ ആൺ താരങ്ങളെല്ലാം നിൽക്കുകയും രചന നാരായണൻകുട്ടിയും എക്സിക്യൂട്ടിവ് അംഗമായ ഹണി റോസ് ഇരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോയും കുറിപ്പിനൊപ്പം രചന പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും സിദ്ധിഖും ഇടവേള ബാബുവും ഉൾപ്പെടെ വേദിയിൽ ഇരിക്കുമ്പോൾ രചനയും ഹണി റോസും സൈഡിൽ നിൽക്കേണ്ടി വന്നത് സംഘടന തുടരുന്ന സ്ത്രീവിരുദ്ധ നിലപാടിന്റെ തുടർച്ച ആണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
രചന നാരായണൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സ്നേഹം
രചന നാരായണൻകുട്ടി
എന്നാൽ സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നുമാണ് വിഷയത്തിൽ ഹണി റോസ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചത്. 'എക്സിക്യൂട്ടിവ് മെമ്പർ എന്ന നിലയിൽ ഞങ്ങൾക്ക് ജോലികൾ ഉണ്ടായിരുന്നു. വലിയ ചടങ്ങു നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും അതിനിടയിൽ ഇരിക്കാൻ സാധിച്ചെന്ന് വരില്ല. കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്‍നം', ഹണി റോസ് പറഞ്ഞു