തമിഴില്‍ വലിയൊരു ബ്രേക്ക് ലഭിച്ചിരിക്കുയാണ് ഇന്ദ്രജിത്ത് സുകുമാരന്. ഗൗതം വാസുദേവ മേനോനും പ്രശാന്ത് മുരുഗേശനും സംവിധാനം ചെയ്യുന്ന ‘ക്വീന്‍’ വെബ് സീരീസില്‍ തമിഴകത്തിന്റെ തലൈവര്‍ എംജിആറിന്റെ റോള്‍. ജയലളിതയുടെ ജീവചരിത്രം പറയുന്ന സീരീസില്‍ രമ്യാ കൃഷ്ണനാണ് ജയലളിത മുഖ്യമന്ത്രിയായ പ്രായത്തിലും അവസാന കാലത്തും കഥാപാത്രമാകുന്നത്. പതിനൊന് എപ്പിസോഡുകളിലായി ആദ്യ സീസണ്‍ എം എക്‌സ് പ്ലേയര്‍ പ്രേക്ഷകരിലെത്തിക്കും. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിലും സ്ട്രീമിംഗ് ഉണ്ടാകും.
മുപ്പത് എപ്പിസോഡുകളിലായി ജയലളിതയുടെ ജീവിതം ഗൗതം വാസുദേവ മേനോന്‍ സീരീസ് ആയി അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. സംവിധായകന്‍ എ എല്‍ വിജയ് തലൈവി എന്ന പേരില്‍ കങ്കണാ റണൗട്ടിനെ ജയലളിതയാക്കി ചിത്രമൊരുക്കുന്നുണ്ട്. അയണ്‍ ലേഡി എന്ന പേരില്‍ നിത്യാ മേനോന്‍ നായികയായ ജയലളിതാ ചിത്രവും വരുന്നുണ്ട്.
തമിഴിലും മലയാളത്തിലും ബാലതാരമായി തിളങ്ങിയ അനിഖാ സുരേന്ദ്രനാണ് ജയലളിതയുടെ കൗമാരം അവതരിപ്പിക്കുന്നത്. ആദ്യകാല സംവിധായകനായി ഗൗതം മേനോനും സ്‌ക്രീനിലെത്തുന്നു. യഥാര്‍ത്ഥ പേരുകളില്‍ അല്ല കഥാപാത്രങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എംജിആറിനോട് സാദൃശ്യമുള്ള കഥാപാത്രമായിരുന്നു. ജിഎംആര്‍ എന്നാണ് ഇന്ദ്രജിത്ത് കഥാപാത്രത്തിന് ക്വീനില്‍ പേര്.